
വിവാഹത്തെപ്പറ്റി പറഞ്ഞുപഴകിയ ഒരു വാചകമുണ്ട്, എന്നാല്‍ പഴകുംതോറും വീഞ്ഞുപോലെ മധുരിക്കുന്നത്: 'വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു'. വിവാഹം സ്വര്‍ഗത്തിലല്ല, വിവാഹം നടക്കുന്നത് എവിടെയോ അവിടമാണ് സ്വര്‍ഗം എന്നു പറയും പുതിയ തലമുറ. പ്രകൃതി അതിന്റെ ഭംഗി പൂര്‍ണതയിലെത്തിക്കുന്നിടത്ത്, മണ്ണും വിണ്ണും കാറ്റും കടലും സ്വച്ഛതയുടെ, സൗന്ദര്യത്തിന്റെ വര്‍ണങ്ങള്‍ നിറയ്ക്കുന്നിടത്താണ് ആ സ്വര്‍ഗം.
ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ ഇന്ന് സര്‍വ്വസാധാരണമായി മാറിക്കൊണ്ടിരിക്കുകയാണെങ്കിലും സെലിബ്രിറ്റി വിവാഹങ്ങളാണ് വിവാഹവേദികള്‍ കൊണ്ട് വാര്‍ത്തയിലിടം നേടാറുള്ളത്. അവസാനമായിപ്പോള്‍ നടി എമി ജാക്‌സന്റെ വിവാഹമാണ് ഇത്തരത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. നേരത്തെ ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് താരസുന്ദരി അനുഷ്‌ക ശര്‍മയും ഇറ്റലിയിലെ ടസ്‌കനിയില്‍വെച്ചു വിവാഹിതരായതാണ് ഇന്ത്യന്‍ മീഡിയ ഏറ്റവും ആഘോഷിച്ച ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകളിലൊന്ന്. ഇത്തരത്തില്‍ സെലിബ്രിറ്റി വിവാഹങ്ങള്‍ കൊണ്ട് ചര്‍ച്ചയായ ചില വെഡ്ഡിങ് ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെടാം.
എമി ജാക്‌സണ്‍- എഡ് വെസ്റ്റ്വിക് (അമാല്‍ഫി)
ഇറ്റലിയിലെ ലോകപ്രശസ്തമായ അമാല്‍ഫി തീരത്തെ കടലില്‍ വെച്ചാണ് എമിയും കാമുകനും ഹോളിവുഡ് നടനുമായ എഡ് വെസ്റ്റ്വിക്കും വിവാഹിതരായത്. സമീപകാലത്ത് നിരവധി സെലിബ്രിറ്റി വിവാഹം കൊണ്ട് പ്രശസ്തമായിരുന്നു അമാല്‍ഫി തീരം. ഇറ്റലിയിലെ ഏറ്റവും മനോഹരമായ തീരനഗരമാണിത്. ഇറ്റലിയിലെ ഏറ്റവും മനോഹരമായ ക്ലിഫ്‌സൈഡ് ഗ്രാമമായ പോസിറ്റാനോ പ്രസിദ്ധമായ അമാല്‍ഫി തീരത്താണ് സ്ഥിതി ചെയ്യുന്നത്. എമിയും എഡും നേരത്തെ തന്നെ പല തവണ അമാല്‍ഫിയിലെത്തിയിരുന്നു.
പ്രിയങ്ക ചോപ്ര- നിക്ക് ജോനസ് (ഉമൈദ് ഭവന്‍ പാലസ്)
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെയും, അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനസിന്റെയും വിവാഹം ഇന്ത്യന്‍-വിദേശ മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച ഒന്നായിരുന്നു. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹത്തിന്റെ പ്രധാന ചടങ്ങുകള്‍ നടന്നത്. ജോധ്പൂരെന്ന നീല നഗരത്തിനു നടുവില്‍ സ്ഥിതി ചെയ്യുന്ന ഉമൈദ് ഭവന്‍ കൊട്ടാരം ഇന്‍ഡോ-ആര്‍ട്ട് ഡെക്കോ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്. കൊട്ടാരത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പൂന്തോട്ടങ്ങളും രാജകീയ മുറ്റങ്ങളും ആകര്‍ഷണീയമായ ഇന്റീരിയറുകളും ഒരു രാജകീയ വിവാഹത്തിനുള്ള മികച്ച ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. 347 മുറികളുള്ള ഈ കൊട്ടാരം മുന്‍ ജോധ്പൂര്‍ രാജകുടുംബത്തിന്റെ പ്രധാന വസതിയായിരുന്നു. ഇപ്പോള്‍ താജ് ഹോട്ടല്‍സ് കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്.
ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിങ് (ലേക് കോമോ)
ബോളിവുഡ് ആഘോഷമാക്കിയ വിവാഹമായിരുന്നു ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിങ് ജോഡികളുടേത്. കൊങ്കണി-സിഖ് ആചാരങ്ങളോടെ ഇറ്റലിയിലെ ലേക് കോമോയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഹരിതമനോഹര മലകളാല്‍ ചുറ്റപ്പെട്ട വശ്യമായ ഒരു തടാകമാണ് 'സ്വര്‍ഗ്ഗത്തിന്റെ കണ്ണാടി' (mirror of the paradise) എന്നറിയപ്പെടുന്ന ലേക്ക് കോമോ. റോമന്‍ കാലഘട്ടം മുതല്‍ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും സമ്പന്നരുടെയും അവധിക്കാല വാസസ്ഥലവും സന്ദര്‍ശനകേന്ദ്രവുമായിരുന്നു. ബെല്ലാജിയോ, കോമോ, വരെന്ന, മെനാജിയോ, ട്രെമെസ്സോ, സെര്‍നോബിയോ, ബ്രിയാനോ, പലാന്‍സോ തുടങ്ങിയ തടാകതീരത്തെ ഗ്രാമങ്ങളും അതിസുന്ദരവും ലോകപ്രശസ്തവുമാണ്. ആല്‍പ്‌സ് പര്‍വ്വതനിരയുടെ താഴ്വാരത്തില്‍ സ്ഥിതിചെയ്യുന്ന ലേക്ക് കോമോയുടെ ഏറ്റവും വലിയ ആകര്‍ഷണം അവിടത്തെ പ്രകൃതി മനോഹാരിത തന്നെയാണ്. ശാന്തസുന്ദരമായ തീരങ്ങളും ചെറിയ ഗ്രാമങ്ങളും ഈ തടാകത്തെ ഒരു പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കുന്നു. സെലിബ്രിറ്റികള്‍ക്കും ഏറെയിഷ്ടം ഈ ശാന്തതയാണ്. പ്രകൃതിരമണീയമായ സ്ഥലങ്ങളും മനംമയക്കുന്ന തീരങ്ങളും ഉള്ള വടക്കന്‍ ഇറ്റലിയിലെ ഈ പ്രദേശം പല പ്രശസ്തരുടെയും ഇഷ്ട വാസസ്ഥലമാണ്. ജോര്‍ജ് ക്ലൂണി, ജൂലിയ റോബെര്‍ട്സ്, ഡേവിഡ് ബെക്കാം, കാതറിന്‍ സീറ്റ-ജോണ്‍സ്, മഡോണ, റിച്ചാര്‍ഡ് ബ്രാന്‍സണ്‍, സില്‍വസ്റ്റര്‍ സ്റ്റാലോണ്‍, ജിയാനി വെര്‍സേസ്, മാറ്റ് ബെല്ലാമി, റൊണാള്‍ഡീഞ്ഞോ തുടങ്ങിയവരുടെ വീടുകള്‍ ലേക്ക് കോമോയിലാണ്.
കിയാര അദ്വാനി- സിദ്ധാര്‍ഥ് മല്‍ഹോത്ര (സുര്യഗഢ് പാലസ്)
ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയുടെയും സിദ്ധാര്‍ഥ് മല്‍ഹോത്രയുടെയും വിവാഹവും രാജകീയമായിരുന്നു. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ഥാര്‍ മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന സുര്യഗഢ് പാലസായിരുന്നു ഇരുവരുടെയും വിവാഹത്തിന് വേദിയായത്. അന്തര്‍ദേശീയ തലത്തില്‍ പുതിയ ട്രെന്‍ഡിങ് ആയി വരുന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങില്‍ ടോപ് റാങ്കിങില്‍ വരുന്ന ഇന്ത്യന്‍ ഹോട്ടലാണ് സൂര്യഗഢ്. 83 ആഡംബര മുറികളും അത്യാഢംബര സ്യൂട്ടുകളുമാണ് ഇവിടെയുള്ളത്. രാജകീയ വിവാഹങ്ങള്‍ നടത്താന്‍ പറ്റുന്ന ആറ് വിവാഹ വേദികളും ഹോട്ടലിലുണ്ട്. ട്രാവല്‍ സൈറ്റുകളില്‍ പറയുന്നത് പ്രകാരം 200 അതിഥികളെ ഉള്‍പ്പെടുത്തി രണ്ട് രാത്രികളിലായി നടത്തുന്ന ഒരു കല്യാണ റിസപ്ഷന് ഒന്നേമുക്കാല്‍ കോടി രൂപയോളമാണ് (ടാക്സ് ഒഴികെ) ചിലവ് വരിക. എം.ആര്‍.എസ് ഗ്രൂപ്പിന്റെ ഉടമസ്ഥതിയിലായിരുന്ന ഹോട്ടല്‍ 2010 ലാണ് തുറന്നത്. ഒരു കുന്നിന്‍ മുകളില്‍ 65 ഏക്കറിലായി സ്ഥിതി ചെയ്യുന്ന ഹോട്ടലില്‍ നിന്ന് നോക്കിയാല്‍ ജയ്സാല്‍മീറിന്റെയും ഥാര്‍ മരുഭൂമിയുടെയും മനോഹരമായ ദൃശ്യങ്ങള്‍ കാണാനാവും. രാജകൊട്ടാരങ്ങളില്‍ കാണുന്നത് പോലുള്ള ആഡംബര ഫര്‍ണിച്ചറുകളും ഉദ്യാനങ്ങളുമെല്ലാം ഒരു രജപുത്ര കൊട്ടാരങ്ങളുടെ അനുഭവമാണ് സമ്മാനിക്കുക.
Content Highlights: the dreamiest celeb wedding locations
Published: 29 Aug 2024, 05:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented