ലോകത്തിലെ ഏറ്റവും വിസ്തൃതമായ ക്ഷേത്രമെന്നു വിശേഷിപ്പിക്കാറുള്ള അങ്കോര്‍വാട്ട് കാണാന്‍ പുറപ്പെട്ടത് ക്വലാലംപുരിലെ എയര്‍പോര്‍ട്ടില്‍നിന്നാണ്. രണ്ടുമണിക്കൂര്‍ വേണ്ടിവന്നില്ല, കംബോഡിയയുടെ തലസ്ഥാനമായ നോംപെനിലെത്താന്‍. പിറ്റേദിവസമാണ്, അങ്കോര്‍വാട്ട് ക്ഷേത്രവും തൊട്ടടുത്തുള്ള ഖെമര്‍ ദേവാലയങ്ങളും സ്ഥിതിചെയ്യുന്ന സിയെംറീപ്പിലേക്ക് തിരിച്ചത്. സിയെംറീപ്പെന്നാല്‍ 'സയാമിനെ തോല്‍പ്പിച്ച സ്ഥലം' എന്നാണര്‍ഥം. പതിനഞ്ചാം നൂറ്റാണ്ടിലായിരുന്നു കംബോഡിയന്‍ ജനതയ്ക്ക് അഭിമാനം പകര്‍ന്ന ആ യുദ്ധം നടന്നത്. നെല്‍പ്പാടങ്ങളും വാഴത്തോപ്പുകളും മാവിന്‍തോട്ടങ്ങളും കാര്‍ഷികഭവനങ്ങളും ഇടകലര്‍ന്ന ചെറുഗ്രാമങ്ങള്‍ പിന്നിട്ടായിരുന്നു, 389 കി.മീ. അകലെയുള്ള സിയെംറീപ്പിലേക്കുള്ള ഞങ്ങളുടെ കാര്‍ യാത്ര. ഡ്രൈവര്‍ ചീയായുടെ അടുത്തുള്ള സീറ്റിലിരുന്ന്, മോം വണക്ക് എന്ന ടൂര്‍ ഗൈഡ്, കംബോഡിയയുടെ ഗതകാലചരിത്രവും വര്‍ത്തമാനകാലവിശേഷങ്ങളും പറഞ്ഞു. സിംഹതുല്യനായ നരോത്തമനാണ് തങ്ങളുടെ പഴയ രാജകുമാരനും പിന്നീട് പ്രധാനമന്ത്രിയുമായിരുന്ന നരോത്തം സിഹാനൂക്ക് എന്നറിയിക്കാനും അയാള്‍ മറന്നില്ല. സിഹാനൂക്കിന്റെ മകനായ നരോദം സിംഹമോണി(സിംഹമുനി)യാണ് ഇപ്പോഴത്തെ രാജാവ്. 

To advertise here,

ക്രിസ്തുവര്‍ഷാരംഭം മുതല്‍ തെന്നിന്ത്യന്‍ സംസ്‌കാരവുമായും പശ്ചിമേന്ത്യന്‍ വിശ്വാസങ്ങളുമായും കംബോഡിയക്കുള്ള ആത്മബന്ധത്തെക്കുറിച്ചും അയാള്‍ പറഞ്ഞു. ഇന്ത്യയില്‍നിന്നുപോയ കച്ചവടക്കാരും അവരെ സഹായിക്കാന്‍ കൂടെയുണ്ടായിരുന്ന ബ്രാഹ്‌മണരും പോരാളികളുമാണ്, കംബോഡിയക്കാരെ രാഷ്ട്രവ്യവഹാരവും ഹിന്ദുമതവും പഠിപ്പിച്ചത്. ഇന്ത്യയില്‍നിന്നെത്തിയ രാജകുമാരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കംബോഡിയന്‍ യുവതികളെ വിവാഹംകഴിക്കുകയും അങ്ങനെയുണ്ടായ സങ്കരജനത പുതിയ സംസ്‌കാരത്തിന്റെ പ്രചാരകന്മാരായി മാറുകയുമായിരുന്നു. എട്ടുമുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടുവരെയുള്ള കാലമായിരുന്നു ഖെമര്‍ കലയുടെ സുവര്‍ണകാലം. അങ്കോര്‍വാട്ടുപോലെയുള്ള മഹാക്ഷേത്രങ്ങളും അങ്കോര്‍തോം പോലുള്ള രാജകീയനഗരങ്ങളും ഇക്കാലത്ത് രൂപംകൊണ്ടവയാണ്.

സുമാത്രയിലെ ശൈലേന്ദ്രരാജാക്കന്മാരുടെയും മലേഷ്യയിലെ ശ്രീവിജയസാമ്രാജ്യത്തിന്റെയും സൗഹൃദത്തണലില്‍ ഖെമര്‍ രാജാക്കന്മാര്‍ ഇന്ത്യന്‍ സങ്കല്പങ്ങള്‍ക്ക് ആഴത്തിലുള്ള വേരോട്ടമുണ്ടാക്കി. ശങ്കരാചാര്യരുടെ പ്രശിഷ്യനായ ഇന്ദ്രവര്‍മന്‍ (877-897) എന്ന രാജാവായിരുന്നു ഖെമര്‍ കലയുടെ ആദ്യകാല പ്രചാരകന്‍. അതിനുമുന്‍പ് രാജ്യം ഭരിച്ചിരുന്ന ജയവര്‍മന്‍ രണ്ടാമന്‍ (790-850) സനാതനധര്‍മത്തെ കംബോഡിയയിലെ ഔദ്യോഗികമതമായി അവതരിപ്പിച്ചു. ഖെമര്‍ രാജാക്കന്മാരില്‍ ഏറ്റവും വിഖ്യാതനായ ജയവര്‍മന്‍ ഏഴാമന് (പന്ത്രണ്ടാം നൂറ്റാണ്ട്) ബുദ്ധമതത്തോടായിരുന്നു കൂടുതല്‍ പ്രതിപത്തി.
1998 മുതല്‍ കംബോഡിയ ഭരിക്കുന്നത് ഹുണ്‍സെന്‍ എന്ന കരുത്തനായ പ്രധാനമന്ത്രിയും അദ്ദേഹം നേതൃത്വം നല്‍കുന്ന കംബോഡിയന്‍ പീപ്പിള്‍സ് പാര്‍ട്ടിയുമാണ്. പോള്‍പോട്ടിന്റെ പഴയ അനുയായി, പിന്നീട് അയാളോടു തെറ്റിപ്പിരിഞ്ഞ് പുതിയ രാഷ്ട്രീയപ്രസ്ഥാനം ആരംഭിക്കുകയും നേതാവായി ഉയരുകയുംചെയ്ത ചരിത്രമാണ് ഹുണ്‍സെന്നിന്റേത്. ജനങ്ങളില്‍ എണ്‍പതുശതമാനവും തേരവാദ ബുദ്ധമതക്കാരാണ്. മുസ്ലിങ്ങളാണ് പ്രധാന ന്യൂനപക്ഷം. അതുകഴിഞ്ഞാല്‍ ക്രിസ്ത്യാനികളും നിരീശ്വരരും. മാവോ സെ തുങ്ങിന്റെ സാംസ്‌കാരികവിപ്ലവത്തില്‍ പ്രചോദിതനായാണത്രേ 1976-79 കാലത്ത് പോള്‍പോട്ട്, വര്‍ഗശത്രുക്കളെന്നു മുദ്രകുത്തി, 30 ലക്ഷത്തോളം കംബോഡിയക്കാരെ വധിച്ചത്. 

placeholder
പോള്‍പോട്ട്

നഗരവാസികളോട് നാട്ടിന്‍പുറങ്ങളില്‍ പോയി കൃഷിപ്പണികളിലേര്‍പ്പെടാനായിരുന്നു ഖെമര്‍റൂഷ് ഭരണകൂടം തുടക്കത്തില്‍ നിര്‍ദേശിച്ചത്. അനുസരിക്കാത്തവരെ പട്ടാളക്കാര്‍ പിടികൂടി വധിച്ചു. എതിര്‍ത്തവരെ വര്‍ഗശത്രുക്കളായി മുദ്രകുത്തി. 22 തടവുപാളയങ്ങള്‍ അന്നു കംബോഡിയയിലുണ്ടായിരുന്നു. നോംപെനില്‍നിന്ന് 314 കി.മീ. പിന്നിട്ട് ഞങ്ങള്‍ സ്‌പൈഡര്‍ സിറ്റിയിലെത്തി. എട്ടുകാലികളെയും മറ്റും പാമോയിലില്‍ പൊരിച്ചുവില്‍ക്കുന്ന സ്ഥലമായതുകൊണ്ട് ഈ ഇടത്താവളത്തിന് വിദേശികള്‍ നല്‍കിയ പേരാണ് സ്‌പൈഡര്‍ സിറ്റി. എട്ടുകാലികള്‍ക്കുപുറമേ, തവളകള്‍, പാറ്റകള്‍, വിട്ടിലുകള്‍ എന്നിവയെല്ലാം പെട്ടിക്കടകളില്‍ പൊരിച്ചുവെച്ചിട്ടുണ്ട്. പുഴമത്സ്യങ്ങള്‍ തേങ്ങാപ്പാലില്‍ വേവിച്ച് തയ്യാറാക്കുന്ന കറിയും നെല്ലരിച്ചോറുമാണ് കംബോഡിയക്കാരുടെ പ്രധാന ഭക്ഷണം. ഒരു കംബോഡിയന്‍ ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോകാമോ എന്നു ചോദിച്ചപ്പോള്‍ മോം വണക്ക് സമ്മതം മൂളി. വഴിയോരത്തെ മിക്ക വീടുകളും മരത്തൂണുകളിലോ കോണ്‍ക്രീറ്റ് തൂണുകളിലോ ഉയര്‍ത്തി പണിതതായിരുന്നു. മേയ് മുതല്‍ ഒക്ടോബര്‍ വരെ ഇവിടെ മഴക്കാലമാണ്. വെള്ളപ്പൊക്കത്തില്‍നിന്നുള്ള സുരക്ഷയ്ക്കാണ് ഈ നിര്‍മാണരീതി പിന്തുടരുന്നത്.

വേലിയില്‍ മഞ്ഞ കോളാമ്പിപ്പൂക്കള്‍ നിറഞ്ഞ ഒരു ഭവനത്തിലാണ് ഞങ്ങളെത്തിയത്. പ്രേഹ്ഭും (Pr-e-a-hp-hum) എന്ന പരേതസ്ഥാനം എല്ലാ വീടുകളിലുമെന്നപോലെ ഇവിടെയും കണ്ടു. പഴവര്‍ഗങ്ങള്‍ വെച്ച നിവേദ്യത്തട്ടവും പ്രേതാത്മാക്കള്‍ക്കുള്ള ഈ കുര്യാലകളില്‍ കണ്ടു. ഭാര്യമാരോടൊപ്പം കഴിഞ്ഞുകൂടുന്ന മൂന്ന് ആണ്‍മക്കളാണ് ആ കൂട്ടുകുടുംബത്തിലെ താമസക്കാര്‍. ഇറുകിയ കണ്ണുകളും മംഗോളിയന്‍ മഞ്ഞനിറവുമുള്ള, വീട്ടമ്മ പേരക്കുട്ടിക്ക് മീന്‍കറിയില്‍ മുക്കിയ ചോറുരുള കൊടുക്കു കയായിരുന്നു. മോംവണക്ക് ഞങ്ങളെ അവര്‍ക്കു പരിചയപ്പെടുത്തി. പിന്നീട് മോംവണക്ക്, അവരുടെ കദനകഥ പറഞ്ഞു. ഖെമര്‍റൂഷ് ഭരണകാലത്ത് തടവുകാരനാക്കപ്പെട്ട ഭര്‍ത്താവിനെ പിന്നീടൊരിക്കലും അവര്‍ക്ക് കിട്ടില്ല. ഗറില്ലകളുടെ ബലാത്കാരങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ അവര്‍ മാറിടം ശസ്ത്രക്രിയ ചെയ്തു ചെറുതാക്കി! ആണുങ്ങളുടെ വേഷം ധരിച്ചു. കില്ലിങ് ഫീല്‍ഡുകളില്‍ പില്‍ക്കാലത്ത് സ്ഥാപിക്കപ്പെട്ട മ്യൂസിയത്തിലെ തലയോട്ടികളില്‍ ഭര്‍ത്താവിന്റെതുമുണ്ടാകുമെന്ന് അവര്‍ക്കുറപ്പായിരുന്നു. വീടിന്റെ പിന്നാമ്പുറെത്ത വാഴത്തോപ്പില്‍ വീട്ടമ്മയുടെ പുത്രഭാര്യമാരിലൊരാള്‍ ദുരിയാന്‍ തൈകള്‍ നടാനായി കുഴികളെടുക്കുകയാണ്. നരകത്തിന്റെ ദുര്‍ഗന്ധവും സ്വര്‍ഗത്തിന്റെ രുചിയുമുള്ള ദുരിയാന്‍ പഴങ്ങള്‍ക്ക് ചൈനയില്‍ ഡിമാന്‍ഡാണെന്നതുകൊണ്ട് കയറ്റുമതിക്കായി വൃക്ഷത്തൈ നടുന്ന തിരക്കിലാണ് കംബോഡിയക്കാര്‍. 

placeholder
Photo: AFP

ഗ്രാമീണരുടെ പരസ്പരമുള്ള അഭിവാദ്യങ്ങള്‍ കൗതുകം പകരുന്ന ഒരു കലാപ്രകടനമായിരുന്നു. സമപ്രായക്കാരെയും അതിഥികളെയും അച്ഛനമ്മമാരെയും അഭിവാദ്യംചെയ്യുന്നത് പ്രത്യേകം കൈകൂപ്പല്‍രീതികളിലാണ്. എഴുന്നേറ്റാലുടനേ ചെയ്യേണ്ട ഭാര്യാവന്ദനമാണ് ഏറ്റവും കൗതുകകരം. ശിരസ്സിനുമുകളില്‍ കൈപ്പത്തികള്‍ ചേര്‍ത്തുപിടിച്ച് ബഹുമാനത്തോടെ വേണം ഭാര്യയെ ഭര്‍ത്താവ് വണങ്ങേണ്ടത്. സിയെംറീപ്പ് പ്രവിശ്യയിലേയ്ക്ക് കടന്നപ്പോള്‍, പഴയൊരു പാലം കാണിച്ചുതരാന്‍ ഗൈഡ് കാര്‍ വഴിതിരിച്ചുവിട്ടു. 11-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പാലത്തിന്റെ രണ്ടു കൈവരികളും, ഏഴുഫണങ്ങളുള്ള നീണ്ടുകിടക്കുന്ന രണ്ടു സര്‍പ്പങ്ങളെ ഓര്‍മിപ്പിച്ചു. കംബോഡിയയിലെ എല്ലാ പാലങ്ങളും ഓരോ നാഗാ ബിഡ്ജാണെന്നുപറയുന്നത് എത്ര ശരി! ഒരു സ്വപ്‌നത്തെത്തുടര്‍ന്ന് ഇന്ത്യയില്‍നിന്നു കംബോഡിയയിലെത്തിയ ബ്രാഹ്‌മണന്‍ ഭരണാധികാരിയായ നാഗദേവന്റെ മകളെ വിവാഹംകഴിച്ചുവെന്നും അതില്‍ ജനിച്ചവര്‍ കംബോഡിയയില്‍ ഇന്ത്യന്‍ സംസ്‌കാരം പ്രചരിപ്പിച്ചുവെന്നുമാണ് പുരാവൃത്തം. മൂന്നുമണിയോടെ സിയെംറീപ്പിലെത്തി. നദിയോരങ്ങളിലെ വഞ്ചിവീടുകള്‍ കാണാനാണ് ആദ്യം പോയത്. ടോണ്‍ലെസാപ്പ് കായലിലാണ് ഈ വീടുകള്‍. പോലീസ് സ്റ്റേഷനും പ്രൈമറി സ്‌കൂളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. സ്‌കൂള്‍ വിടുമ്പോള്‍ കുട്ടികളെ കൂട്ടിക്കൊണ്ടുവരാന്‍ നാടന്‍ വഞ്ചികള്‍ തുഴഞ്ഞ് അച്ഛനമ്മമാരെത്തുന്ന കാഴ്ച രസകരമായിരുന്നു. അതിരാവിലേ അങ്കോര്‍വാട്ടിലേക്ക് പുറപ്പെട്ടു. 37 ഡോളറാണ് ഒരു സീനിയര്‍ സിറ്റിസണില്‍നിന്ന് ഈടാക്കിയിരുന്ന ഫീസ്. അതേ ടിക്കറ്റുപയോഗിച്ച് രണ്ടുപ്രാവശ്യംകൂടി ഇവിടം കാണാം.

ബയാന്‍

ജയവര്‍മന്‍ ഏഴാമന്‍ നിര്‍മിച്ച ക്ഷേത്രത്തിലേക്കാണ് ആദ്യം പോയത്. മഹായാനബുദ്ധമതക്കാരനായ രാജാവ് സ്ഥാപിച്ച ലോകേശ്വരക്ഷേത്രമാണ് ദേവാലയങ്ങളില്‍ പ്രധാനം. ലോകേശ്വരനും അവലോകിതേശ്വരനും ഒന്നാണ്. ഹിന്ദുക്കളുടെ ശിവനാണ്, ബൗദ്ധരുടെ അവലോകിതേശ്വരന്‍. പതിനാറു മകുടങ്ങളോടുകൂടിയതാണ് പ്രധാനക്ഷേത്രം. ഓരോ മകുടത്തിന്റെയും നാലുവശങ്ങളില്‍ ലോകേശ്വരന്റെ ബൃഹത് ശിരസ്സുകള്‍ കൊത്തിവെച്ചിട്ടുണ്ട്. എല്ലാംകൂടി 64 ശിരസ്സുകള്‍. നാല്‍പ്പതില്‍ കുറയാത്ത സമചതുരമണല്‍ക്കല്ലുകളില്‍ ശില്പഭാഗങ്ങള്‍ നിര്‍മിച്ചശേഷം അവ യോജിപ്പിച്ചാണ് ഓരോ ശിരസ്സും നിര്‍മിച്ചിരുന്നത്. ധ്യാനനിരതമായ കണ്ണുകളും യോഗിയുടെ നിസ്സംഗമായ ചുണ്ടുകളുമായിരുന്നു ഓരോന്നിനും. ജയവര്‍മന്‍ ഏഴാമന്റെ പ്രതിച്ഛായയിലാണ് ലോകേശ്വരന്റെ ശിരസ്സോരോന്നും നിര്‍മിച്ചിരുന്നത്. പിന്‍ഗാമി സൂര്യവര്‍മന്‍ രണ്ടാമന്‍ ശിവഭക്തനായിരുന്നു. പിന്നീട് ഭരണം നടത്തിയ ഉദയാദിത്യവര്‍മന്‍ രണ്ടാമന്‍ അനന്തശയനവിഷ്ണുവിനെയാണ് പൂജിച്ചിരുന്നത്. ക്ഷേത്രത്തിന്റെ പുറംപ്രാകാരങ്ങളിലെ ഭിത്തികള്‍, ഉദ്യശില്പങ്ങളാല്‍ അലംകൃതങ്ങളായിരുന്നു. ചരിത്രമുഹൂര്‍ത്തങ്ങളും ദൈനംദിനജീവിതസന്ദര്‍ഭങ്ങളും ആകര്‍ഷകമായി ചിത്രീകരിച്ചിരുന്നു. അങ്ങാടിയുടെയും പൊതുസ്ഥലങ്ങളുടെയും രാജകൊട്ടാരത്തിന്റെയും പ്രഭുഭവനങ്ങളുടെയും ചിത്രീകരണങ്ങളും ഇക്കൂട്ടത്തിലുണ്ട്. കാതുനീട്ടിയ സ്ത്രീകളും പിന്‍കുടുമക്കാരായ പുരുഷന്മാരും ശില്പങ്ങളില്‍ കാണാം. മാറുമറയ്ക്കാത്തവരായിരുന്നു സ്ത്രീകള്‍. പുഷ്പകിരീടമണിഞ്ഞവരായിരുന്നു നര്‍ത്തകിമാര്‍.    
  
ഭുജത്തിനു താഴെ കൈകള്‍ നഷ്ടപ്പെട്ട വിധത്തിലാണ് നോംപെന്‍ പാര്‍ക്കിലെ ജയവര്‍മന്‍ ഏഴാമന്റെ പ്രതിമയുള്ളത്. ജയവര്‍മന്റെ കണ്ടുകിട്ടിയ പ്രതിമകളില്‍ പലതിനും ഭുജങ്ങളില്ലായിരുന്നെന്നും എന്നാല്‍, കൈകള്‍ ഛേദിക്കപ്പെട്ട രാജാവായിരുന്നില്ല അദ്ദേഹമെന്നും ആര്‍ക്കിയോളജിസ്റ്റുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈവിധ്യമുള്ള മനുഷ്യരുടെ സ്വഭാവങ്ങള്‍ ചിത്രീകരിക്കാനുള്ള അന്നത്തെ കലാകാരന്മാരുടെ പ്രാവീണ്യത്തെക്കുറിച്ചോര്‍ത്തുകൊണ്ടാണ് ബയാനില്‍നിന്ന് അങ്കോര്‍തോമിലേക്ക് പോയത്.

placeholder

അങ്കോര്‍തോം

പന്ത്രണ്ടാം നൂറ്റാണ്ടില്‍, സൂര്യവര്‍മന്‍ രണ്ടാമനായിരുന്നു ക്ഷേത്രവും കൊട്ടാരവും ചേര്‍ന്ന അങ്കോര്‍തോം പൂര്‍ത്തിയാക്കിയത്. ജയവര്‍മന്‍ ഏഴാമന്റെ കാലത്തായിരുന്നു പ്രധാന നിര്‍മിതികള്‍. ഉദയവര്‍മന്‍ രണ്ടാമന്‍ എന്ന രാജാവ് ഇവിടെ നേരത്തേ നിര്‍മാണമാരംഭിച്ചിരുന്നു. 4,13,000 ചതുരശ്ര അടിയാണ് മന്ദിരസമുച്ചയത്തിന്റെ വിസ്തീര്‍ണമെന്ന് ജയിംസ് ഫെര്‍ഗൂസണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 600 അടിയാണ് ഏറ്റവും ഉയരമുള്ള ഗോപുരത്തിന്. ശിവനുവേണ്ടി നിര്‍മിച്ചതാണ് പ്രധാനക്ഷേത്രം. വൈഷ്ണവക്ഷേത്രങ്ങളും ഒപ്പമുണ്ടായിരുന്നു. എലിഫെന്റ് ടെറസ് എന്ന് ഇന്നറിയപ്പെടുന്ന, പതിനഞ്ചടിയോളം ഉയരമുള്ള വിസ്തൃത പ്ലാറ്റ്‌ഫോമില്‍ എഴുന്നള്ളിയായിരുന്നു രാജാക്കന്മാര്‍ പ്രജകള്‍ക്കു ദര്‍ശനംകൊടുത്തിരുന്നത്. ഈ ഭാഗത്തെ നിരനിരയായുള്ള ഗജശില്പങ്ങളാണ് എലിഫെന്റ് ടെറസ് എന്ന പേരിന് കാരണം. വിയറ്റ്‌കോങ് ഒളിപ്പോരാളികളെ തുരത്താന്‍ അമേരിക്ക 1969-ല്‍ നടത്തിയ ഷെല്ലിങ്ങില്‍ അങ്കോര്‍തോമിന്റെ പലഭാഗങ്ങളും തകര്‍ന്നു. 1980-91 കാലത്തെ ആഭ്യന്തരകലാപവും ഇതിന് കേടുപാടുകള്‍ വരുത്തി.    

താ-പ്രോഹ്

വന്‍വൃക്ഷങ്ങളുടെ നടുവിലാണ് താ-പ്രോഹ് ക്ഷേത്രങ്ങള്‍. ആല്‍മരങ്ങളുടെ ഭീമന്‍ താങ്ങുവേരുകളുടെ ധൃതരാഷ്ട്രാലിംഗനത്തിലായിരുന്നു മിക്ക ക്ഷേത്രങ്ങളും. ഹാരി പോട്ടറുടെ മാന്ത്രികലോകത്തിന്റെ ചിത്രീകരണങ്ങള്‍ക്കായി ഹോളിവുഡ് നിര്‍മാതാക്കള്‍ പലപ്പോഴും ആശ്രയിച്ചിരുന്നത് ഈ ക്ഷേത്രസമുച്ചയത്തെയായിരുന്നു. ശിവനെ, ലിംഗരൂപത്തിലും അവലോകിതേശ്വര വിഗ്രഹസങ്കല്പത്തിലും പൂജിച്ചിരുന്ന ക്ഷേത്രങ്ങള്‍ ഇവിടെ വേറെയുമുണ്ടായിരുന്നു. താ-പ്രോഹ് ക്ഷേത്രങ്ങളില്‍ പലതും പുനര്‍നിര്‍മിച്ചത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ്. കംബോഡിയയിലെ ആഭ്യന്തരകലാപങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തടസ്സമായി. ഭീമന്‍ താങ്ങുവേരുകളെ നിര്‍ജീവമാക്കിയശേഷം അവ നിലനിര്‍ത്തുകയെന്ന ഒരു രീതിയാണ് ഇന്ത്യന്‍ ആര്‍ക്കിയോളജിസ്റ്റുകള്‍ പരീക്ഷിച്ചത്. എന്നാല്‍, ആത്മാര്‍ഥതയില്ലാത്ത ഒരുവക കാട്ടിക്കൂട്ടലാണ് ഇന്ത്യന്‍ ആര്‍ക്കിയോളജിസ്റ്റുകള്‍ ഇവിടെ കാണിച്ചതെന്ന് അസത്യം പറയുന്ന ഗൈഡുകളെ കണ്ടു. ചൈനയുടെ പ്രചാരവേലയാണ് ഇതെല്ലാമെന്ന് വിശദീകരിച്ച മോംവണക്ക് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ കൃതജ്ഞതാപൂര്‍വം അംഗീകരിക്കുന്ന യുനെസ്‌കോയുടെ ബോര്‍ഡ് കാണിച്ചുതന്നു. ജെ.എച്ച്. ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പുരാവസ്തുവിദഗ്ധര്‍ പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.

സ്‌കോ (S-C-O) എന്ന താളവാദ്യവും ത്രോ (throw) എന്ന തന്ത്രീവാദ്യവും വായിക്കുന്ന ഏതാനും പേരെ ക്ഷേത്രത്തിലേക്കുള്ള പ്രവേശനഭാഗത്തും പുറത്തേക്കുള്ള വഴിയോരത്തും കണ്ടു. ആഭ്യന്തരകലാപകാലത്ത് നെല്‍വയലുകളിലും റോഡിലും മറ്റും ഗറില്ലകള്‍ കുഴിച്ചിട്ടിരുന്ന മൈനുകള്‍ പൊട്ടി കൈകാലുകള്‍ നഷ്ടപ്പെട്ടവരായിരുന്നു ഈ സംഗീതോപാസകര്‍. 

അങ്കോര്‍വാട്ട്

ഇരുനൂറോളം ഹെക്ടറില്‍ വ്യാപിച്ചുകിടക്കുകയാണ് അങ്കോര്‍വാട്ട്. ക്ഷേത്രത്തിന്റെ ദൃശ്യം മുന്നിലുള്ള തടാകത്തില്‍ തലകീഴായി പ്രതിഫലിച്ചിരുന്നു. വിഷ്ണുപദമായാണ് അങ്കോര്‍വാട്ടിനെ പുരാതന ഖെമര്‍ വിഭാവനംചെയ്തിരുന്നത്. ഘനീഭവിച്ച കുറേ പന്തങ്ങളെയാണ് ക്ഷേത്രഗോപുരങ്ങള്‍ അകലക്കാഴ്ചയില്‍ ഓര്‍മിപ്പിച്ചത്. പടിക്കെട്ടുകള്‍ കയറി ഒന്നാംപ്രാകാരത്തിലെത്തിയപ്പോള്‍ അഷ്ടഭുജനായ മഹാവിഷ്ണുവിന്റെ 12 അടിയോളം ഉയരമുള്ള പ്രതിമ കണ്ടു.    
ദക്ഷിണപൂര്‍വേഷ്യന്‍ വേഷങ്ങള്‍ ധരിച്ച അര്‍ധമംഗോളിയന്‍ ഛായകളുള്ള മനുഷ്യരെയും ദൈവങ്ങളെയുമാണ് അങ്കോര്‍ ശില്പങ്ങളില്‍ കണ്ടത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇന്ദ്രവര്‍മന്റെ കാലംമുതല്‍ ആരംഭിച്ചിരുന്നു. സൂര്യവര്‍മന്‍ രണ്ടാമന്‍ ക്ഷേത്രം ഇന്നത്തെ നിലയില്‍ വിപുലമാക്കി. വിശാലമായ രണ്ടു പ്രാകാരങ്ങള്‍കൂടി കടന്നുവേണം ഏറ്റവുമുയരമുള്ള മുഖ്യ ശ്രീകോവിലിലെത്താന്‍.  
  
നൂറുകണക്കിന് ശിരസ്സറ്റ ബുദ്ധപ്രതിമകള്‍ ഇടനാഴികകളില്‍ കാണാം. ബുദ്ധക്ഷേത്രമായി അങ്കോര്‍വാട്ട് മാറിയത് പതിനഞ്ചാം നൂറ്റാണ്ടിലാണ്. പുറംപ്രാകാരത്തിലെ രാമായണ-മഹാഭാരത ചിത്രീകരണങ്ങള്‍ ആസ്വദിച്ചുകാണാന്‍ ഒരുദിവസം പൂര്‍ണമായി വേണം. വിഗ്രഹശാസ്ത്രശാഠ്യങ്ങളില്ലാത്ത പ്രതിമകളായിരുന്നു ഇവിടെ. പോത്തിന്റെ പുറത്തിരിക്കുന്ന യമധര്‍മന്റെ പതിനാറു കൈകള്‍ കണ്ടപ്പോള്‍, ബൃഹദാകാരംപൂണ്ട ഒരു വിചിത്രശലഭത്തെയാണ് ഓര്‍മവന്നത്. പുതിയ ലോകത്തിന്റെ സപ്താശ്ചര്യങ്ങളിലൊന്നായി അങ്കോര്‍വാട്ടിനെ കലാചരിത്രകാരന്മാര്‍ വാഴ്ത്തുന്നതു വെറുതേയല്ല. അഹിംസയെ പരമധര്‍മമായി കാണുന്ന ബുദ്ധമതത്തിന്റെ അനുയായികള്‍ക്ക് എന്തുകൊണ്ടിങ്ങനെ കാപാലികന്മാരാകാന്‍ സാധിച്ചു, സിയംറീപ്പിലേക്കു മടങ്ങുമ്പോള്‍ മോംവണക്ക് സങ്കടത്തോടെ ചോദിച്ചു. 30 ലക്ഷം നിരപരാധികളെ കൊന്ന ഖെമര്‍റൂഷ് കലാപകാലത്തെ ഓര്‍ത്തായിരുന്നു ഈ സങ്കടച്ചോദ്യം.

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്‌)