കൊച്ചിയിൽ നിന്ന് റിയാദിലേക്ക് പുതുതായി സർവീസ് ആരംഭിച്ച സൗദി അറേബ്യയുടെ ബജറ്റ് എയർലൈൻ ഫ്ളൈനാസിന്റെ എയർബസ് എ320 വിമാനത്തിന് നൽകിയ 'ജല പീരങ്കി അഭിവാദ്യത്തിന്റെ' പടങ്ങളും വിഡിയോകളും മിക്ക മാധ്യമങ്ങളിലും ഉണ്ട്.

To advertise here,

ഒരു വിമാനത്താവളത്തിൽ നിന്ന് പുതുതായി സർവീസ് ആരംഭിക്കുന്ന വിമാനത്തിനു മാത്രമല്ല, പുതുതായി പണിത വിമാനത്താവളത്തിലേക്ക് ആദ്യമെത്തുന്ന വിമാനത്തിനും, ഒരു വിമാനത്താവളത്തിലേക്ക് ആദ്യമായി എത്തുന്ന പുതിയ ഇനം വിമാനത്തിനും, വർഷങ്ങളുടെ പറക്കലിനു ശേഷം, അവസാന പറക്കിലിനായി ടേക്കോഫു ചെയ്യാൻ പോകുന്ന, പ്രായമായ വിമാനത്തിനും, ആ റൂട്ടിൽ അവസാനത്തെ പറക്കൽ നടത്തുന്ന ഫ്ളൈറ്റിനും, വിരമിക്കാൻ പോകുന്ന പൈലറ്റ് അവസാനമായി പറത്തുന്ന വിമാനത്തിനും, എല്ലാം, വിമാനത്താവളത്തിലെ അഗ്‌നിശമന വാഹനങ്ങളായ ക്രാഷ് ഫയർ ടെൻഡറുകളിൽ നിന്ന് വെള്ളം ചീറ്റിച്ച് വരവേൽപ്പ്/യാത്രയയപ്പ് നൽകുന്നത് ലോകത്തെങ്ങുമെന്ന പോലെ ഇന്ത്യൻ വിമാനത്താവളങ്ങളിലും ഒഴിവാക്കാനാവാത്ത ചടങ്ങായിട്ടുണ്ട്.

ടേക്കോഫു ചെയ്യാൻ പോകുന്ന വിമാനമാണെങ്കിൽ, ടെർമിനലിൽ നിന്ന് റൺവേയിലേക്ക് നീങ്ങുന്ന ടാക്സിവേയുടെ ഇരുവശത്തും കാത്തു നിൽക്കുന്ന അഗ്‌നിശമന വാഹനങ്ങൾ ഒരേ സമയം കമാനത്തിന്റെ ആകൃതിയിൽ വെള്ളം ചീറ്റിക്കുകയാണ് പതിവ്. വന്നിറങ്ങുന്ന വിമാനമാണെങ്കിൽ, റൺവേയിലൂടെ ഓടി നിന്ന് ടെർമിനലിലേക്ക് വരുമ്പോഴാണ് വെള്ളം ചീറ്റിച്ച് വരവേൽക്കുക.

പുതുതായി പണിതിറക്കുന്ന കപ്പലുകളുടെ ആദ്യ യാത്രയ്ക്കു മുന്നോടിയായി തുറമുഖങ്ങളിലെ ഫയർബോട്ടുകൾ എന്ന അഗ്‌നിശമന ബോട്ടുകൾ വെള്ളം ചീറ്റിക്കുന്ന നാവിക ആചാരത്തിൽ നിന്ന് പകർത്തിക്കിട്ടിയ വാട്ടർ കാനൻ സല്യൂട്ട് വിമാനത്താവളങ്ങളിൽ ആരംഭിച്ചിട്ട് മൂന്നു ദശാബ്ദമേ ആയിട്ടുണ്ടാവുകുള്ളു.

പരമാവധി പത്തു സെക്കൻഡിൽ തീരുമെങ്കിലും, കൃത്യമായ ആസൂത്രണത്തിനും കണക്കൂകൂട്ടലിനും ശേഷമാണ് ഓരോ ജലപീരങ്കി പ്രയോഗവും നടത്തുക. ഇരുവശത്തു നിന്നും മുകളിലേക്കു ചരിച്ച് ചീറ്റിക്കുന്ന വെള്ളം വിമാനത്തിന്റെ പൊക്കത്തിലും മേലേ എത്തി അവിടെ നിന്ന് ഒരേ പോലെ താഴേക്കു പതിക്കുമ്പോഴാണല്ലോ, വെള്ളത്തിന്റെ കമാനം രൂപം കൊള്ളുന്നതും അതിനടിയിൽ കൂടി വിമാനത്തിന് മുന്നോട്ട് പതിയെ നീങ്ങാൻ കഴിയുന്നതും. വിമാനത്തിന്റെ പൊക്കം, വിമാനം നീങ്ങുന്ന വേഗം, വിമാനത്തിന്റെ ചിറക് ടാക്സിവേയുടെ ഇരുവശത്തേക്കു എത്ര അടി നീളത്തിൽ തള്ളി നിൽക്കുന്നു- ഇതെല്ലാം പരിഗണിച്ചാണ്, ക്രാഷ് ഫയർ ടെൻഡറുകളുടെ മുകളിലെ എലിവേറ്റഡ് വാട്ടർ കാനൻ എത്ര ഉയർത്തണമെന്നും എത്ര സമയം തുറന്നുവയ്ക്കണമെന്നും, ഫയർ വണ്ടികൾ ടാക്സിവേയുടെ അരികിൽ നിന്ന് എത്ര അകലെ മാറി നിൽക്കേണ്ടതെന്നും തീരുമാനിക്കുക.

കണക്കു കൂട്ടലുകൾ പാളിപ്പോയിതിനാൽ, ജലാഭിവാദ്യം കുഴപ്പത്തിൽ കലാശിച്ച സംഭവങ്ങൾ വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഉണ്ടായിട്ടുമുണ്ട്. അതിൽ, ഒരു വിമാനത്താവളാധികൃതർക്കും മറക്കാനാവാത്തതാണ്, 2018 സെപ്റ്റംബർ 20ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ സൗദിയയുടെ എയർബസ് എ320 വിമാനത്തിനു നൽകിയ ജലപീരങ്കി വരവേൽപ്പ്. വെള്ളം ചീറ്റിത്തുടങ്ങി നിമിഷത്തിനകം, ഒരു വശത്തെ ക്രാഷ് ഫയർ ടെൻഡറിന്റെ മുകളിലെ, വെള്ളം ചീറ്റുന്ന പൈപ്പ് കൂടുതൽ ഉയർന്നു, പിന്നെ അതേ പോലെ താഴ്ന്നു- വിമാനത്തിനു മീതേ ചീറ്റേണ്ട വെള്ളം വിമാനത്തിന്റെ വലത്തേ ചിറകു വിമാനവുമായി ചേരുന്ന ഭാഗത്തിനടുത്തെ എമർജൻസി എക്സിറ്റിനു മേൽ വന്നടിച്ചു- വാതിൽ തുറന്നു, എമർജൻസി സ്ലൈഡ് അഴിഞ്ഞു വീണു, ഒരു യാത്രക്കാരന് പരുക്കേൽക്കുകയും ചെയ്തു.

അഗ്‌നിശമന വണ്ടിയിലെ, നീളം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന വെള്ളം ചീറ്റിക്കൽ പൈപ്പിന്റെ തകരാറാണ് അപകടമുണ്ടാക്കിയതെന്ന് കണ്ടെത്തി. മറ്റൊരു വിചിത്രമായ കാര്യം കൂടി വ്യക്തമായിരുന്നു- വിമാനത്തിന് ഇങ്ങനെ വെള്ളംകൊണ്ട് വരവേൽപ്പു നൽകുന്ന കാര്യം പൈലറ്റിനെ അറിയിച്ചിരുന്നതേയില്ല. സർപ്രൈസ് ആയിക്കോട്ടെന്നു കരുതിയിരുന്നോ എന്നു വ്യക്തമല്ല!

അമേരിക്കയിലെ താമ്പ രാജ്യാന്തര വിമാനത്താവളത്തിൽ 2014 മെയ് 29ന് വന്നിറങ്ങിയ ജപ്പാൻ എയർലൈൻസ് ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്, ജലാഭിവാദ്യം പാരയായത് മറ്റൊരു തരത്തിലാണ്. ടാക്സിവേയോടു ചേർന്നു നിന്ന് വെള്ളം ചീറ്റിക്കുകയായിരുന്ന അഗ്‌നിശമന വണ്ടിയിൽ, വിമാനത്തിന്റെ വലത്തേ ചിറകിന്റെ അറ്റം വന്നിടിച്ചു. ചിറകിന്റെ അറ്റം പൊളിഞ്ഞ്, യാത്ര മുടങ്ങിയതൊഴിച്ചാൽ മറ്റ് അത്യാഹിതങ്ങളൊന്നും ഭാഗ്യത്തിന് ഉണ്ടായില്ല. എന്തായാലും വാട്ടർ കാനൻ സല്യൂട്ട് അനിശ്ചിത കാലത്തേക്ക് തടയാൻ താമ്പ വിമാനത്താവളാധികൃതർ അതോടെ തീരുമാനമെടുത്തു.

2015 മാർച്ച് 30ന് മാഞ്ചസ്റ്ററിൽ നിന്ന് അറ്റ്ലാന്റയിലേക്കുള്ള, വിർജിൻ അറ്റ്ലാന്റിക്കിന്റെ ആദ്യ വിമാനത്തിനു അഭിവാദ്യം നൽകാൻ വെള്ളത്തിനു പകരം പത ചീറ്റിച്ചതാണ് മറ്റൊരു സംഭവം. തീയണയ്ക്കാൻ ക്രാഷ് ഫയർ ടെൻഡറുകളിൽ സ്ഥിരം സ്റ്റോക്കുള്ള പതയും വെള്ളവും തമ്മിൽ മാറിപ്പോയതാവും സംഭവം. എന്തായാലും പത ഉള്ളിൽക്കടന്ന് വിമാനത്തിന്റെ എഞ്ചിൻ കേടായി. ഉദ്ഘാടന യാത്ര മുടങ്ങുകയും ചെയ്തു.

ഇക്വഡോറിലെ ഗായക്വിൽ വിമാനത്താവളത്തിൽ നിന്നുള്ള കന്നിയാത്രയ്ക്ക് നീങ്ങിത്തുടങ്ങിയ ഐബീരിയ എയർലൈനിന്റെ എയർബസ് എ350 വിമാനം, വെള്ളം ചീറ്റിച്ചു നിന്ന അഗ്‌നിശമന വണ്ടിയിൽ ചിറക് ഇടിച്ച് കേടായത് ഇക്കഴിഞ്ഞ ജൂൺ മാസം അഞ്ചിനായിരുന്നു.

ഇന്ത്യയിൽ ഇതേവരെ ഇത്തരം അപകടമൊന്നും റിപ്പോർട്ടു ചെയ്യപ്പെട്ടില്ലെങ്കിലും, എല്ലാ തയ്യാറെടുപ്പും നടത്തിയ ശേഷം, ജലപീരങ്കി വരവേൽപ്പു വേണ്ടെന്നു വച്ച രണ്ടു സംഭവങ്ങളുണ്ടായിട്ടുണ്ട്- രണ്ടും ഇക്കൊല്ലം മെയ് മാസത്തിൽ.

മെയ് 15ന് ലുധിയാനയിലെ ഹൽവാര വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിനു കൊടുക്കാനിരുന്ന ജലാഭിവാദ്യം വ്യോമസേന ഇടപെട്ട് അവസാന നിമിഷം തടയുകയായിരുന്നു. എയർഫോഴ്സ് ബേസിൽ പ്രവർത്തിക്കുന്ന വിമാനത്താവളത്തിലെ ഇത്തരം ആഘോഷ പ്രകടനങ്ങൾ സേനാസുരക്ഷയുമായി ഒത്തുപോകുന്നതല്ല എന്ന് ആർക്കോ തിരിച്ചറിവുണ്ടായതായിരുന്നു കാരണം.

എത്തിഹാദിന്റെ മുംബൈയിലേക്കുള്ള കന്നിപ്പറക്കലിനു മെയ് ഒന്നിനു കൊടുക്കാനിരുന്ന വാട്ടർ സല്യൂട്ട് വെണ്ടെന്നു വച്ചത് വ്യത്യസ്തമായ കാരണത്താലാണ്- കൊടുംവേനലിൽ നാടും നഗരവും വരളുമ്പോൾ, വെള്ളം പാഴാക്കുന്നതെങ്ങിനെ!