അയിത്തം കൊടികുത്തി വാണകാലത്ത് അതിനെതിരേ പോര്‍മുഖം തുറന്ന നവോത്ഥാനനായകനാണ് അയ്യന്‍കാളി.
അനന്തപുരിയില്‍നിന്ന് ആരംഭിച്ച യാത്ര, അയ്യന്‍കാളി ജനിച്ച വെങ്ങാനൂരിലേക്കും പോരാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഊരൂട്ടമ്പലത്തേക്കും നീളുന്നു .(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്).

To advertise here,

1893
ചരിത്രത്തിന്റെ ഗതിമാറ്റിക്കൊണ്ട് രണ്ട് വെള്ളക്കാളകളെ പൂട്ടിയ വില്ലുവണ്ടി പെരുങ്കാറ്റുവിള കുന്നിന്‍ചെരുവിലെ വീട്ടില്‍നിന്ന് വെങ്ങാനൂരിലെ രാജവീഥികളിലേക്കിറങ്ങി. മുപ്പത് വയസ്സുള്ള ഒരു യുവാവായിരുന്ന വില്ലുവണ്ടി ഓടിച്ചിരുന്നത്. ഒരു ജന്മിക്ക് ചേരുംവിധത്തിലുള്ള വേഷവിധാനങ്ങളും തലപ്പാവുമായിരുന്നു അയാള്‍ അണിഞ്ഞിരുന്നത്. ആരെയും എതിരിടാന്‍പോന്ന മുഖഭാവം, അരയില്‍ 12 ഇഞ്ച് നീളമുള്ള കഠാരയും. പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു, ബാലരാമപുരത്തുവെച്ച് ഒരു വിഭാഗം അയാളെ തടയാന്‍ ശ്രമിച്ചു. ഏറ്റമുട്ടലുകളുണ്ടായി. കാരിരുമ്പിന്റെ കരുത്തുള്ള ആ യുവാവിനോടും സംഘത്തോടും എതിരിട്ട് തോറ്റ പ്രതിയോഗികള്‍ ഓടിയൊളിച്ചു. 'ഹോയ്', 'റാന്‍', 'അടിയന്‍' എന്നൊക്കെ പറയേണ്ടുന്നവരില്‍ ഒരാള്‍ തങ്ങള്‍ക്ക് ചേരുന്ന തലപ്പാവും മേല്മുണ്ടും ധരിച്ച് വില്ലുവണ്ടിയില്‍ രാജവീഥിയിലൂടെ സഞ്ചരിക്കുന്നത് അവരുടെ മനസ്സില്‍ ആഴത്തിലുള്ള മുറിവേല്പ്പിച്ചിരുന്നു. ഒടുവില്‍ വെല്ലുവിളികളെ അതിജീവിച്ച് വില്ലുവണ്ടി തെക്കേവിളയില്‍ എത്തിനിന്നു. അയാള്‍ ഓടിച്ച ആ വില്ലുവണ്ടി കേവലം രാജവീഥിയിലൂടെയായിരുന്നില്ല, കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലേക്കുകൂടിയായിരുന്നു ഓടിക്കയറിയത്. വില്ലുവണ്ടി ഓടിച്ച വ്യക്തി ചരിത്രത്തില്‍ അയ്യന്‍കാളി എന്ന പേരില്‍ അറിയപ്പെട്ടു. പതിറ്റാണ്ടുകളായി പുലയ വിഭാഗത്തില്‍പ്പെട്ട തങ്ങളുടെ സമുദായം നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരേയായിരുന്നു അയാളുടെ പ്രതിഷേധം. സവര്‍ണമേധാവിത്വത്തെ വെല്ലുവിളിച്ചുകൊണ്ട്, അധഃസ്ഥിതന്റെ സഞ്ചാരസ്വാതന്ത്ര്യത്തിനായി ഇറങ്ങിപ്പുറപ്പെട്ട 'അയ്യന്‍കാളി' തുടര്‍ന്നുള്ള നാലരപ്പതിറ്റാണ്ടുകാലത്തോളം അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ പടനായകനായി മാറി.  

രാജഭരണത്തിന് സാക്ഷ്യംവഹിച്ച അനന്തപുരിയുടെ വിരിമാറിലൂടെയാണ് കിഴക്കേക്കോട്ട മുതല്‍ പദ്മനാഭപുരം കൊട്ടാരം വരെ നീളുന്ന രാജപാതയുള്ളത്. തിരുവനന്തപുരം നഗരത്തിന്റെ ഒത്ത നടുവില്‍ പദ്മനാഭപുരം കൊട്ടാരത്തിന് അഭിമുഖമായി വെള്ളയമ്പലത്ത് അയ്യന്‍കാാളിയുടെ പ്രതിമയും ഇന്ന് ഇടംപിടിച്ചിട്ടുണ്ട്. ഇന്നിവിടം അയ്യന്‍കാളി സ്‌ക്വയര്‍ എന്നാണറിയപ്പെടുന്നത്. വെള്ളയമ്പലത്തെ അയ്യന്‍കാളി പ്രതിമയ്ക്ക് മുന്നില്‍നിന്ന് വെങ്ങാനൂരിലേക്കായിരുന്നു യാത്ര... ചരിത്രത്തില്‍ ഇടംപിടിച്ചും ചിലപ്പോഴെങ്കിലും സൗകര്യപൂര്‍വമായ മറവികളിലും ആണ്ടുപോയ അയ്യന്‍കാളിയുടെ ജന്മസ്ഥലമായ വെങ്ങാനൂരിലേക്ക്. തിരുവനന്തപുരം നഗരത്തില്‍നിന്ന് 21 കി.മീ. മാറിയുള്ള സുന്ദരഗ്രാമമാണ് വെങ്ങാനൂര്‍. പതിറ്റാണ്ടുകള്‍ മുന്‍പ് കൃഷിയെ ആശ്രയിച്ചു ഉപജീവനം കഴിച്ച ജനതയായിരുന്നു ഇവിടെ ഭൂരിഭാഗവും. വെങ്ങാനൂരിലെ ഫലപുഷ്ടിയുള്ള മണ്ണില്‍ എല്ലുമുറിയെ പണിയെടുത്തിട്ടും ഒരുവിഭാഗം ആളുകള്‍ക്ക് അന്ന് വയറുനിറഞ്ഞിരുന്നില്ല. കാരണം, അവര്‍ക്ക് സ്വന്തമായി ഭൂമിയില്ലായിരുന്നു. കൊടികുത്തിവാണ ജന്മി-ഭൂപ്രഭുക്കള്‍ പിന്നാക്കക്കാര്‍ക്ക് ഭൂസ്വത്തുക്കള്‍ നേടാന് അനുവദിച്ചിരുന്നില്ല. അടിയാളര്‍ സ്വത്തിന് ഉടമയായാല്‍ തങ്ങളോടുള്ള വിധേയത്വം കുറഞ്ഞുപോകുമോയെന്ന ശങ്ക അവര്‍ക്കുണ്ടായിരുന്നു. ഇന്ത്യന്‍ ദേശീയപ്രസ്ഥാനം രൂപംകൊള്ളുന്ന ചരിത്രസന്ധികള്‍ക്കും മുന്‍പേയായിരുന്നു വെങ്ങാനൂര്‍ എന്ന കാര്‍ഷികഗ്രാമത്തില്‍ അയ്യന്‍കാളി പിറന്നുവീണത്.

placeholder
വെങ്ങാനൂര്‍ | ഫോട്ടോ: മധുരാജ്‌

കാളിയുടെ പോരാട്ടകഥകള്‍

വെങ്ങാനൂര്‍ ഗ്രാമത്തിലെ പെരുങ്കാറ്റുവിള പ്ലാവറ തറവാട്ടില്‍ അയ്യന്‍ എന്നൊരു അടിയാളനുണ്ടായിരുന്നു. പനങ്ങാട്ട് ഊറ്റില്ലത്ത് പരമേശ്വരന്‍ പിള്ള എന്ന ജന്മിയുടെ അടിയാളനായിരുന്നു അയ്യന്‍. അടിയാളര്‍ക്ക് ഭൂമി നിഷേധിച്ച കാലം. പഴങ്കഞ്ഞികുടിച്ച് രാവന്തിയോളം പണിയെടുത്താല്‍ പങ്കായിക്കിട്ടുന്ന അല്‍പം നെല്ലുമായി കുടിയിലെത്താം. അതിലെ കല്ലുംപതിരും പെറുക്കിമാറ്റി കുത്തി അരിയെടുത്തുവേണം കഞ്ഞിവെക്കാന്‍. അങ്ങനെയിരിക്കേ ദയാവായ്പ് തോന്നിയ പരമേശ്വരന്‍ പിള്ള ഭൂമി വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കിയപ്പോള്‍ അതിലുണ്ടായിരുന്ന എട്ട് ഏക്കര്‍ഭൂമി അയ്യന് നല്‍കി. അങ്ങനെ അടിയാന്‍ ഭൂമിക്ക് ഉടമയായിമാറി. സ്വന്തമായി കൃഷിഭൂമിയും അതിലെ കൃഷി ഉപജീവനമാര്‍ഗവും ആയപ്പോഴും അയ്യന്‍ തന്റെ ജന്മിയുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നില്ല. വൈകാതെ 1863 ഓഗസ്റ്റ് 28-ാം തീയതി (കൊല്ലവര്‍ഷം 1039 ചിങ്ങം 14) അയ്യനും സഹധര്‍മിണി മാലയ്ക്കും ഒരാണ്‍കുഞ്ഞ് പിറന്നു. അവനെ ഓമനിച്ച് കാളി എന്നവര്‍ വിളിച്ചു. അയ്യന്‍, കാളീഭക്തനായതു കൊണ്ടാണത്രേ കുഞ്ഞിന് കാളിയെന്ന് പേരിട്ടത്. ആദ്യം ഓമനപ്പേരായി വിളിച്ചതാണെങ്കിലും അച്ഛന്റെ പേര് കൂടിച്ചേര്‍ത്ത് പില്‍ക്കാലത്ത് അവന്‍ അയ്യന്‍കാളിയെന്ന പേരില്‍ അറിയപ്പെട്ടു.

അയ്യനും മാലയ്ക്കും പിന്നീട് എട്ടുമക്കള്‍കൂടി പിറന്നെങ്കിലും രണ്ടുപേര്‍ ചെറുപ്പത്തിലേ മരിച്ചു. മൂത്തവനായ കാളിക്ക് അങ്ങനെ അഞ്ച് സഹോദരന്മാരും മൂന്ന് സഹോദരിമാരും കൂട്ടായി. അക്കാലത്ത് പുലയസമുദായാംഗങ്ങള്‍ക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. അച്ഛനൊപ്പം ജന്മിയുടെ വീട്ടില്‍ പണിചെയ്തും ഒഴിവുസമയങ്ങളില്‍ കളികളിലും ഏര്‍പ്പെട്ട കാലം. ഒരിക്കല്‍ ഓണപ്പന്തുകളിക്കിടെ കാളി നീട്ടിയടിച്ച പന്ത് സമീപത്തുള്ള സവര്‍ണ പ്രമാണിയുടെ പുരപ്പുറത്ത് വീണു. അയാള്‍ കാളിയെ കണക്കറ്റ് ശകാരിച്ചു. കാളിക്ക് വീട്ടില്‍നിന്ന് അച്ഛന്റെ വകയും ശകാരം കിട്ടി. അത് അവനെ വേദനിപ്പിച്ചു. അവന്‍ ഏകാകിയായി വെങ്ങാനൂരിലെ കുന്നിന്‍ഡചരിവുകളില്‍പ്പോയി ഇരുന്നു. ഒടുവില്‍ അവനൊരു തീരുമാനം കൈക്കൊണ്ടു. ദൃഷ്ടിയില്‍പ്പെട്ടാല്‍പ്പോലും ദോഷമുള്ള തങ്ങളുടെ സമുദായത്തിലെ കുട്ടികളെ സംഘടിപ്പിക്കുക, അവരുമായി ഒന്നിച്ച് കളിക്കുക. അങ്ങനെ അവര്‍ പന്തുകളിച്ചു, നാടന്‍പാട്ടുകള്‍ പാടി, വരാന്‍പോകുന്ന സമരങ്ങള്‍ക്ക് തയ്യാറെടുക്കാനെന്നവണ്ണം കാളി പിന്നീട് കളരി അഭ്യസിച്ചു. പോകെപ്പോകെ അവന്‍ കൂട്ടുകാരുടെ നേതാവായി. സവര്‍ണമേധാവികള്‍ക്ക് ചെറിയതോതില്‍ ഭീഷണിയുയര്‍ത്തിയ അവന് സമൂഹം, ധിക്കാരി എന്ന് പേരിട്ടു. കൂട്ടുകാരാകട്ടെ അവനെ 'മൂത്തപ്പിള്ള' എന്ന് അഭിമാനത്തോടെ വിളിച്ചു. അവകാശബോധമില്ലാത്ത, അന്ധവിശ്വാസങ്ങളുടെ അന്ധകാരത്തിലാണ്ടുകിടന്ന ഒരു ജനവിഭാഗത്തിന് നേതൃത്വം നല്‍കിക്കൊണ്ട് വെങ്ങാനൂരില്‍നിന്നും അയ്യന്‍കാളി കൊളുത്തിയ വില്ലുവണ്ടി അധികാരകേന്ദ്രങ്ങളുടെ സിംഹാസനങ്ങളെ വിറപ്പിച്ചുകൊണ്ടിരുന്നു.

placeholder
അയ്യന്‍കാളി സ്മൃതിമണ്ഡപം | ഫോട്ടോ: മധുരാജ്‌

വെങ്ങാനൂരിന്റെ മണ്ണില്‍

തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച യാത്ര വെങ്ങാനൂരിലെത്തുമ്പോള്‍ സമയം ഉച്ചയോട് അടുത്തിരുന്നു. നഗരത്തിനോടുചേര്‍ന്നുള്ള പാതയോരത്താണ് അയ്യന്‍കാളി അന്ത്യവിശ്രമം കൊള്ളുന്ന സ്മാരകമുള്ളത്. ജനിച്ച 1863 മുതല്‍ മരണമടയുന്ന 1941 വരെ എഴുപത്തിയെട്ട് വര്‍ഷത്തോളം അയ്യന്‍കാളി നടത്തിയ പോരാട്ടത്തിന്റെ സ്മരണകള്‍ ഇരമ്പുന്ന ഭൂമി. സ്മൃതിമണ്ഡപത്തിലെ പ്രതിമയ്ക്കുചുറ്റും അയ്യന്‍കാളി നടത്തിയ ചെറുത്തുനില്‍പ്പുകളുടെ കഥകള്‍ കൊത്തിവെച്ചിട്ടുണ്ട്. വഴിനടക്കാന്‍ സ്വാതന്ത്ര്യമില്ലാതിരുന്ന തങ്ങളുടെ സമുദായത്തില്‍നിന്ന് പത്ത് ബി.എ.ക്കാര്‍ ഉണ്ടാകുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച അദ്ദേഹം അക്കാലത്ത് സ്ഥാപിച്ച കുടിപ്പള്ളിക്കൂടം ഇന്നും ഇവിടെ കാണാം. ശ്രീ അയ്യന്‍കാളി സ്മാരക യു.പി. സ്‌കൂള്‍ എന്ന് പില്‍ക്കാലത്ത് നാമകരണം ചെയ്യപ്പെട്ട ഈ വിദ്യാലയം അവകാശപ്പോരാട്ടങ്ങളുടെ അവശേഷിപ്പുകളില്‍ ഒന്നാണ്. അക്കാലത്ത് കുടിപ്പള്ളിക്കൂടം സവര്‍ണജാതി വിഭാഗക്കാര്‍ അഗ്നിക്കിരയാക്കിയത്രേ.

സ്മൃതിമണ്ഡപത്തോടുചേര്‍ന്നുള്ള തറയില്‍ കെട്ടിയുയര്‍ത്തിയ മട്ടുപ്പാവിലിരുന്ന് അയ്യന്‍കാളി സമുദായാംഗങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ക്ക് തീര്‍പ്പുകല്പിച്ചിരുന്നു. തങ്ങള്‍ക്കുള്ള അവകാശവും നീതിയും തങ്ങള്‍തന്നെ നേടണമെന്ന രീതിശാസ്ത്രം. അയ്യന്‍കാളിയും കൂട്ടാളികളും സഭകള്‍ ചേര്‍ന്നിരുന്ന സ്ഥലം ഇന്ന് ശൂന്യമായി കിടക്കുന്നു. വെങ്ങാനൂരിലെ അയ്യന്‍കാളി സ്മൃതിമണ്ഡപത്തിന്റെ ഓരത്തോടുചേര്‍ന്നാണ് സാമൂഹിക നവോത്ഥാന സ്മൃതിസംഗമം എന്ന് പേരിട്ടിരിക്കുന്ന ശിലാഫലകം സ്ഥാപിച്ചിട്ടുള്ളത്. ഈ ഫലകം നില്‍ക്കുന്നിടത്തായിരുന്നുവത്രേ മഹാത്മാഗാന്ധി നേരിട്ടെത്തി അയ്യന്‍കാളിയുമായി സംസാരിച്ചത്. ക്ഷേത്രപ്രവേശനത്തിന്റെ അലയൊലികള്‍ രാജ്യമെമ്പാടും പ്രകമ്പനം കൊള്ളിക്കുന്ന കാലം. 1937-ല്‍ കേരളത്തില്‍ എത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരില്‍ നേരിട്ടെത്തി അയ്യന്‍കാളിയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുകയായിരുന്നു. അവിടെവെച്ചുണ്ടായ സംഭാഷണങ്ങള്‍ ഇങ്ങനെയായിരുന്നു.

placeholder
സാമൂഹിക നവോത്ഥാന സ്മൃതിസംഗമം | ഫോട്ടോ: മധുരാജ്‌
ഗാന്ധി: താങ്കളുടെ പ്രവര്‍ത്തനത്തെപ്പറ്റി വിശദമായി അറിയുകയുണ്ടായി, ഞാനും താങ്കളുടെ പ്രായക്കാരനാണ്. നമ്മള്‍ രണ്ടുപേരും സ്വാതന്ത്ര്യം നേടുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുക.  
അയ്യന്‍കാളി: അങ്ങയുടെ ഈ കാരുണ്യം എനിക്കൊരിക്കലും മറക്കാന്‍ പറ്റുകയില്ല. സ്‌കൂളില്‍ ചെന്നിരുന്ന് പഠിക്കാന്‍വരെയുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ കോവിലില്‍ചെന്ന് തൊഴുന്നതിനും ദേവപൂജ നടത്തുന്നതിനുമെല്ലാം കുറെയേറെ സൗകര്യങ്ങള്‍ കിട്ടിയിരിക്കുന്നു.
ഗാന്ധിജി: ഇനിയും എന്തെല്ലാമാണ് താങ്കളുടെ ജനങ്ങള്‍ക്ക് വേണ്ടത്.
അയ്യന്‍കാളി: എന്റെ ജനങ്ങള്‍ക്കിടയില്‍ പത്ത് ബി.എ.ക്കാരെയെങ്കിലും കണ്ടിട്ടുവേണം എനിക്ക് മരിക്കാന്‍.

പ്ലാവറത്തല തറവാട്ടില്‍

വെങ്ങാനൂരില്‍നിന്ന് വിഴിഞ്ഞം റോഡിലൂടെ ഏകദേശം നാലഞ്ച് കിലോമീറ്റര്‍ പിന്നിട്ടാല്‍, തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയിലെത്താം. ഇന്നിത് കോണ്‍ക്രീറ്റ് പാതയാണ്. ദേശീയപാതയുടെ കിഴക്കുഭാഗത്തുള്ള കുന്നിന്‍ചെരുവിലാണ് അയ്യന്‍കാളി പിറന്ന വീട് സ്ഥിതിചെയ്യുന്നത്. ചെറിയൊരു കയറ്റം കയറിയെത്തിയാല്‍ പ്ലാവറത്തല തറവാടുനിന്ന സ്ഥലത്തെത്താം. ഞങ്ങള്‍ അവിടേക്ക് നടന്നു. നിറയെ മരങ്ങളും വള്ളിപ്പടര്‍പ്പുകളും മൂടിനില്‍ക്കുന്ന ഇടം. അയ്യന്‍കാളി പിറന്ന പ്ലാവറത്തല എന്ന തറവാട് ഇന്നില്ല, പഴയ നാലുകെട്ടുമാതൃകയില് നിര്‍മിച്ച വീടിന്റെ തറയുടെ ഒരുഭാഗംമാത്രം അവശേഷിക്കുന്നു. വീടിനോടുചേര്‍ന്ന്, അക്കാലത്ത് പണികഴിപ്പിച്ച ഒരു കിണര്‍മാത്രം ഉപയോഗശൂന്യമായി കിടക്കുന്നു. തൊടിയിലുടനീളം മദ്യക്കുപ്പികള്‍ ചിതറിക്കിടക്കുന്നു. പ്ലാവറത്തല തറവാട് നിന്നിരുന്ന തൊടിയുടെ ഒരുഭാഗത്തായി അയ്യന്‍കാളിയുടെ കുടുംബ കല്ലറയുണ്ട്. അയ്യന്‍കാളിയുടെ ഭാര്യയും മക്കളും അന്തിയുറങ്ങുന്നത് ഇവിടെയാണ്. കേരള നവോത്ഥാനചരിത്രത്തിന്റെ ഗതിവിഗതികളെ നിര്‍ണയിച്ച ഒരു മഹാന്‍ ജന്മംകൊണ്ട ഇടം കാടുമൂടിക്കിടക്കുന്നതുകണ്ടപ്പോള്‍ വിഷമംതോന്നി. ഈ കുന്നിന്‍ചെരിവുകളില്‍ വന്നിരുന്നാകാം അക്കാലത്ത് അയ്യന്‍കാളിയും കൂട്ടുകാരും പോരാട്ടങ്ങള്‍ക്ക് ആദ്യ തീ പകര്‍ന്നത്. തങ്ങളുടെ കുട്ടികളെ പഠിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ കൃഷിയിടങ്ങള്‍ തരിശായിക്കിടക്കുമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തത് ഇവിടെവെച്ചാകാം. സമര്‍ണമേധാവിത്വത്തെ വെല്ലുവിളിച്ച് വില്ലുവണ്ടിയുമായി ഈ വീടിന്റെ മുറ്റത്തുനിന്നായിരുന്നു അദ്ദേഹം രാജവീഥിയിലേക്കിറങ്ങിയത്. 

placeholder
മഹാത്മാ-അയ്യന്‍കാളി പഞ്ചമി മെമ്മോറിയല്‍ സ്‌കൂള്‍ | ഫോട്ടോ: മധുരാജ്‌

1913-ല്‍ കര്‍ഷകത്തൊഴിലാളികളുടെ അടിമത്തം അവസാനിപ്പിക്കുന്നതിനായി അയ്യന്‍കാളി പണിമുടക്കിന് ആഹ്വാനം നല്കി. ''എന്റെ കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഈ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും'' എന്ന് അദ്ദേഹം പ്രഖ്യാപിച്ചത്രേ. കമ്യൂണിസ്റ്റ് പാര്‍ട്ടികളും ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളും കേരളത്തിന് അപരിചിതമായിരുന്ന കാലത്തായിരുന്നു അദ്ദേഹം പണിമുടക്കിന് ആഹ്വാനം ചെയ്തത് എന്ന് ഓര്‍മ്മവേണം. മണ്ണില്‍ പണിയെടുക്കുന്ന പുലയവിഭാഗക്കാര് ഒന്നടങ്കം അദ്ദേഹത്തിനുപിന്നില്‍ അണിനിരന്നു. കണ്ടള, കണിയാപുരം, പള്ളിച്ചല്‍ മുതല്‍ വിഴിഞ്ഞംവരെ നീണ്ടുപരന്നുകിടക്കുന്ന പാടശേഖരങ്ങള്‍ തരിശായി കിടന്നു. പട്ടിണിയേറുമ്പോള്‍ അടിയാളര്‍ താനേ പണിക്കുവരുമെന്ന് ജന്മിമാര്‍ കരുതി. എന്നാല്‍, ഫലം തിരിച്ചായിരുന്നു. ക്ഷാമം പടര്‍ന്നുപിടിച്ചപ്പോള്‍ അടിയാളരും കഷ്ടത്തിലായി എന്നത് യാഥാര്‍ഥ്യം. അപ്പോള്‍ അയ്യന്‍കാളി നേരിട്ടിറങ്ങി. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുമായി അവര്‍ സഖ്യത്തില്‍ ഏര്‍പ്പെട്ടു. അങ്ങനെ കര്‍ഷകത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് കടലിലിറങ്ങി. ഒടുവില്‍ ജന്മിമാര്‍ അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ചു. കൂലി കൂട്ടാമെന്ന് അവര്‍ അംഗീകരിച്ചു. സ്‌കൂള്‍ പ്രവേശനം, സഞ്ചാരസ്വാതന്ത്ര്യം എന്നിവയില്‍ വിട്ടുവീഴ്ച ചെയ്യാമെന്നും ധാരണയായി. ഒരുവര്‍ഷം നീണ്ടുനിന്ന കാര്‍ഷിക സമരം 1914-മേയില്‍ ഒത്തുതീര്‍പ്പായി. എത്രയെത്ര സമരങ്ങള്‍ക്ക് വേദിയായ മണ്ണായിരുന്നു ഇത്. പ്ലാവറത്തല തറവാടുവീട് സ്ഥിതിചെയ്യുന്ന കുന്നിന്പുറത്തിനോട് ഞങ്ങള്‍ യാത്ര പറയുകയാണ്. മറ്റൊരു പോരാട്ടത്തിന്റെ കഥകളുറങ്ങുന്ന മണ്ണുതേടി... ഊരുട്ടമ്പലം എന്ന ദേശത്തേക്ക്.

പഞ്ചമിയുടെ പള്ളിക്കൂടം

പ്ലാവലത്തറതറവാട്ടില്‍നിന്ന് ബാലരാമപുരം വഴി കാട്ടാക്കടയിലേക്ക് നീളുന്ന പാതയിലാണ് ഊരുട്ടമ്പലം എന്ന ദേശം. കേരളത്തിന്റെ വിദ്യാഭ്യാസ-നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ പേറുന്ന ഭൂമിക. സായാഹ്നത്തോടെയാണ് ഊരുട്ടമ്പലത്ത് എത്തുന്നത്. നഗരമധ്യത്തില്‍തന്നെയാണ് സമരചരിത്രത്തിന്റെ ഭാഗമായുള്ള മഹാത്മാ അയ്യന്‍കാളി-പഞ്ചമി മെമ്മോറിയല്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. 1907-ല്‍ അയിത്തജാതിക്കാര്‍ക്ക് സ്‌കൂള്‍പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവുണ്ടായിരുന്നിട്ടും ഒരു കുട്ടിപോലും പള്ളിക്കൂടത്തില്‍ എത്തിയിരുന്നില്ല. പ്രാദേശിക സമുദായപ്രമാണിമാരുടെ എതിര്‍പ്പിനെതുടര്‍ന്ന് പുലയവിഭാഗത്തില്‍പ്പെടുന്ന കുട്ടികളെ വിദ്യാലയത്തില്‍ പ്രവേശിപ്പിച്ചിരുന്നില്ല എന്നതായിരുന്നു യാഥാര്‍ഥ്യം. 1910-ല്‍ ഈ വിദ്യാലയത്തിലേക്കാണ് പൂജാരി അയ്യന്റെ മകളായ പഞ്ചമിയുടെ കൈപിടിച്ച് അയ്യന്‍കാളി എത്തുന്നത്. ഇക്കാര്യം മുന്‍കൂട്ടി അറിയുമായിരുന്ന യാഥാസ്ഥിതികര്‍ എതിര്‍പ്പുമായി കാത്തുനിന്നു. അവര്‍, പഞ്ചമിയെന്ന ബാലികയെ പള്ളിക്കൂടത്തില്‍നിന്ന് ആട്ടിപ്പുറത്താക്കി. തുടര്‍ന്ന് അയ്യന്‍കാളിപ്പടയും സവര്‍ണമേധാവികളും തമ്മില്‍ രൂക്ഷമായ സംഘട്ടനം അരങ്ങേറിയെന്നത് ചരിത്രം. അയിത്തജാതിക്കാരിയായ വിദ്യാര്‍ഥിനി പ്രവേശിച്ചതോടെ പള്ളിക്കൂടത്തിനുതന്നെ സവര്ണവിഭാഗക്കാര്‍ ഭ്രഷ്ട് കല്‍പ്പിച്ചു. അന്നുരാത്രി ഈ വിദ്യാലയം തീവെച്ച് നശിപ്പിച്ചു. പിന്നാലെ ലഹള പടര്‍ന്നുപിടിച്ചു. ഊരുട്ടമ്പലത്തുനിന്ന് മാരായമുട്ടം, വെങ്ങാനൂര്‍, കുന്നത്തുകാല്‍ എന്നിവിടങ്ങളിലേക്കും ലഹള വ്യാപിച്ചു. ഇരുഭാഗത്തും നാശനഷ്ടങ്ങളുണ്ടായി.

placeholder
ആര്‍ട്ട് ഗാലറി

 പഞ്ചമിയെ ആട്ടിപ്പായിച്ച ആ വിദ്യാലയം ഇന്ന് മഹാത്മാ-അയ്യന്‍കാളി പഞ്ചമി മെമ്മോറിയല്‍ സ്‌കൂളായി മാറി.
കവാടം കടന്ന് സ്‌കൂളിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം കാണുന്നത് ആര്‍ട്ട് ഗാലറിയാണ്. അയ്യന്‍കാളിയുടെ പോരാട്ടങ്ങളുടെ പ്രതീകമായ വില്ലുവണ്ടിയാത്രയും മറ്റ് ചരിത്രസംഭവങ്ങളും ഛായാചിത്രങ്ങളായി ആര്‍ട്ട് ഗാലറിയില്‍ ഇടംപിടിച്ചിട്ടുണ്ട്. പഞ്ചമി ഇരുന്ന ബെഞ്ചുപോലും യാഥാസ്ഥിതികര്‍ അഗ്നിക്കിരയാക്കിയത്രേ! ആ ബെഞ്ചിന്റെ പ്രതീകാത്മമായ മാതൃകയില്‍ മറ്റൊരു ബെഞ്ചും ആര്‍ട്ട് ഗാലറിയില്‍ സ്ഥാപിച്ചിട്ടുണ്ട്. വരുംതലമുറ മറവിയില്‍ ആണ്ടുപോകാതിരിക്കാന്‍ ചരിത്രത്തില്‍നിന്ന് ചീന്തിയെടുത്ത ഒരോര്‍മ്മപ്പെടുത്തലായി ഈ ആര്‍ട്ട് ഗാലറി സഞ്ചാരികളെ സ്വാഗതംചെയ്യുന്നു. കേരളീയസമൂഹത്തെ അയ്യന്‍കാളി എന്ന പരിഷ്‌കര്‍ത്താവ് എങ്ങനെയൊക്കെയാണ് മാറ്റിമറിച്ചതെന്ന അന്വേഷണത്തിന് ചരിത്രപുസ്തകങ്ങള്‍ ചികയേണ്ടതില്ല. വില്ലുവണ്ടികള്‍ ഉരുണ്ട പഴയ രാജപാതകളിലൂടെ സഞ്ചരിച്ചാല്‍ മാത്രം മതിയാകും