കഴിഞ്ഞ ശനിയാഴ്ച, ഓഗസ്റ്റ് 15ന്, വിയറ്റ്നാം എയർലൈൻസിന്റെ ബോയിങ് 787-9 ഡ്രീംലൈനർ വിമാനമുണ്ടാക്കിയ പുകിലാണ് ലോകമാധ്യമങ്ങളിൽ മൊത്തം ചർച്ചയായത്. ജർമ്മനിയിലെ മ്യൂണിക്ക് വിമാനത്താവളത്തിൽ നിന്ന് ടേക്കോഫു ചെയ്യുമ്പോൾ റൺവേയും കഴിഞ്ഞ് വെറും മണ്ണിലേക്ക് ഓടിയിറങ്ങിയതാണ് ആദ്യസംഭവം. നിലം വിട്ടുയരുമ്പോൾ വാലറ്റം നിലത്തടിച്ച് കേടുപാടുകളുണ്ടായി. ചുറ്റിപ്പറന്നു നിന്ന് ഇന്ധനം ഒഴുക്കിക്കളഞ്ഞ് ഒന്നര മണിക്കൂറോളം കഴിഞ്ഞ്, മ്യൂണിക്കിൽ തിരികെ ഇറങ്ങുകയായിരുന്നു. സംഭവം പ്രത്യക്ഷത്തിൽ കാണുന്നതിലേറെ ദുരൂഹമാണെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്.

To advertise here,

രണ്ടു കടലുകളും 11 രാജ്യങ്ങളും താണ്ടി 8500 കിലോമീറ്റർ അകലെ, വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയിലേക്കുള്ള യാത്രയിലായിരുന്നു. 271 യാത്രക്കാരും 16 വിമാനജോലിക്കാരുമുണ്ടായിരുന്നു. വിഎൻ-എ869 റജിസ്ട്രേഷൻ ഫ്ളൈറ്റ് നമ്പർ വിഎൻ34, കിഴക്കു പടിഞ്ഞാറായി കിടക്കുന്ന, രണ്ടു സമാന്തര റൺവേകളിൽ ഇടത്തേ റൺവേയിലൂടെ ടേക്കോഫിനായി ഓടിത്തുടങ്ങുമ്പോൾ സമയം ഉച്ചകഴിഞ്ഞ് 1.50. റൺവേയുടെ മൊത്തം നീളമായ 4000 മീറ്ററും കഴിഞ്ഞ് വെറും മണ്ണിലേക്കിറങ്ങി പിന്നെയും ഓടി. ഒടുവിൽ ടേക്കോഫു ചെയ്യുമ്പോൾ മൂക്ക് ആവശ്യത്തിലേറെ മുകളിലേക്കുയർന്നിരുന്നതിനാൽ വാലറ്റം നിലത്തടിച്ച് ഉരയുകയും, മണ്ണിലും കല്ലിലും ഓടി ടയറുകൾ പൊട്ടിത്തകരുകയും ചെയ്തിരുന്നുവെന്ന് ഏഴായിരം അടിപ്പൊക്കത്തിലെത്തിയപ്പോൾ തന്നെ കോക്പിറ്റിൽ കിട്ടിയ അപായ സൂചനകളിൽ നിന്ന് പൈലറ്റുമാർക്ക് മനസിലായി.

പത്തു മണിക്കൂർ യാത്രയ്ക്കായി വിമാനത്തിൽ നിറച്ചിരുന്നത് നൂറു ടണ്ണോളം ഇന്ധനമായിരുന്നു. ഭാരം കുറയ്ക്കാതെ ഇറങ്ങുന്നത് അപകടമാകുമെന്നതിനാൽ, ഒരു മണിക്കൂർ 25 മിനിറ്റോളം 9000 അടിയോളം പൊക്കത്തിൽ ചുറ്റിപ്പറന്നു നിന്ന് ഇന്ധനം ഒഴുക്കിക്കിക്കളഞ്ഞു. വിമാനത്തിന് പുറമേ കൂടുതൽ കേടുപാടുണ്ടോ എന്ന് എടിസിയിലുള്ളവർക്ക് നോക്കികാണാൻ രണ്ടുവട്ടം താഴ്ന്നു പറന്നു. ഒടുവിൽ ഉച്ചയ്ക്ക് മൂന്നുമണിയോടെ നിലത്തിറങ്ങുമ്പോൾ കണ്ടത് പിന്നിൽ ഇടതുവശത്തെ ടയറുകളിൽ നാലെണ്ണം നിശ്ശേഷം തകർന്ന മട്ടിൽ!

 

 

കല്ലിലും മണ്ണിലും ഉരഞ്ഞ് വിമാനത്തിന്റെ വാൽഭാഗത്ത് അടിയിലായി പൊട്ടലും വിള്ളലും ഉണ്ടായിട്ടുണ്ടെന്നും കണ്ടെത്തി. റൺവേയിൽ തന്നെ നിർത്തിയിട്ട വിമാനത്തിൽ നിന്ന് ഒഴിപ്പിച്ച യാത്രക്കാർക്കും വിമാനജോലിക്കാർക്കും ഭാഗ്യവശാൽ പരുക്കൊന്നുമുണ്ടായില്ല.

ചോദ്യങ്ങൾ ഉയർന്നു തുടങ്ങിയത് പിന്നീടാണ്.

സാധാരണ ഗതിയിൽ 2500-3000 മീറ്ററെത്തുമ്പോൾ ടേക്കോഫു ചെയ്യാറുള്ള ഡ്രീംലൈനർ വിമാനം ശനിയാഴ്ച റൺവേയുടെ നാലായിരം മീറ്ററും കഴിഞ്ഞ് പിന്നെയുമൊരു 120 മീറ്റർ കൂടി എത്തിയിട്ടാണ് നിലംവിട്ടുയർന്നത് എന്നതിന്റെ കാരണം എന്തായിരുന്നിരിക്കും?.

ഓരോ ടേക്കോഫിനും മുമ്പ്, വിമാനത്തിന്റെ അന്നത്തെ മൊത്തം ഭാരവും അന്തരീക്ഷ താപനിലയും പറന്നുയരുന്ന വിമാനത്താവളത്തിന്റെ, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരവും എല്ലാം കണക്കിലെടുത്ത്, പൈലറ്റുമാർ ചില കണക്കുകൂട്ടലുകൾ നടത്തിയാണ് വിമാനം ഏതു വേഗത്തിലെത്തുമ്പോഴാണ് ടേക്കോഫു ചെയ്യേണ്ടിയത് എന്നു കണക്കാക്കുക.

ഓട്ടത്തിന്റെ വേഗം കൂടിക്കൂടി വന്ന് V1 എന്ന വേഗം (ഇതിനെ ഡിസിഷൻ സ്പീഡ് എന്നാണ് വിളിക്കുക) ആയിക്കഴിഞ്ഞാൽ പിന്നെ ടേക്കോഫു വേണ്ടെ ന്നു വയ്ക്കാൻ കഴിയില്ല. ആ വേഗത്തിൽ ഓടുമ്പോൾ ബ്രേക്കിട്ടാൽ, റൺവേയുടെ അറ്റം കഴിയും മുമ്പേ വിമാനം നിശ്ചലമായി എന്നു വരികയില്ല എന്നതാണു കാരണം.

ഡിസിഷൻ സ്പീഡു കഴിഞ്ഞാലാണ് വിമാനം മുകളിലേക്കുയരാനുള്ള വേഗമായ റൊട്ടേഷൻ സ്പീഡ്. (ആദ്യം മൂക്ക് മുകളിലേക്കുയർന്ന് വിമാനം നിലം വിട്ടുയരുമ്പോൾ, തിരശ്ചീന തലത്തിൽ കറങ്ങുന്നതിനാലാണ് റൊട്ടേഷൻ എന്ന പ്രയോഗം ). റൊട്ടേഷൻ സ്പീഡ് എത്തുമ്പോൾ, വിമാനത്തെ അന്തരീക്ഷത്തിൽ ഉയർത്താൻ മതിയായ തള്ളൽ ചിറകിനടിയിൽ നിന്ന് മുകളിലേക്ക് രൂപം കൊണ്ടു കഴിഞ്ഞിട്ടുണ്ടാവും. ആ നേരം മൂക്ക് ചെറുതായൊന്ന് ഉയർത്തിക്കൊടുക്കുകയാണ് പൈലറ്റുമാർ ചെയ്യുക.

അങ്ങനെ ടേക്കോഫു കഴിഞ്ഞയുടൻ, ഒരു എൻജിൻ തകരാായി നിന്നു പോയാലും മറ്റേ എൻജിന്റെ ശക്തിയിൽ സുരക്ഷിതമായി പറന്നു നിൽക്കാനും തിരിച്ചിറങ്ങാനും കഴിയുന്നതിനുള്ള വേഗം വിമാനം ആർജിച്ചിരിക്കണമെന്നാണ് വയ്പ്. ആ വേഗമാണ് V2 സ്പീഡ്. ടേക്കോഫിനായി വിമാനം ഓടിത്തുടങ്ങും മുമ്പേ കോക്പിറ്റിൽ ഇരുന്ന പൈലറ്റ് കണക്കാക്കിയെടുക്കുന്ന V1, Vr, V2 സ്പീഡുകൾ യഥാസമയം കിട്ടിയാൽ പറക്കൽ സുരക്ഷിതമായി.

ശനിയാഴ്ച, വിയറ്റ്നാം എയർലൈൻസ് വിമാനം, റൺവേയുടെ നാലായിരം അടി ഓടിയിട്ടും ഈ വേഗങ്ങളൊന്നും ആർജിക്കാൻ കഴിഞ്ഞില്ല എന്നതാണ് കുഴപ്പമായത് എന്നു ലളിതമായി പറയാം. എന്നാൽ, എന്തു കൊണ്ട് ആ സ്പീഡ് എത്തിയില്ല എന്നതാണ് കാതലായ ചോദ്യം.

സാധ്യതകൾ ഏറെയാണ്-

-വിമാനത്തിന്റെ ഭാരവും അന്തരീക്ഷതാപവുമൊക്കെ പരിഗണിച്ചതിൽ പൈലറ്റിനു തെറ്റു പറ്റി. അങ്ങനെ കണക്കാക്കിയെടുത്ത വേഗങ്ങളെല്ലാം പിഴച്ചു.

-വിമാനത്തിന്റെ ഭാരം അനുവദനീയമായതിലും കൂടുതലായിരുന്നു

വിമാനത്തെ വേഗത്തിൽ പായിക്കാനാവശ്യമായ ശക്തി എൻജിനുകൾക്ക് ഉണ്ടായില്ല

-വിമാനച്ചിറകിന് അടിയിൽ നിന്ന് മുകളിലേക്കുള്ള വായുവിന്റെ തള്ളൽ കൂടിവരുന്നതിന് അനുയോജ്യമായ തരത്തിൽ ചിറകിലെ ഇളകുന്ന ഭാഗങ്ങളായ ഫ്ളാപ്പുകൾ സെറ്റു ചെയ്തു വച്ചില്ല.

-വിമാനത്തിന്റെ ഓട്ടത്തിന്റെ ദിശയിൽ വിമാനത്തിനു പിന്നാലെ നല്ല കാറ്റു വീശുന്നുണ്ടായിരുന്നു. ഇത്തരം ടെയിൽ വിൻഡുകളിൽ -വിമാനത്തിന് ഉയരാനാവശ്യമായ ലിഫ്റ്റ് കിട്ടുന്നത് വൈകും. കടുത്ത ചൂടായിരുന്നു. ചൂട് കൂടിയാൽ വായുവിന്റെ കട്ടികുറയും, ചിറകിനടിയിൽ രൂപപ്പെടുന്ന ലിഫ്റ്റ് കുറയും. ആദ്യത്തേതിനുള്ള സാധ്യത സാധാരണഗതിയിൽ കുറവാണ്. എൻജിനുകൾക്ക് എന്തെങ്കിലും തകരാറുണ്ടായിരുന്നു എന്ന് ഇതേവരെ വ്യക്തമായിട്ടുമില്ല. വിമാനം ഓടുന്നതിന്റെ കുറേ വിഡിയോകൾ പുറത്തുവന്നതിലൊന്നും ഫ്ളാപ്പുകൾ തെറ്റായ രീതിയിൽ വച്ചിട്ടുള്ളതായി കാണുന്നുമില്ല.

അപകട സമയത്ത് മ്യൂണിക്ക് വിമാനത്താവളത്തിലെ കാലാവസ്ഥ പരിശോധിച്ചതിൽ ചൂട് 33 ഡിഗ്രിയാണ് എന്നതു മാത്രമാണ് പരിഗണിക്കേണ്ടതായി തോന്നിയ കാര്യം. എന്നാൽ 33 ഡിഗ്രിയെന്നത് വിമാനം നാലായിരം അടി ഓടിയാലും ആവശ്യത്തിന് ലിഫ്റ്റുണ്ടാകാതിരിക്കാൻ പര്യാപ്തമായ കൊടും ചൂടൊന്നുമല്ല. വടക്കു പടിഞ്ഞാറു നിന്ന് വിമാനത്തിന് എതിരേ മണിക്കൂറിൽ ഒമ്പതു കിലോമീറ്ററായിരുന്നു കാറ്റിന്റെ വേഗം. വിമാനത്തിന് എതിരേ വീശുന്നതായതിനാൽ ടേക്കോഫിനെ കുറെയൊക്കെ സഹായിക്കുന്നതാണ് ഈ ചെറിയ കാറ്റ്.

പിന്നെ എന്താണ് കുഴപ്പമായത് എന്ന ചോദ്യത്തിനാണ്, ഇന്നലെ വിയറ്റ്നാമിലെ വ്യോമയാന അധികൃതർ പൈലറ്റുമാരുമായി സംസാരിച്ച് അറിഞ്ഞ ഒരു കാര്യം പുറത്തു വിട്ടത്. പൈലറ്റുമാർക്ക് പറയാനുണ്ടായിരുന്നത് ഇതാണ്-

വിമാനം പറന്നുയരാനായി ഓടുമ്പോൾ, റൺവേയുടെ ഏകദേശം പാതിയായപ്പോൾ വിമാനത്തിന്റെ വേഗം കൂടുന്നത് രണ്ടു സെക്കൻഡു നേരത്തേക്ക് നിലച്ചു. (വിമാനം നിന്നു എന്നല്ല, വേഗം കൂടിക്കൊണ്ടിരുന്നത് -ആക്സിലറേഷൻ-നിലച്ചു എന്നാണ്). രണ്ടു സെക്കൻഡിനു ശേഷം വീണ്ടും വേഗം കൂടിത്തുടങ്ങി. എന്നാൽ കുറേക്കഴിഞ്ഞ്, എന്തുകൊണ്ട് എന്നറിയില്ല, പിന്നെയും വേഗം കുറഞ്ഞു. അപ്പോഴേക്കും വിമാനം റൺവേയിൽ ഒരുപാട് ദൂരെ എത്തിയിരുന്നു. ഇനി നിർത്താമെന്നുവച്ചാൽ, വിമാനം വേഗം കുറഞ്ഞ് നിശ്ചലമാകുമ്പോഴേക്കും റൺവേയും കഴിഞ്ഞ് പോകുമെന്നു തോന്നിയതിനാൽ, എങ്ങനെയും പറന്നുയരാൻ വേണ്ടി എൻജിന്റെ ശക്തി പരമാവധി കൂട്ടി. ഭാഗ്യത്തിന്, റൺവേ തീരാറാകുമ്പോഴേക്ക് വിമാനം നിലംവിട്ടുയർന്നു.

അജ്ഞാതമായ എന്തോ കാരണത്താൽ റൺവേയുടെ പാതിക്കു വച്ചും (2000 മീറ്ററിനടുത്തവച്ച്) പിന്നെ റൺവേയുടെ അവസാനത്തിനടുത്തും വേഗം കുറഞ്ഞതാണ് കുഴപ്പത്തിനെല്ലാം കാരണം എന്നു പൈലറ്റുമാർ പറയുമ്പോൾ, ഇതുമായി തീരെ പൊരുത്തപ്പെടാത്ത മറ്റൊരു വിവരവും അപകടപ്പിറ്റേന്ന് പുറത്തുവന്നിരുന്നു.

ഏവിയേഷൻ ഹെറാൾഡ് എന്ന, ലോകമെങ്ങുമുള്ള വിമാനാപകട വിവരങ്ങളെപ്പറ്റിയുള്ള ആധികാരിക വിവരങ്ങൾ പതിവായി പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റിൽ പറയുന്നത്, വിമാനത്താവളത്തിൽ, റൺവേയുടെ അടുത്തെ ക്യാമറയിൽ നിന്നു ലഭിച്ച വിഡിയോ ദൃശ്യങ്ങൾ പ്രകാരം, റൺവേയിൽ 3790 മീറ്ററെത്തുമ്പോൾ, വിമാനത്തിന്റെ വലത്തേ പിൻചക്രങ്ങൾ ബ്രേക്കിട്ടതു പോലെ വേഗം കുറയുന്നതായി കണ്ടു എന്നാണ്.

വൈകാതെ ചക്രങ്ങൾ പൂർണമായും കറങ്ങാതെയായി. വിമാനം മുന്നോട്ടു നീങ്ങുകയും ചക്രങ്ങൾ കറങ്ങാതെയും ഇരിക്കുന്ന അവസ്ഥിൽ റൺവേയിൽ അവ ശക്തമായി ഉരസുകയും ചെയ്യുന്നുണ്ടായിരുന്നു. വിമാനം നിലം വിട്ട് ഉയരുവോളം ടയർ നിലത്തുരഞ്ഞുണ്ടാകുന്ന കറുത്ത പാട് നീണ്ടു പോകുന്നുണ്ടായിരുന്നു. റൺവേയുടെ അവസാനമെത്തുന്നതിന് 210 മീറ്റർ മുമ്പേ ബ്രേക്കിട്ടത് എന്തിനാണ്? അക്കാര്യം പൈലറ്റുമാർ എവിടെയും പറയാതിരിക്കുന്നതെന്താണ്? ഇനി, പൈലറ്റുമാരുടെ അറിവില്ലാതെ ബ്രേക്ക് സ്വയം പ്രവർത്തിച്ചതാണെങ്കിൽ, അതിന്റെ കാരണം എന്താണ്?

റൺവേയുടെ അവസാനമെത്താറായിട്ടും വിമാനം ഉയരാതിരുന്നിട്ടും ടേക്കോഫു റദ്ദാക്കാൻ ബ്രേക്കിടേണ്ടതില്ല എന്നു തീരുമാനിച്ചു എന്നും പരമാവധി ശക്തി കൊടുത്ത് വിമാനം എങ്ങനെയും ഉയർത്താൻ തീരുമാനിച്ചു എന്നുമാണ് പൈലറ്റുമാർ പറയുന്നത് എന്നോർക്കുക. ആ നേരം ബ്രേക്കിട്ടാലും വിമാനം പിന്നെയും കുറേക്കൂടി ഓടി റൺവേയുടെ പുറത്തുപോയേക്കും എന്ന പേടി കൊണ്ടാണ് ആ തീരുമാനമെടുത്തതെന്നും അവർ കൂട്ടിച്ചേർക്കുന്നുമുണ്ട്.

എന്നാൽ, റൺവേയുടെ ഉപരിതലത്തിൽ ഇപ്പോഴും കാണാവുന്ന നീളത്തിലുള്ള ടയർ ഉരഞ്ഞ കറുത്ത പാടുകൾ, ബ്രേക്കിട്ടു എന്നു മാത്രമല്ല, കാര്യമായി എല്ലാ ടയറുകൾക്കും ബ്രേക്കിട്ടു എന്നതിന്റെ, വിഡിയോയ്ക്ക് ഉപരിയായ തെളിവാണ്.

ഇവിടെ രണ്ടു സാധ്യതകളേയുള്ളു-

1. പൈലറ്റുമാർ പറയുന്നതെല്ലാം ശരിയാണ്. റൺവേയുടെ പാതിയെത്തിയപ്പോൾ എന്തോ അജ്ഞാത കാരണത്താൽ വിമാനത്തിന്റെ വേഗം ഒരു വേള കുറഞ്ഞു. പിന്നെ വേഗം കൂടിയെങ്കിലും അതിനു ശേഷം പിന്നെയും കുറഞ്ഞു- ഈ കാരണത്താൽ, വിമാനം V1, Vr വേഗങ്ങൾ ആർജിക്കാൻ വൈകി. റൺവേയുടെ അറ്റമെത്തിയപ്പോൾ, അപകടം ഒഴിവാക്കാനായി, എങ്ങനെയും വിമാനം ഉയർത്തിക്കൊണ്ടു പോകാനായി എഞ്ചിന് പരമാവധി ശക്തികൊടുത്തു- വിമാനം അവസാനം ഉയർന്നു കിട്ടി- അതിനോടകം റൺവേ വിട്ട് നിലത്തിറങ്ങുകയും ഉയർച്ചയിൽ വാൽ നിലത്തടിക്കുകയും ചെയ്തുവെങ്കിലും.

2. റൺവേ പാതിയെത്തിയപ്പോൾ വേഗം കുറഞ്ഞുവെന്നതു വാസ്തവമാകാനും അല്ലാതിരിക്കാനും സാധ്യതയുണ്ട്. എന്തായാലും, എന്തോ കാരണം കൊണ്ട്, റൺവേയുടെ അറ്റമായിട്ടും വിമാനത്തിന് ഉയരാനാവശ്യമായ വേഗം കിട്ടാതിരുന്നതിനാൽ, വിമാനം റൺവേയ്ക്കു പുറത്തുപോയേക്കും എന്ന ആശങ്കയിൽ കോക്പിറ്റിൽ നിന്ന് വിമാനത്തിന് ബ്രേക്കിട്ടു. എന്നാൽ, അതേവരെയുണ്ടായിരുന്ന വേഗം കാര്യമായി കുറയാതിരുന്ന വിമാനം റൺവയുടെ അറ്റവും കഴിഞ്ഞ് പിന്നെയും മുന്നോട്ടു നീങ്ങുകയും ആ പോക്കിൽ ഉയരാനാവശ്യമായ ലിഫ്റ്റ് കിട്ടുകയും നിലം വിട്ടുയരുകയും ചെയ്തു.

ഇവിടെ ന്യായമായും തോന്നാവുന്ന ഒരു സംശയമുണ്ട്.

ഓട്ടത്തിൽ വിമാനത്തിന്റെ വേഗം കൂടിക്കൂടി വന്ന്, ഡിസിഷൻ സ്പീഡ് എന്ന V1നു ശേഷം റോട്ടേഷൻ സ്പീഡായ Vr എത്തുമ്പോൾ, പൈലറ്റ് കൺട്രോൾ കോളം പിന്നിലേക്കു വലിച്ച് വിമാനത്തിന്റെ മുക്ക് മുകളിലേക്കുയർത്തുമ്പോഴാണ് ടേക്കോഫ് നടക്കുക എന്നിരിക്കേ, പൈലറ്റുമാർ ബ്രേക്കിട്ട വിമാനം തനിയെ മൂക്കുയർന്ന് ടേക്കോഫു ചെയ്തു എന്നു കരുതാനാവുമോ? ഇല്ല എന്നു തന്നെയാണ് ഉത്തരം.

ബ്രേക്കിടുക, അതിനുശേഷം ഒട്ടും താമസിക്കാതെ വിമാനം ടേക്കോഫു ചെയ്യുക-അതും റൺവേയും കഴിഞ്ഞ ശേഷം- എന്ന അസാധാരണമായ സാഹചര്യത്തിന്റെ വിശദീകരണമായിരിക്കും ഈ അപകടത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ ഉണ്ടാവുക.