ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കാലവർഷം ശക്തമായതിനെത്തുടർന്ന് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും. തിങ്കളാഴ്ച പെയ്ത കനത്ത മഴ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് മൂന്ന് അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ 15 വിമാനങ്ങളാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്.

To advertise here,

12 വിമാനങ്ങൾ ജയ്പൂരിലേക്കും രണ്ടെണ്ണം ചണ്ഡീഗഡിലേക്കും ഒരെണ്ണം ലഖ്‌നൗവിലേക്കുമാണ് തിരിച്ചുവിട്ടത്. സർവീസുകൾ ശരാശരി 32 മിനിറ്റോളം വൈകിയാണ് ഓപറേറ്റ് ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഇതുവരെ 262 സർവീസുകളെയാണ് ഈ പ്രതിസന്ധി ബാധിച്ചതെന്ന് ഫ്ലൈറ്റ്‌റഡാർ24 കണക്കുകൾ വ്യക്തമാക്കുന്നു.

ഡൽഹിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു.  മഴ കനത്തതോടെ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടിലും ഗതാഗതക്കുരുക്കിലും അമർന്നു. വിമാനത്താവളത്തിലേക്ക് പോകാനിറങ്ങിയ യാത്രക്കാരും ഈ ഗതാഗതക്കുരുക്കിൽ കുടുങ്ങി വലഞ്ഞു.

ഗുരുഗ്രാമിലും ഫരീദാബാദിലും കാലാവസ്ഥാ വകുപ്പ് 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുഗ്രാമിലെ സോഹ്ന റോഡിൽ രണ്ടടിയോളം വെള്ളം ഉയർന്നതിനെത്തുടർന്ന് നാല് കിലോമീറ്ററോളം നീളത്തിലാണ് ഗതാഗതക്കുരുക്കുണ്ടായത്.