
മഹാകുംഭമേളയുടെ പ്രധാന സ്‌നാനങ്ങളിൽ ഒന്നായ മൗനി അമാവാസിദിനത്തിൽ അഭൂതപൂർവമായ തിരക്കാണ് പ്രയാഗ് രാജിൽ അനുഭവപ്പെടുന്നത്. ചൊവ്വാഴ്ച പുലർച്ചെയോടെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നടക്കം ദശലക്ഷക്കണക്കിന് ഭക്തരാണ് മഹാകുംഭമേളയിൽ പങ്കെടുക്കാനായി എത്തിക്കൊണ്ടിരുന്നത്. വാരാണസിയിൽ നിന്നും കഴിഞ്ഞദിവസം പുലർച്ചെ ഒന്നരയോടെ പ്രയാഗ് രാജിൽ എത്തിയ ഞങ്ങൾക്ക് ഏകദേശം സെക്ടർ-10-ലുള്ള താമസസ്ഥലത്തേക്ക് എത്തിച്ചേരുവാൻ എട്ടുമണിക്കൂറിലധികം വേണ്ടിവന്നു.
ബുധനാഴ്ച പുലർച്ചെ രണ്ടര മണിയോടെയാണ് കുംഭമേളയിലെ ആറ് പ്രധാന സ്‌നാനങ്ങളിൽ ഒന്നായ മൗനി അമാവാസിയുടെ ചടങ്ങുകൾ ആരംഭിച്ചത്. നാഗസന്ന്യാസിമാരും അഘോരികളും അടങ്ങുന്ന സംഘത്തിനാണ് ത്രിവേണി സംഗമത്തിൽ ആദ്യം സ്‌നാനം ചെയ്യാനുള്ള അവസരം. ഈ സമയം മറ്റ് ഭക്തജനങ്ങളെ അവിടേക്ക് കടത്തിവിടുകയില്ല. അതിന് ശേഷമാണ് മറ്റുള്ളവർക്ക് സ്‌നാനം ചെയ്യാനുള്ള അവസരം ഉണ്ടാവുക.
സെക്ടർ 10-ൽ, ഞങ്ങൾ താമസിച്ചിരുന്ന ആശ്രമത്തിൽ നിന്ന് സെക്ടർ 16-ലുള്ള കിന്നർ അഘാഡയിലേക്ക് എത്താൻ മൂന്നര മണിക്കൂറാണ്എടുത്തത്. ഗംഗയ്ക്ക് കുറുകെ നിർമിച്ച താത്കാലിക പാലത്തിലൂടെയാണ് അവിടെ എത്തിച്ചേർന്നത്. ട്രാൻസ്ജൻഡർമാരുടെ അഖാഡയെന്ന പ്രത്യേകത കൂടിയുണ്ട് ഈ അഖാഡയ്ക്ക്. അവിടെ നിന്ന് സെക്ടർ 20-ലുള്ള ജൂണ അഘാഡയായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. 13 അഘാഡകളിൽ ഏറ്റവും ശക്തമായ അഖാഡയാണ് ജൂണ. കിന്നർ അഖാഡയിലുള്ള സ്വാമി സംവിദാനന്ദിന്റെ സഹായത്തോടെയാണ് ഈ രണ്ടിടത്തും സന്ദർശനത്തിനും ചിത്രം പകർത്താനും സാധിച്ചത്.
പാതകളിലൂടെ നീളം മനുഷ്യക്കടലുകളായിരുന്നു. തിക്കിലും തിരക്കിലും എന്തും സംഭവിക്കാവുന്ന അവസ്ഥ. പുലർച്ചെ രണ്ടരയോടെ പോലീസ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സന്യാസിമാർ സ്‌നാനത്തിന് കടന്നുപോകുന്ന ഭാഗങ്ങളിൽ കൂടിനിന്ന ഭക്തരെ ഗംഗയുടെ കരയിൽനിന്ന് ഒഴിപ്പിച്ചു. അഘോരികളുടെ സ്‌നാനത്തിന്റെ ദൃശ്യം പകർത്തണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അങ്ങോട്ടേക്ക് പോകാൻ അനുമതിയുണ്ടായിരുന്നില്ല.
രണ്ടരയോടെ ഞങ്ങൾ തിരിച്ച് നടന്നു. ഇടവേളകളിൽ ആംബുലൻസുകൾ സൈറൺ മുഴക്കുന്ന ശബ്ദങ്ങൾ കേൾക്കാമായിരുന്നു. സൂചികുത്താനിടയില്ലാത്തവിധം ആളുകൾ നിറഞ്ഞ പാതയിലൂടെ നടക്കാൻപോലും ഞങ്ങൾ ഭയപ്പെട്ടു. വന്ന വഴികളെല്ലാം അടച്ചിരുന്നു. പോലീസ് കാണിച്ചുതന്ന വഴികളിലൂടെ നടന്ന ഞങ്ങൾക്ക് വഴിതെറ്റി. കൈവിട്ടാൽ കൂട്ടം തെറ്റുമെന്ന ഭയത്താൽ ഞാനും കൂടെയുണ്ടായിരുന്ന ഫോട്ടോ എഡിറ്റർ മധുരാജും കൈകൾ കോർത്തുപിടിച്ചു നടന്നു.
ഫോണിൽ നെറ്റ്‌വർക്കും കിട്ടുന്നുണ്ടായിരുന്നില്ല. വൈകാതെ ഫോണിലെ ചാർജും തീർന്നു. അസ്ഥികളിലേക്ക് തുളച്ചിറങ്ങുന്ന തണുപ്പിനെ പ്രതിരോധിക്കാൻ ഞങ്ങൾ ധരിച്ചിരുന്ന വസ്ത്രത്തിനും കഴിഞ്ഞിരുന്നില്ല. അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടപ്പോൾ തിരിച്ച് മടക്കം ബുദ്ധിമുട്ടായി തോന്നി. അടുത്തുണ്ടായിരുന്ന ഒരു ആശ്രമത്തിന്റെ വാതിൽക്കൽ കൊടും തണുപ്പിൽ അല്പനേരം മയങ്ങി.
പുലർച്ചെ അഞ്ചരയോടെയാണ് വീണ്ടും നടപ്പ് തുടർന്നത്. 11 മണിയോടെയാണ് സെക്ടർ 10-ൽ എത്തിയത്. തിക്കിലും തിരക്കിലും അപകടം ഉണ്ടായെന്ന് അറിഞ്ഞുവെങ്കിലും ജീവഹാനിയുണ്ടെന്ന് പിന്നീടാണ് അറിഞ്ഞത്. ഗംഗയുടെ തീരത്തുള്ള ഈ ആശ്രമത്തിൽ ഇരുന്നുകൊണ്ട്നോക്കിയാൽ ഭക്തരുടെ ഒഴുക്ക് കാണാം; വൈകീട്ട് നടത്തേണ്ട അമൃത സ്‌നാനം ഒഴിവാക്കിയിട്ട് കൂടി.
Content Highlights: maha kumbh mela 2025 mauni amavasya day at prayagraj uttar pradesh
Published: 29 Jan 2025, 05:09 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented