കഴിഞ്ഞതിന്റെ മുമ്പത്തെ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ, മണിക്കൂറിൽ 887 കിലോമീറ്റർ വേഗത്തിൽ, 36,000 അടിപ്പൊക്കത്തിൽ പറന്നുകൊണ്ടിരുന്ന എയർ ഇന്ത്യാ വിമാനം മുന്നൂറടി താഴേക്ക് പതിച്ചതിന്റെ തുടർചലനം ഇനിയും വ്യോമയാനരംഗത്ത് ഒടുങ്ങിയിട്ടില്ല. തായ്ലൻഡിലെ ഫുക്കെറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യയുടെ വിടി-ഇഎക്സ്ഒ എന്ന റജിസ്ട്രേഷനുള്ള എയർബസ് എ320-251എൻ വിമാനം, ഫ്ളൈറ്റ് നമ്പർ എഐ2379, ഒഡീഷയ്ക്കു മുകളിൽ പറക്കുമ്പോഴാണ് പെട്ടെന്ന് താഴേക്കു പതിച്ചത്. തുടർന്ന് യാത്രാക്കാർ സീറ്റുകളിൽ നിന്ന് മുകളിലേക്ക് തെറിച്ചുയരുകയും താഴെപ്പതിക്കുകയും ചെയ്തു.

To advertise here,

13 യാത്രക്കാർക്കും, നിന്നനിൽപ്പിൽ എടുത്തെറിയപ്പെട്ട് നാല് കാബിൻ ക്രൂവിനും പരുക്കേറ്റതാണ് സംഭവങ്ങളുടെ തുടക്കം. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ പ്രതാപ സമയമായ ഓഗസ്റ്റിൽ മധ്യേന്ത്യയുടെ പ്രക്ഷുബ്ധമായ ആകാശത്ത് സാധാരണമായ ടർബുലൻസിൽ പെട്ട മറ്റൊരു വിമാനം എന്ന മട്ടിൽ തന്നെയായിരുന്നു ആദ്യം വന്ന വാർത്തകൾ. പതിനേഴു പേർക്ക് പരുക്കേറ്റ വാർത്തയ്ക്കൊപ്പം, ടർബുലൻസ് അഥവാ ആകാശച്ചുഴി എന്തെന്നു വിശദീകരിക്കുന്ന വിജ്ഞാനപ്രദമായ കുറിപ്പുകളും മാധ്യമങ്ങളിൽ വന്നു.

എന്നാൽ, വിമാനം ഡൽഹിയിൽ ലാൻഡു ചെയ്തയുടൻ ഡിജിസിഎയുടെ പ്രതിനിധികളെത്തി ക്യാപ്റ്റന്റെയും കോ-പൈലറ്റിന്റെയും മൂത്രസാമ്പിളുകൾ ശേഖരിച്ച് ലഹരി ഉപയോഗ ടെസ്റ്റിന് അയച്ചതോടെ സംഭവത്തിന്റെ ഗതി മൊത്തത്തിൽ മാറി തുടങ്ങുകയായിരുന്നു. ഏത് അപകടമുണ്ടായിക്കഴിഞ്ഞാലും പൈലറ്റുമാർക്ക് ലഹരി പരിശോധന നടത്താറുണ്ടെന്ന് വിശദീകരണം വന്നെങ്കിലും ഇന്ത്യയിൽ ഇതിനു മുമ്പുണ്ടായിട്ടുള്ള പല ടർബുലൻസ് അപകടങ്ങൾക്കു ശേഷവും ഈ പരിശോധന ഉണ്ടായിട്ടില്ല എന്നതായിരുന്നു വാസ്തവം.

യാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തുമ്പോൾ തന്നെ, മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ശ്വാസപരിശോധന (ബ്രത്തലൈസർ) എല്ലാ പൈലറ്റുമാർക്കും നടത്തും. എന്നാൽ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള ഡോപ് ടെസ്റ്റ് വല്ലപ്പോഴുമാണ് നടത്തുക. അപകടശേഷം ഈ പരിശോധന നടത്തുന്നത്  എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്വേഷണഭാഗമായി ഇതും വേണമെന്ന് തീരുമാനം ഉണ്ടാകുമ്പോൾ മാത്രമാണ്.

ശരീരത്തിൽ മയക്കുമരുന്നുകളുടെ, 'സൈക്കോ ആക്ടീവ്' വസ്തുക്കളുടെ, സാന്നിധ്യം ഉണ്ടോയെന്ന് അറിയുന്നതിനുള്ള ടെസ്റ്റ്, വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡ് ആയ ക്യാപ്റ്റന്റെ കാര്യത്തിൽ നോൺ-നെഗറ്റീവ് (പോസിറ്റീവ് എന്നതിന്റെ കാർക്കശ്യമില്ലാത്ത ഈ വാക്കാണ് ഇവിടെ ഉപയോഗിക്കുക) ആയതോടെ സ്ഥിരീകരണ ടെസ്റ്റിന് അയച്ചു. അതും പോസിറ്റീവായി. മാത്രമല്ല, മൂത്രത്തിൽ ഏതു ലഹരി വസ്തുവിന്റെ അംശമാണെന്നുള്ളതും കണ്ടെത്തി- കഞ്ചാവ്.

അതോടെ, മുഖ്യപൈലറ്റ് ലഹരിയിലായിരുന്നു, വിമാനം മുന്നറിയിപ്പൊന്നുമില്ലാതെ താഴേക്കു പാഞ്ഞത് എന്തുകൊണ്ടായിരിക്കും എന്ന സംശയത്തിൽ വിമാനസംഭവം വാർത്തകളിൽ ഇളകി മറിഞ്ഞു. ഇതോടെ കഥയുടെ അടുത്ത അധ്യായവും ആരംഭിച്ചു.

പൈലറ്റുമാരുടെ സംഘടനയായ എയർലൈൻ പൈലറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ ലേഖികയോട് അമ്പരിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തി-സംഭവം ടർബുലൻസ് ഒന്നുമല്ല. നാലാം തീയതി രാവിലെ, ഒഡീഷയ്ക്കു മീതേ പറന്നുകൊണ്ടിരിക്കുമ്പോൾ. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങൾ മൂന്നെണ്ണവും ഒരുമിച്ചു കേടായിരുന്നു. ഒന്നു പ്രവർത്തിക്കാതായാൽ മറ്റൊന്ന് എന്ന നിലയിൽ സജ്ജീകരിച്ചിരിക്കുന്ന ബ്ലൂ, യെല്ലോ, ഗ്രീൻ എന്നീ പേരുകളുള്ള ഹൈഡ്രോളിക് സംവിധാനത്തിന്റെ ടാങ്കുകളിലുള്ള ഓയിലിന്റെ മർദ്ദമാണ്, വിമാനത്തിന്റെ വാലിലും ചിറകിലുമുള്ള ഇളകുന്ന ഭാഗങ്ങളെ ചലിപ്പിച്ച് വിമാനം ഉയർത്തുകയും താഴ്ത്തുകയും തിരിക്കുകയും ചെയ്യുന്നത്. അത് കേടാകുന്നത് അതീവഗുരുതരമായ പ്രതിസന്ധിയാണല്ലോ. ആലോചിച്ചു നിൽക്കാനൊന്നും നേരമില്ലായിരുന്നു. പ്രശ്നം പരിഹരിക്കാൻ വിമാനം പെട്ടെന്ന് കുറേ താഴ്ത്തൂ എന്ന് ക്യാപ്റ്റൻ നിർദേശിച്ചതനുസരിച്ച് കോ-പൈലറ്റ് വിമാനം നൊടിയിടെ മുന്നൂറടി താഴ്ത്തി. അപ്പോൾ യാത്രക്കാർ സീറ്റുകളിൽ നിന്ന് തെറിച്ചുയരുകയും നിൽക്കുകയായിരുന്ന കാബിൻ ക്രൂ അംഗങ്ങൾ എടുത്തെറിയപ്പെടുകയുമായിരുന്നു. വിമാനം താഴ്ത്തുന്നതിനു മുമ്പ് സീറ്റ് ബൽറ്റ് ഇടാനുള്ള മുന്നറിയിപ്പു ലൈറ്റു കത്തിക്കാനുള്ള സാവകാശമൊന്നും അന്നേരം ഉണ്ടായിരുന്നില്ല. എന്തായാലും അതോടെ വിമാനം ശരിയായി. കുറേപ്പേർക്ക് പരുക്കേറ്റെങ്കിലും സുരക്ഷിതമായി ഡൽഹിയിൽ കൊണ്ടിറക്കാൻ കഴിഞ്ഞു.

ഹൈഡ്രോളിക് സംവിധാനം തകരാറിലായാൽ, വിമാനം താഴേക്കു കുത്തനെ പായിച്ചാൽ മതി എന്ന പ്രശ്നപരിഹാരം ലോകത്താദ്യമായി പറഞ്ഞുകേൾക്കുകയാണല്ലോ എന്ന് മറ്റു പൈലറ്റുമാർ അമ്പരന്നു. വാർത്തകളിൽ വിമാനത്തകരാർ കത്തിപ്പടരുക തന്നെ ചെയ്തു.

ക്യാപ്റ്റൻ കഞ്ചാവ് ഉപയോഗിച്ചാലും ഇല്ലെങ്കിലും വിമാനത്തിനു കുഴപ്പമുണ്ടായതുമായി അതിന് ബന്ധമൊന്നുമില്ലെന്ന പൈലറ്റ് സംഘടനാ പ്രസിഡന്റിന്റെ ന്യായീകരണം മുഖവിലയക്ക് എടുക്കാൻ മടിച്ചുനിന്നവർക്കായി മറ്റൊരു തെളിവ് രംഗപ്രവേശം ചെയ്യുന്നത്, അല്ലെങ്കിൽ ചെയ്യിക്കുന്നത്, അപ്പോഴാണ്.

പറക്കലിനിടെ എന്തെങ്കിലും അപകടമുണ്ടായ വിമാനം ലാൻഡ് ചെയ്തു കഴിഞ്ഞ് സാധാരണ ചെയ്യാറുള്ളതു പോലെ, ഈ വിമാനം ഡൽഹിയിൽ ഇറങ്ങിക്കഴിഞ്ഞും, 'പോസ്റ്റ് ഫ്ളൈറ്റ് റിപ്പോർട്ട്' എന്ന പിഎഫ്ആർ വിമാന കംപ്യൂട്ടറിൽ നിന്ന് എയർ ഇന്ത്യയുടെ എൻജിനീയർമാർ ഡൗൺലോഡ് ചെയ്ത് എടുത്തിരുന്നതിന്റെ പകർപ്പ് പിറ്റേന്നു തന്നെ എല്ലാ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു.

അന്നു രാവിലെ 9.32 നും 10.52നും ഇടയിൽ, വിമാനത്തിന് പതിമൂന്ന് തകരാറുകൾ ഉണ്ടായിരുന്നുവെന്ന മുന്നറിയിപ്പു സന്ദേശങ്ങൾ കോക്പിറ്റിൽ കിട്ടിയിരുന്നു എന്നായിരുന്നു പിഎഫ്ആർ പ്രിന്റൗട്ടിൽ. ഇതിൽ ഏഴു മുന്നറിയിപ്പുകൾ ഹൈഡ്രോളിക് സംവിധാനങ്ങളെപ്പറ്റിയാണ്. അതും ഒറ്റ മിനിറ്റിനുള്ളിൽ. 9.32ന് വന്ന ഈ സന്ദേശങ്ങൾ പറഞ്ഞിരുന്നത്, വിമാനത്തിന്റെ യെല്ലോ, ബ്ലൂ, ഗ്രീൻ എന്നി ഹൈഡ്രോളിക് ഫ്ളൂയിഡ് ടാങ്കുകളിലെ ഓയിലിന്റെ മർദ്ദം കുറവാണ് എന്നതായിരുന്നു. പിന്നെയുള്ള മുന്നറിയിപ്പുകളിലൊന്ന്, 9.32നു തന്നെ വിമാനം തനിയെ പറത്തുകയായിരുന്ന ഓട്ടോപൈലറ്റ് കംപ്യൂട്ടർ പണി നിർത്തി എന്നതാണ്. വിമാനത്തിന്റെ എമർജൻസി എക്സിറ്റിന് എന്തോ കുഴപ്പമുണ്ട് എന്ന രണ്ടു സന്ദേശങ്ങൾ 9.33നും വന്നു. 10.16ന് വിമാനത്തിന്റെ എൻജിനിന് പുറത്ത് ഐസ് കട്ടപിടിക്കുന്നതു തടയുന്നതിനുള്ള ആന്റി ഐസിങ് സംവിധാനത്തിന് കേടുണ്ടെന്നും ഓട്ടോപൈലറ്റ് വീണ്ടും ഓഫായി എന്ന് 10.52നും മുന്നറിയിപ്പുകളെത്തി.

പൈലറ്റ് ലഹരിയിലായിരുന്നതിനാൽ എന്തെങ്കിലും ചെയത് വിമാനം താഴേക്കു കുതിച്ചതല്ല, വിമാനത്തിന് ഗുരുതരമായ തകരാറുണ്ടായിരുന്നതാണ് കുഴപ്പമുണ്ടാക്കിയത് എന്നു തെളിയിക്കാൻ ഈ പിഎഫ്ആർ പുറത്തുവിട്ടത് ഉദ്ദേശിച്ച ഫലം ചെയ്തില്ല എന്നു വ്യക്തമാണ്. ഇത്രയും കുഴപ്പങ്ങൾ ഒന്നിച്ചുണ്ടായ വിമാനം പിന്നെ എങ്ങിനെയാണ് ഒരു മണിക്കൂർ, 27 മിനിറ്റ് പിന്നെയും പറന്ന് കുഴപ്പമേതും ഇല്ലാതെ ഡൽഹിയിൽ ഇറങ്ങിയത് എന്ന ചോദ്യത്തിന് ഉത്തരമില്ല എന്നതു തന്നെ കാര്യം. ഹൈഡ്രോളിക് സംവിധാനം പ്രവർത്തിക്കുന്നില്ലെങ്കിൽ വിമാനം താഴ്ത്താനോ ഇറക്കാനോ ഓടി നിൽക്കാനോ ബുദ്ധിമുട്ടാവും എന്നിരിക്കേ, അക്കാര്യം ഡൽഹി എടിസിയെ അറിയിക്കാതിരുന്നത് എന്താണ് എന്ന ചോദ്യവും ബാക്കിയായി.

വിമാനത്തിന്റെ കംപ്യൂട്ടറുകൾ നൽകുന്ന ഇത്തരം മുന്നറിയിപ്പു സന്ദേശങ്ങൾ പലപ്പോഴും നൈമിഷികമായ എന്തെങ്കിലും പ്രശ്നങ്ങളെ ആസ്പദമാക്കിയതാവും എന്നതാണ് യുക്തിസഹമായ വിശദീകരണം. ഏറെ നാൾ പറത്തി പരിചയമുള്ള പൈലറ്റുമാർക്ക് അത്തരം സന്ദർഭങ്ങളിൽ അമിതമായി പ്രതികരിക്കാതിരിക്കാനും, കൃത്യമായി പ്രതികരിക്കുന്നതിനുമുള്ള ആർജവം ഉണ്ടായിരിക്കും. എന്നാൽ എയർ ഇന്ത്യാ വിമാനത്തിൽ അതുണ്ടാവാതിരുന്നതിനു കാരണം തിരയുമ്പോഴാണ്, പിന്നെയും കഞ്ചാവ് പുകച്ച ക്യാപ്റ്റനിലേക്ക് വീണ്ടും ശ്രദ്ധ തിരിയുന്നത്. അപകടശേഷം, വിമാനത്തിലെ കാബിൻക്രൂവും സഹപൈലറ്റും യാത്രക്കാരും നൽകിയ വിവരണങ്ങൾ ചേർത്തുവയ്ക്കുമ്പോൾ തെളിയുന്ന ചിത്രം ഇതാണ്-

അരമണിക്കൂറോളം വിമാനത്തിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന ക്യാപ്റ്റൻ ഉറക്കമുണർന്ന് എഴുന്നേറ്റ് കോ-പൈലറ്റിന്റെ സീറ്റിനു പിന്നിൽ പോയി നിന്നു. പിന്നെ കാബിനിലേക്കു പോയി അവിടെ എമർജൻസി വാതിലിനടുത്ത് തറയിൽ ഇരുന്നു. പുകയ്ക്കാൻ ലൈറ്റർ വേണമെന്ന് കാബിൻ ക്രൂവിനോട് ആവശ്യപ്പെട്ടു. കോക്പിറ്റിലേക്ക് തിരികെ പറഞ്ഞുവിട്ട ക്യാപ്റ്റൻ അവിടെയും തറയിൽ ഇരുന്നു. നേരെ നിൽക്കാൻ പോലും ആവതില്ലാത്ത അവസ്ഥയിൽ പിന്നെ സ്വന്തം സീറ്റിൽ പോയി ഇരുന്നു.

ഹൈഡ്രോളിക് സംവിധാനത്തിന്റെ ഒൻപതു തകരാർ സന്ദേശങ്ങൾ ഒന്നിച്ചെത്തിയതിനോട് എങ്ങിനെ പ്രതികരിക്കണമന്ന് തീരുമാനിക്കാനും അതു ചെയ്യാനും കോ-പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് മനസിലാക്കേണ്ടിയത്. സീറ്റിൽ പോയി ഇരുന്ന ക്യാപ്റ്റൻ ഇതിനിടെ സ്വന്തമായി എന്തെങ്കിലും പ്രതിവിധി ചെയ്തോ എന്നും വ്യക്തമല്ല.

എന്തായാലും രാവിലെ 9.32ന് വിമാനം മുന്നൂറടി താഴേക്കു പാഞ്ഞത് ശരിക്കും എങ്ങിനെയാണ് എന്നു മനസിലാക്കാൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ, വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതടക്കമുള്ള അന്വേഷണം പൂർത്തിയാവേണ്ടി വരും.

അതിനിടെ, വിമാനം നിർമ്മിച്ച എയർബസിന്റെ സാങ്കേതിക വിദഗ്ധർ നടത്തിയ പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് ഇന്നു പുറത്തു വന്നത് സംഭവത്തെപ്പറ്റി കൂടുതൽ ഉൾക്കാഴ്ച നൽകുന്നുമുണ്ട്. വിമാനത്തിന്റെ മൂക്ക് താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നതിനായി വാലറ്റത്തുള്ള ചലിപ്പിക്കുന്ന എലിവേറ്ററുകൾ, വശങ്ങളിലേക്ക് താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നതിനുള്ള ചിറകുകളിലെ ഏയ്ലറോണുകൾ എന്നിവ അന്നു രാവിലെ 9.32ന് താൽക്കാലികമായ നിശ്ചലമായി എന്ന് റിപ്പോർട്ടിൽ പറയുന്നു (മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും മാറി മാറി പ്രവർത്തിക്കാതായതിനെ തുടർന്നായിരുന്നു അത്). ഏയലറോൺ ഒരു പ്രത്യേക ചെരിവിൽ അനങ്ങാതായതിനെ തുടർന്ന് വിമാനം അൽപ്പം മുകളിലേക്കുയർന്നു. താഴ്ത്താൻ കോ-പൈലറ്റ് ശ്രമിച്ചെങ്കിലും നാലു സെക്കൻഡു നേരത്തേക്ക് വിമാനം പ്രതികരിച്ചില്ലെന്നും അതേത്തുടർന്ന് കൂടുതൽ ശ്രമം നടത്തിയപ്പോഴാണ് വിമാനം താഴേക്ക് പാഞ്ഞതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഈ താൽക്കാലിക തകരാർ എങ്ങിനെയുണ്ടായി എന്ന് വിശദമായ അന്വേഷണം നടത്തേണ്ടി വരും.

ക്യാപ്റ്റന്റെ കഞ്ചാവ് ഉപയോഗത്തെപ്പറ്റി കുറച്ചു കാര്യങ്ങൾ കൂടി-

വിമാനം പറപ്പിക്കുന്നവർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് മദ്യപിക്കുന്നതിനേക്കാൾ അപകടകരമാണെങ്കിലും അത് പൂർണമായി തടയാനുള്ള സംവിധാനം ഇന്ത്യയിലും പുറത്തും നിലവിലില്ല എന്നതാണ് സത്യം. മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ബ്രത്തലൈസർ ടെസ്റ്റ് എല്ലാ പറക്കലുകൾക്കു മുമ്പും നടത്തുമെങ്കിലും, കഞ്ചാവ്, കൊക്കൈയ്ൻ തുടങ്ങിയ സൈക്കോ ആക്ടീവ് വസ്തുക്കൾ എന്ന് വിശേഷിപ്പിക്കുന്ന ലഹരിസാധനങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള ടെസ്റ്റിന്റെ കാര്യം അതല്ല. ഒരോ സ്ഥാപനവും അവരുടെ ജീവനക്കാരിൽ പത്തു ശതമാനം പേർക്ക് വർഷാവർഷം മുൻകൂർ അറിയിപ്പൊന്നുമില്ലാതെ, ടെസ്റ്റ് നടത്തണമെന്നുമാത്രമാണ് നിബന്ധന. പൈലറ്റുമാർക്കു പുറമേ, വ്യോമഗതാഗത നിയന്ത്രകർ, എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർമാർ, വിമാനം പറക്കാൻ യോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നവർ, ട്രെയിനി പൈലറ്റുമാരും പൈലറ്റ് അധ്യാപകരും പരീക്ഷകരും- ഇവർക്കെല്ലാം നടത്തുന്ന ടെസ്റ്റിൽ, മൂത്രമാണ് പരിശോധിക്കുക. രണ്ടു സാമ്പിൾ ആദ്യമേ എടുക്കും. ഒരെണ്ണം നോൺ-നെഗറ്റീവ് അഥവാ നെഗറ്റീവ് അല്ലെങ്കിൽ രണ്ടാമത്തെ സാമ്പിൾ വിശദമായ പരിശോധനയ്ക്ക് മറ്റൊരു ലാബിലേക്ക് അയയ്ക്കും.

അതു പോസിറ്റീവ് ആയാൽ, സ്ഥാപനത്തിന്റെ മെഡിക്കൽ ഓഫിസർ, ഡിജിസിഎയുടെ അംഗീകാരമുള്ള ഒരു മെഡിക്കൽ റിവ്യൂ ഓഫിസറുടെ (എംആർഒ) വിദഗ്ധാഭിപ്രായം തേടണം. ലഹരിവസ്തുവിന്റെ അംശം മൂത്രത്തിൽ കാണുന്നതിനു കാരണം എന്തെങ്കിലും ചികിത്സയുടെ ഭാഗമായി അതു കഴിച്ചതാണോ അതോ ലഹരിക്കായി കഴിച്ചതാണോ എന്ന് തീർപ്പു പറയേണ്ടിയത് എംആർഒ ആണ്.

ലഹരിക്കായി ഉപയോഗിച്ചതാണെന്നു വ്യക്തമായാൽ, ആളിനെ ലഹരി വിമുക്തി കേന്ദ്രങ്ങളിൽ അയച്ച് ചികിത്സ നൽകണം. ചികിത്സയ്ക്കു ശേഷം വീണ്ടും ഒരു ലഹരി പരിശോധന നടത്തണമെന്നുമാണ് ചട്ടം. അതിൽ നെഗറ്റീവായാൽ ലൈസൻസ് പുനസ്ഥാപിച്ചു കിട്ടുകയും വീണ്ടും ജോലി ചെയ്തു തുടങ്ങുകയും ചെയ്യാം. ഇല്ലെങ്കിൽ ലൈസൻസ് റദ്ദാക്കാം. രണ്ടു ടെസ്റ്റിലും പോസിറ്റീവായതോടെ, ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്ന് വ്യക്തമായെങ്കിലും എയർ ഇന്ത്യാ പൈലറ്റിന്റെ പറക്കൽ ജോലി അവസാനിച്ചുവെന്ന് കരുതേണ്ടതില്ലെന്നർഥം.

ഓഗസ്റ്റ് നാല് സംഭവം കൊണ്ട് എന്തായാലും മറ്റൊരു പ്രയോജനം ഉണ്ടായിട്ടുണ്ട്-ഇനി മേൽ എയർ ഇന്ത്യയുടെ എല്ലാ പൈലറ്റുമാർക്കും എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർമാർക്കും ഫ്ളൈറ്റ് ഇൻസ്ട്രക്ടർമാർക്കും പൈലറ്റു ട്രെയിനിമാർക്കും ലഹരി പരിശോധന എല്ലാ പറക്കലിലും നിർബന്ധമാക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു.