നൂലുപോലെ ഇറ്റിറ്റ് വീഴുന്ന മഴ. കാഴ്ചകൾക്കെല്ലാം അഴക് കൂട്ടുന്ന കോട. ഖ്ലേരിയാത്തിൽ നിന്ന് ഷില്ലോങ്ങിലേയ്ക്കുള്ള യാത്ര മനസ്സിനെ കുളിരണിയിക്കുന്നുണ്ട്. വാഹനങ്ങളുടെ വലിയ തിരിക്കില്ലാത്ത റോഡിലൂടെ വഴിയോരത്തെ കാഴ്ചകൾ കണ്ടങ്ങനെ മുന്നോട്ട് പോകുകയാണ്. റോഡിന് വശത്തെ മൺവഴിയിലൂടെ കറുത്ത കുടചൂടി ഒരാൾ നടന്നു വരുന്നു. കുട കുറച്ച് പിറകോട്ട് നീക്കിപ്പിടിച്ചിട്ടാണവരുടെ നടപ്പ്. ഒന്നുകൂടി ശ്രദ്ധിച്ച് നോക്കിയപ്പോഴാണാ കാഴ്ച . അവരുടെ പിറകിൽ നിന്ന് പിഞ്ചുകുഞ്ഞ് സുന്ദരമായ ചിരിയോടെ നോക്കുന്നു. കുഞ്ഞിനെ പിറകിൽ കെട്ടിവെച്ചിരിക്കുകയാണ്.

To advertise here,

നാട്ടിലൊന്നും ഇങ്ങനെ ആലോചിക്കാനേ പറ്റില്ലല്ലൊ. ലാളനയോടെ, ശ്രദ്ധയോടെ കുഞ്ഞിനെ ഒക്കത്തെടുത്ത് നടക്കുന്ന ശീലമല്ലേ ഇപ്പൊ നമ്മൾ മഹാഭൂരിപക്ഷം മലയാളികൾക്കുമുള്ളു. പുതിയ സൗകര്യങ്ങൾ കുഞ്ഞുങ്ങളെ പരിപാലിക്കാനായി വരുന്നുണ്ടെങ്കിലും അമ്മയുടെ മുതുകിൽ കെട്ടിയിട്ട് കുഞ്ഞുങ്ങളെ കൊണ്ടുനടക്കുന്നത് നേരത്തേ കണ്ടിട്ടില്ല. വണ്ടി നിർത്തി, ഇരുവശത്തും നോക്കി റോഡ് കാലിയാണ് എന്നുറപ്പാക്കി അപ്പുറത്തേയ്ക്ക് നടന്നു. അമ്മയും കുഞ്ഞും പിന്നേയും ചിരിയ്ക്കുന്നു. ഹാ, മനോഹരം.

പേരെന്താ?

''മിവാറി'' - അവര് പറഞ്ഞു.

ഞങ്ങള് കേരളത്തിൽ നിന്ന് വരികയാണ്. ഇങ്ങനെ കുഞ്ഞിനെ കെട്ടിവെച്ച് നടക്കുന്നത് കണ്ടപ്പൊ കൗതുകം തോന്നി. നിങ്ങളെവിടേയ്ക്ക് പോകുകയാണ്?

''ഞാനതാ അവിടെ, അമ്മയുടെ വീട്ടിലേയ്ക്ക്''

ഇങ്ങനെ കെട്ടിവെച്ചാൽ കുഴപ്പമൊന്നുമില്ലേ?

''ഏയ് ഇത് സേഫാണ്''

ഇതെല്ലാം പറയുമ്പോഴും അവർ നടന്നുകൊണ്ടേയിരുന്നു. ചിരിച്ചുകൊണ്ടേയിരുന്നു. ഏതാണ്ട് മുപ്പത് വയസ്സ് തോന്നിക്കും അമ്മയ്ക്ക്. വസ്ത്രധാരണത്തിലും പ്രത്യേകതയുണ്ട്. കറുപ്പ് നിറത്തിലുള്ള ഹാഫ് കുർത്തി. പാവാടപോലെ വസ്ത്രം, അതിന് ചാരനിറമാണ്. അതിന് മുകളിൽ വെളുപ്പും മെറൂണും നിറത്തിലുള്ള കമ്പളി

പുതച്ചുമൂടിയിട്ടുണ്ട്.

കുഞ്ഞിന്റെ പേരെന്താണ്?

''സെറോഫ്''

അപരിചിതനെ കണ്ടതിന്റെ അമ്പരപ്പൊന്നും സെറോഫിലില്ല. അവൻ ചിരിക്കുന്നു, അവനെയിങ്ങനെ നോക്കി നിൽക്കാൻ തന്നെ എന്തുരസമാണ്. അവന്റെ നെറ്റിയിൽ ആരോ കുത്തിക്കൊടുത്ത കറുത്ത കൺമഷിപ്പൊട്ട്.

ഇതാ, വീടെത്തി - മിവാറി പറഞ്ഞു.

വഴിവക്കത്തെ കുഞ്ഞു വീട്. വരാന്തയില്ല. മേൽക്കൂര അൽപ്പം മുന്നോട്ട് കയറ്റിയിട്ട് താഴെ ഉയരംകുറഞ്ഞൊരു ചേതി കെട്ടിയുണ്ടാക്കിയിട്ടുണ്ട്. അകത്ത് ഹാളും അടുക്കളയും മാത്രം. വെളുത്ത പെയിന്റടിച്ച വീടിന്റെ കട്ടിളയ്ക്ക് മാത്രം ഇളം നീലനിറംപൂശിയിട്ടുണ്ട്.

തൊട്ടപ്പുറത്തുള്ളത് മിവാറിയുടെ ബന്ധുവീടാണ്. തകരഷീറ്റ് കൊണ്ട് മേൽക്കൂര പാകിയ, അതേ ഷീറ്റ് കൊണ്ട് ചുറ്റിലും കെട്ടിമറച്ച വീട്. കുറേക്കാലമായി ഈ വീട്ടുകാർ ഇവിടെത്തന്നെയാണ് താമസിക്കുന്നത് എന്ന് അകം കാണുമ്പോൾ മനസ്സിലാകുന്നു. ഷില്ലോങ്ങ് ഒഴികെ മേഘാലയയിൽ എവിടെ പോയാലും നമുക്ക് ഇത്തരം വീടുകളാണ് ധാരാളമായി കാണാൻ പറ്റുക. കുഞ്ഞുവീടുകൾ. ഇവിടുത്തുകാർ വീടിനു വേണ്ടി അത്രയധികം പണം ചെലവഴിക്കുന്നില്ല.

മിവാറി വെളുപ്പും മെറൂണും കള്ളികളുള്ള കമ്പിളി അഴിച്ചു. അതിനുള്ളിൽ വേറെ തുണികൊണ്ട് കുഞ്ഞിനെ കെട്ടിവെച്ചതാണ്. അവൾ ആ കെട്ടും അഴിച്ച് കുഞ്ഞിനെ എനിയ്ക്ക് നേരെ നീട്ടി. ഇരുകൈകളും കൊണ്ട് ഞാനവനെ ഒക്കത്തെടുത്തു. പിന്നെ ആകാശത്തേയ്ക്കുയർത്തി, ഉമ്മ വെച്ചു. എന്തുചന്തമാണീ ചിരിയ്ക്ക്. ഹാ, മധുരം!