തിരുവനന്തപുരം: തമിഴ്നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടിരൂപ നൽകിയതിൽ സി.പി.എം. നിയന്ത്രണത്തിലുള്ള ദിനേശ് ബീഡി സഹകരണ സംഘത്തിനെതിരേ വിജിലൻസ് അന്വേഷണം. മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ടി.ഒ. മോഹനൻ ണ്ടഎം.എൽ.എ. നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

To advertise here,

ശ്രീലക്ഷ്മി വെങ്കിടേശ്വര ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ദിനേശ് സംഘം പണം നൽകിയത്. 100 കോടിരൂപ വായ്പ ലഭിക്കാൻ പണയവസ്തു രജിസ്ട്രേഷനുള്ള ചെലവായാണ് പണം നൽകിയതെന്നാണ് ദിനേശ് മാനേജ്മെന്റിന്റെ വിശദീകരണം. പണമിടപാട് കമ്പനിയുടെ ഉടമകളെന്ന് അവകാശപ്പെടുന്നവരുടെ വ്യക്തിഗത അക്കൗണ്ടിലേക്കും ലക്ഷങ്ങൾ നൽകിയിട്ടുണ്ട്.

ഈ കമ്പനി രജിസ്റ്റർചെയ്ത് ഒൻപതാമത്തെ ദിവസമാണ് ദിനേശ് പണം നൽകുന്നത്. ഇതെല്ലാം 'സംശയകരമായ ഇടപാടായി' വിലയിരുത്തിയാണ് അന്വേഷണം. വെങ്കിടേശ്വര കമ്പനി രജിസ്ട്രേഷൻ പൂർത്തിയാക്കിയത് 2026 ജനുവരി 20-നാണ്. ദിനേശ് 65 ലക്ഷം നൽകുന്നത് ജനുവരി 29-ന്. 30-ന് വീണ്ടും 25 ലക്ഷം. ഫെബ്രുവരി ഒൻപത്, 20, മാർച്ച് ആറ് തീയതികളിലായി 55 ലക്ഷം നൽകി. ആറാം തവണ അഞ്ചരലക്ഷം ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക്. ആറുമാസം കഴിഞ്ഞിട്ടും വായ്പ ലഭിച്ചിട്ടുമില്ല.

  • 10 ലക്ഷം രൂപ അംഗീകൃത മൂലധനവും ഒരു ലക്ഷം രൂപ അടച്ചുതീർത്ത മൂലധനവുമുള്ള സ്വകാര്യ പണമിടപാട് കമ്പനിയിൽനിന്നാണ് ദിനേശ് 100 കോടിരൂപ വായ്പയെടുക്കാൻ അപേക്ഷിച്ചത്
  • വായ്പയെടുക്കുന്ന തുകയ്ക്കുള്ള പണയ രജിസ്ട്രേഷന്റെ ചെലവ് വായ്പത്തുകയിൽ കുറവുവരുത്തുന്നതാണ്? പൊതുരീതി. പണം ദിനേശ് ആദ്യമേ നൽകി
  • ആദായനികുതി വകുപ്പിന്റെ അനുമതി കിട്ടാത്തതിനാലാണ് വായ്പ ലഭിക്കാത്തതെന്നാണ് ദിനേശ് വിശദീകരിച്ചത്. വായ്പത്തുക കൈമാറാൻ അത്തരം അനുമതി വേണ്ട
  • ജീവനക്കാർക്ക് ഗ്രാറ്റ്വിറ്റി കുടിശ്ശിക നൽകാനാണ് വായ്പയെടുക്കുന്നതെന്നാണ് ദിനേശ് വിശദീകരിച്ചത്. ഗ്രാറ്റ്വിറ്റി കൊടുക്കാൻ ബുദ്ധിമുട്ടുന്ന സ്ഥാപനം വായ്പതിരിച്ചടവ് ഉറപ്പാക്കുന്നതിന് തയ്യാറാക്കിയ പദ്ധതി എന്താണ്
  • കേരളത്തിനു പുറത്തുള്ള സ്ഥാപനത്തിൽനിന്ന് 100 കോടി വായ്പയെടുക്കാനുള്ള അനുമതി ദിനേശിന് സർക്കാരിൽനിന്ന് ലഭിച്ചിട്ടില്ല. അതിന് ശ്രമിച്ചിട്ടുമില്ല

അന്വേഷണവുമായി സഹകരിക്കും

കേരള ബാങ്ക് അടക്കം ഒരു സ്ഥാപനവും വായ്പനൽകാഞ്ഞതിനാലാണ് സ്വകാര്യപണമിടപാട് സ്ഥാപനത്തെ സമീപിച്ചത്. ചെക്കുകളായാണ് പണം കൈമാറിയത്. അന്വേഷണവുമായി സഹകരിക്കും.

 

-എം.കെ. ദിനേശ് ബാബു, ചെയർമാൻ ദിനേശ്