
കാക്കനാട്: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീല രീതിയിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ കോളേജ് വിദ്യാർഥിയെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര ഭാരതമാതാ കോളേജിലെ രണ്ടാംവർഷ ബി.ബി.എ. (ലജിസ്റ്റിക്‌സ്) വിദ്യാർഥി തിരുവനന്തപുരം കിളിമാനൂർ സ്വദേശി എസ്. ശ്രീഹരിയാണ് (20) അറസ്റ്റിലായത്. കാക്കനാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടോയെന്നും ഏതെല്ലാം അക്കൗണ്ടുകൾ വഴിയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും അന്വേഷിച്ചുവരികയാണ്. ഇതിനായി തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മിഷണർ സി.കെ. ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിൽ ആറംഗ അന്വേഷണ സംഘത്തിന് രൂപം നൽകി. കോളേജ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബുധനാഴ്ചയാണ് പോലീസ് കേസെടുത്തത്. തുടർന്ന് കസ്റ്റഡിയിലെടുത്ത ശ്രീഹരിയെ വിശദമായി ചോദ്യംചെയ്ത ശേഷം കഴിഞ്ഞദിവസം രാത്രി വൈകിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കോളേജിലെ വിവിധ പരിപാടികളുടെ ചിത്രങ്ങളും വീഡിയോകളും ശ്രീഹരി പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളാണ് ദുരുപയോഗം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. വിദ്യാർഥികളും അധ്യാപകരും നടക്കുന്നതിന്റെയും ഇരിക്കുന്നതിന്റെയും ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വ്യാജപ്രചാരണം. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് കോളേജിൽ ഉയർന്നത്. പ്രതിക്കെതിരേ കർശന നടപടി ആവശ്യപ്പെട്ട് വിദ്യാർഥികൾ കാമ്പസിൽ സമരം നടത്തിയിരുന്നു.
ലക്ഷ്യം പണം; സഹായിച്ചവരും കുടുങ്ങും
കാക്കനാട്: തൃക്കാക്കര ഭാരതമാതാ കോളേജ് കാമ്പസിൽ നിന്നും പകർത്തപ്പെട്ടത് വിദ്യാർഥികളുടെ നടത്തവും ഇരിപ്പും മുതൽ അധ്യാപികമാരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വീഡിയോകളും വരെ. ഇവയിൽ പലതും കേസിലെ പ്രതിയായ ശ്രീഹരി പിന്നീട് മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി വിൽപ്പന നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ശ്രീഹരിക്ക് പുറമേ മൂന്നുപേർകൂടി ചിത്രങ്ങൾ മോർഫ് ചെയ്യാനും പ്രചരിപ്പിക്കാനും സഹായിച്ചിട്ടുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഇവർക്കായി തിരച്ചിൽ ഊർജിതമാക്കി. ശ്രീഹരി അഡ്മിനായി നിരവധി വാട്സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ പ്രവർത്തിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ വിറ്റ് നേടിയ പണം ഏതെല്ലാം ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തിയതെന്നും പോലീസ് അന്വേഷിക്കുന്നു. 2025 ഡിസംബർ മുതലുള്ള കോളേജ് പരിപാടികളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും ശ്രീഹരിയുടെ ഫോണിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇവയിൽ ഏതെല്ലാം ചിത്രങ്ങളാണ് മോർഫ് ചെയ്തത്, ആർക്കാണ് കൈമാറിയത്, എവിടെയെല്ലാം വിറ്റു തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്. മോർഫ് ചെയ്ത ദൃശ്യങ്ങൾ വിവിധ ഓൺലൈൻ സൈറ്റുകൾക്കും ടെലഗ്രാം ഗ്രൂപ്പുകൾക്കും കൈമാറി പണം വാങ്ങിയതായാണ് സൂചന.
'റീൽസിന്റെ' മറവിൽ ചിത്രശേഖരണം
കോളേജിലെ പൊതുപരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു ശ്രീഹരി. കോളേജ് പരിപാടികളിൽ ഫോട്ടോഗ്രാഫറായും റീൽസ് ചിത്രീകരിക്കുന്നയാളായും പ്രവർത്തിച്ചിരുന്ന ഇയാൾക്ക് അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങളും വിഡിയോകളും എളുപ്പം ലഭിച്ചിരുന്നു. ഓണാഘോഷം ഉൾപ്പെടെയുള്ള കോളേജ് പരിപാടികളിൽ പകർത്തിയ ദൃശ്യങ്ങളും ഇത്തരത്തിൽ ശേഖരിച്ചു.
വിശ്വാസത്തോടെ കൈമാറിയ ചിത്രങ്ങളിൽനിന്നാണ് പിന്നീട് അശ്ലീലദൃശ്യങ്ങൾ നിർമിച്ചതെന്നാണ് കണ്ടെത്തൽ. പ്രതിയുടെ ഫോണിൽനിന്ന് നിരവധി അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചിത്രങ്ങൾ വിൽക്കുന്നതിനായി അടുത്ത സുഹൃത്തുക്കളെ ഉൾപ്പെടുത്തി പ്രത്യേക ഗ്രൂപ്പുകളും രൂപവത്കരിച്ചിരുന്നതായാണ് വിവരം.
'പരിചിതരുടെ' ചിത്രങ്ങൾക്ക് വിപണി
ഇന്റർനെറ്റിൽ സൗജന്യമായി അശ്ലീല ഉള്ളടക്കം ലഭ്യമായിരിക്കെ, പരിചയമുള്ളവരുടെ നഗ്‌നചിത്രങ്ങൾ കാണാനുള്ള ചിലരുടെ വികൃതമായ താത്പര്യമാണ് ഇത്തരം ഉള്ളടക്കങ്ങൾക്ക് വിപണി സൃഷ്ടിക്കുന്നതെന്നാണ് പോലീസ് വിലയിരുത്തൽ. യഥാർഥ ചിത്രങ്ങൾ ചോർന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മോർഫ് ചെയ്ത ദൃശ്യങ്ങൾ വിൽപ്പന നടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ചെറിയ തുകകൾ മുതൽ വലിയ തുകകൾവരെ ചിത്രങ്ങൾക്കായി കൈമാറിയതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയുള്ള പണമിടപാടുകളും പരിശോധിച്ചുവരികയാണ്.
വഴിത്തിരിവായത് പൂർവ വിദ്യാർഥിയുടെ ശ്രദ്ധ
ഓൺലൈൻ സൈറ്റുകളിൽ പ്രചരിച്ചിരുന്ന ചിത്രങ്ങൾ ഒരു പൂർവ വിദ്യാർഥിയുടെ ശ്രദ്ധയിൽപ്പെട്ടതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോളേജുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ദുരുപയോഗം ചെയ്തതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചത്.
അന്വേഷണം കാമ്പസിന് പുറത്തേക്കും
ഈ ഗ്രൂപ്പുകളിൽ മറ്റു കോളേജുകളിലെ വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്. മോർഫിങ് നടത്താൻ കൂടുതൽ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഉപയോഗിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നു. പ്രതി നേരത്തേ ഉപയോഗിച്ചിരുന്ന ഫോണുകളും ലാപ്ടോപ്പുകളും കണ്ടെത്തി പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. തിരുവനന്തപുരത്തെ വീട്ടിലടക്കം പരിശോധന നടത്താനാണ് തീരുമാനം.
അന്വേഷണം ഇനി 'സൈബർ ട്രാക്കിൽ'; ആറംഗ പ്രത്യേകസംഘം
കാക്കനാട്: തൃക്കാക്കര ഭാരതമാതാ കോളേജിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കേസിന്റെ സമഗ്ര അന്വേഷണത്തിനായി തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ സി.കെ. ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിൽ ആറംഗ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി. കാമ്പസിനെയും പൊതുസമൂഹത്തെയും ഞെട്ടിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞദിവസം എറണാകുളത്തുനിന്നാണ് പോലീസ് പിടികൂടിയത്.
സൈബർ വിദഗ്ധരും സംഘത്തിൽ
തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും അന്വേഷണം. തൃക്കാക്കര പോലീസ് സ്റ്റേഷനിലെ സി.ഐ., എസ്.ഐ.മാർ എന്നിവർക്കു പുറമേ സൈബർ ക്രൈം വിദഗ്ധരും സംഘത്തിലുണ്ട്. സൈബർ ഡോമിൽനിന്നും സൈബർ പോലീസ് സ്റ്റേഷനിൽനിന്നുമുള്ള സാങ്കേതിക വിദഗ്ധരുടെ സഹായവും അന്വേഷണസംഘത്തിന് ലഭിക്കും. വ്യാജചിത്രങ്ങളും വീഡിയോകളും പ്രതി എങ്ങനെയാണ് തയ്യാറാക്കിയതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഇവ പ്രചരിപ്പിക്കാൻ ഏതെല്ലാം ഡിജിറ്റൽ മാധ്യമങ്ങളും സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചുവെന്നും പോലീസ് അന്വേഷിക്കും. സംഭവത്തിൽ പ്രതിക്ക് സാങ്കേതികമായോ നേരിട്ടോ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. കേസിലെ നിർണായക തെളിവുകൾ കണ്ടെത്തുന്നതിനായി പ്രതിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയപരിശോധനയ്ക്കായി സൈബർ ലാബിലേക്ക് അയക്കും.
Content Highlights: A college student from Thiruvananthapuram was arrested for morphing and distributing explicit images and videos of teachers and classmates on social media, with further investigation ongoing to identify additional accomplices and accounts involved.
Published: 05 Sept 2026, 08:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented