ഇരിങ്ങാലക്കുട : വളർന്നുവരുന്ന പുതുതലമുറയ്ക്ക് കൂടിയാട്ടത്തിന്റെ നാട്യസംസ്‌കാരം പരിചയപ്പെടുത്തുന്നതിനായി സ്‌കൂൾ-കോളേജ് വിദ്യാർഥികൾക്കുവേണ്ടി ഒരുക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന 'നാട്യസൗരഭം' കൂടിയാട്ട പരിചയ-ആസ്വാദനക്കളരിക്ക് തുടക്കമായി. ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബും അമ്മന്നൂർ ഗുരുകുലവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

To advertise here,

മാധവനാട്യഭൂമിയിൽ നടന്ന ചടങ്ങ് തോമസ് ഉണ്ണിയാടൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിൽ രംഗകലകളെ പരിചയപ്പെടുത്തുന്ന പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുമെന്ന് എം.എൽ.എ. ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കഥകളി ക്ലബ്ബ് പ്രസിഡന്റ് രമേശൻ നമ്പീശൻ, ഗുരുകുലം പ്രസിഡന്റ് കലാമണ്ഡലം രാജീവൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.

 

തുടർന്ന് പർണശാലാങ്കം കൂടിയാട്ടത്തിലെ ലളിതയുടെ ഭാഗം കൂടിയാട്ട കലാകാരി കപില ചൊല്ലിയാടി. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ എന്നിവരും ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്ണനും താളത്തിൽ കൂടിയാട്ട കലാകാരി സരിതാ കൃഷ്ണകുമാറും പക്കമേളമൊരുക്കി. പ്രശസ്ത കൂടിയാട്ട കലാകാരി ഡോ. അപർണ നങ്ങ്യാർ ആസ്വാദന ക്ലാസ് നയിച്ചു.

ഒരു വർഷംകൊണ്ട് കൂടിയാട്ടം എന്ന കലാരൂപത്തെക്കുറിച്ച് സമഗ്രമായ അറിവ് വിദ്യാർഥികൾക്ക് പകർന്നുകൊടുക്കുന്ന തരത്തിലാണ് ക്ലാസിന്റെ പാഠ്യക്രമവും ഉള്ളടക്കവും ക്രമീകരിച്ചിരിക്കുന്നത്. ക്ലാസുകൾ സ്‌കൂൾ-കോളേജ് അവധിദിവസങ്ങളിലോ, രാവിലെ പത്തിനും വൈകീട്ട് ആറിനും മധ്യേ സൗകര്യപ്രദമായ ഒഴിവുസമയങ്ങളിലായിരിക്കും. ആസ്വാദനക്കളരി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക്, കഥകളി ക്ലബ്ബിന്റെ വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന രംഗകലാ കോൺഫ്രൻസ് സമാപന വേദിയിൽ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.