ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ സുഗന്ധം പരത്തുന്ന പ്രഭാതകാഴ്ചയായി സൈക്കിളിൽ യുവാക്കളുടെ മുല്ലപ്പൂ വിൽപ്പന.

To advertise here,

സ്വയം വരുമാനം കണ്ടെത്താനുള്ള ഈ ‘പാർട്‌ടൈം ജോലി’ ചെയ്യുന്നവരിൽ വിദ്യാർഥികളും ബിരുദം കഴിഞ്ഞ് മികച്ച ജോലി തേടുന്നവരുമുണ്ട്. പത്തിലധികം യുവാക്കൾ നിത്യവും മുല്ലപ്പൂ വിൽപ്പനയ്ക്കെത്തുന്നു. പുലർച്ചെ മൂന്നിന് ഇവർ എത്തും. കോയമ്പത്തൂരിൽനിന്ന് ട്രാൻസ്‌പോർട്ട് ബസിലാണ് ഇവർക്കുള്ള പൂവ് എത്തുക. ഒരു ദിവസം ഒന്നോ ഒന്നരയോ കിലോ വാങ്ങും. കല്യാണങ്ങൾ കൂടുതലുള്ള ദിവസങ്ങളിൽ രണ്ടു കിലോ വരെ വേണ്ടിവരും. എട്ടരയോടെ വിൽപ്പന നിർത്തും.

കുന്നംകുളം ആർത്താറ്റ് സ്വദേശി 23-കാരൻ അശ്വിൻ ആണ് കൂട്ടത്തിൽ ജൂനിയർ. തൃശ്ശൂരിൽ ബി.ബി.എ. വിദ്യാർഥിയാണ്. അതിരാവിലെ വരും. കോളേജിൽ പോകുന്നതിനിടയിൽ രണ്ടോ മൂന്നോ മണിക്കൂർ മുല്ലപ്പൂ വിൽപ്പനയ്ക്കായി ചെലവിടും.

ബി.കോം. ബിരുദധാരിയായ പാവറട്ടി പാങ്ങ് സ്വദേശി നിധിനും ഡിഗ്രി വരെ പഠിച്ച ഗുരുവായൂർ സ്വദേശി അജ്മലിനും മുല്ലപ്പൂ വിൽപ്പന ആവേശമാണ്. നല്ലൊരു ജോലി കിട്ടും വരെ ഇത് തുടരും.

ചാവക്കാട്ടുകാരനായ ഷെഫീലും ഇവർക്കൊപ്പമുണ്ട്. ഗുരുവായൂരിലെ ഫോട്ടോഗ്രാഫർമാരായിരുന്ന സനീഷ് ഗുരുവായൂരും വിബീഷ് ഗുരുവായൂരും മുല്ലപ്പൂ വിൽപ്പനയിലാണ്. ക്ഷേത്രപരിസരത്ത് ഒട്ടേറെ പൂക്കടകളുണ്ട്. തട്ടുകളിട്ട് മുല്ലപ്പൂ വിൽപ്പന നടത്തുന്നവരും ഏറെയുണ്ട്.

എന്നാൽ സൈക്കിളിൽ സഞ്ചരിച്ചുള്ള വിൽപ്പന ഈയിടെയാണ് ഹിറ്റായത്. ഒരു ദിവസം ആയിരം രൂപയെങ്കിലും വരുമാനം ലഭിക്കുന്നുണ്ട്.