പുതുക്കാട് : കുറുമാലിപ്പുഴയിലെ മൺചിറകൾക്ക് വർഷങ്ങളുടെ ചരിത്രമുണ്ട്. ചിമ്മിനി ഡാം കമ്മീഷൻ ചെയ്യും മുൻപേ കുറുമാലിപ്പുഴയിൽ ചിറകൾ പണിയുന്ന പതിവുണ്ട്. പുതുക്കാടിനേയും പരിസര പ്രദേശങ്ങളേയും വരൾച്ചയിൽ നിന്നും രക്ഷിക്കുന്നതിൽ ഈ ചിറകളുടെ പങ്ക് ചെറുതല്ല. കൃഷിയേറെയുള്ള പ്രദേശത്ത് കർഷകർക്കും ആശ്വാസമാണ് ഇവ. എന്നാൽ ചിറ കെട്ടാനുപയോഗിക്കുന്ന മണ്ണും പ്ലാസ്റ്റിക് ചാക്കുകളും പരിസ്ഥിതിക്കു തന്നെ ദോഷം വരുത്തുമ്പോൾ ബദൽ സംവിധാനം തേടേണ്ടത് അനിവാര്യമാണ്
ചിമ്മിനി കനിഞ്ഞാൽ...
വരന്തരപ്പിള്ളി പഞ്ചായത്ത് പ്രദേശത്തെ ചിമ്മിനി ഡാമും ഡാമിന്റെ പ്രധാന ജലവിതരണ മാർഗമായ കുറുമാലിപ്പുഴയുമാണ് പുതുക്കാട് മണ്ഡലത്തിൽ കാർഷിക, കുടിവെള്ള ആവശ്യങ്ങൾക്ക് പരിഹാരമാകുന്നത്. തൃക്കൂർ, നെന്മണിക്കര, പുതുക്കാട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന മണലിപ്പുഴയും മണ്ഡലത്തിന്റെ ഭാഗമാണ്. മാഞ്ഞാംകുഴി മുതൽ ഏനമ്മാവ് വരെയുള്ള 13000 ഹെക്ടർ കോൾനിലങ്ങൾക്ക് ആശ്രയം ചിമ്മിനി ഡാമിലെ വെള്ളമാണ്.
അതുകൊണ്ടുതന്നെ വേനൽ തുടങ്ങിയാൽ കോൾപ്പാടങ്ങൾക്ക് വെള്ളം കിട്ടാൻ ചിമ്മിനി ഡാം തുറക്കണം. ഡാം തുറന്നാൽ പുതുക്കാടിന്റെ ദുരിതകാലം തുടങ്ങും. ഡാമിലെ വെളളം തീർന്നാലും കോൾപടവുകളിൽ ആവശ്യത്തിന് വെള്ളം തികയില്ല. ഡാം തുറന്ന്, കുറുമാലിപ്പുഴ നിറഞ്ഞൊഴുകിയാൽ മാത്രമേ കോൾ കർഷകർക്ക് ആവശ്യത്തിന് വെള്ളമെത്തൂ. ഈ പ്രതിസന്ധിക്ക് പരിഹാരമായാണ് കുറുമാലിപ്പുഴയിൽ വർഷംതോറും മൺചിറകൾ കെട്ടുന്നത്. മണൽ നിറച്ച ചാക്കുകൾ ഒന്നിനുമീതെ ഒന്നായി അടുക്കിയാണ് പുഴയിൽ താത്കാലിക മൺചിറകൾ പണിയുന്നത്.
കുറുമാലിപ്പുഴയിലെ പാലപ്പിള്ളി കന്നാറ്റുപാടം ചിറ, വേലുപ്പാടം പൗണ്ടിലെ കാരികുളം ചിറ, വരന്തരപ്പിള്ളിയിലെ തോട്ടുമുഖം ചിറ, മാഞ്ഞൂർ വാസുപുരം ചിറ, ചെങ്ങാലൂർ കുണ്ടുകടവ് എന്നിവിടങ്ങളിലാണ് താത്കാലിക മൺചിറകൾ കെട്ടിയിരുന്നത്. ചെങ്ങാലൂർ കാനത്തോട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർത്ഥ്യമായതോടെ കുണ്ടുകടവിൽ ഇനി താത്കാലിക മൺചിറയുടെ ആവശ്യമില്ല. തൃശ്ശൂർ ഇറിഗേഷന് കീഴിൽ വരുന്ന മൺചിറകൾ ഡിസംബറിൽ പണിപൂർത്തിയാക്കേണ്ടതാണ്. മഴ ശക്തമായി പുഴയിൽ നീരൊഴുക്ക് കനക്കുന്പോൾ ജൂൺ 30-ന് മുൻപ് ഇവ തനിയെ പൊട്ടുകയാണ് പതിവ്. വകുപ്പ് കരാർ നൽകുന്ന ചിറകൾ ഓരോന്നിന്റേയും പണിക്ക് 15 മുതൽ 20 ലക്ഷം വരെയാണ് ചെലവ് വരുന്നത്. ഒരു ചിറയുടെ പണിയ്ക്ക് പതിനായിരം മണൽ ചാക്കുകൾ വേണ്ടിവരും എന്നാണ് കണക്ക്.
(തുടരും...)
ചിറ കെട്ടിക്കോ, പരിസ്ഥിതിക്ക് ദോഷം വരാതെ
കുറുമാലിപ്പുഴയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിലെ വീട്ടുകിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ മലിനമാകുന്നതിനുള്ള കാരണവും മറ്റൊന്നല്ല. ഡിസംബറിൽ തുടങ്ങേണ്ട ചിറകളുടെ കരാർ വൈകുന്നതോടെ പണിയും വൈകും. ഈ സമയം ചിമ്മിനി ഡാം തുറന്നാൽ ജലനിരപ്പ് താഴ്ന്ന കുറുമാലിപ്പുഴയിലെ നാല്പതോളം വരുന്ന ഇറിഗേഷൻ പദ്ധതികളുടെ പ്രവർത്തനം നിർത്തിവെയ്ക്കുകയാണ് പതിവ്.
Published: 29 Oct 2026, 02:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented