മാളയിലെ വ്യവസായ-കായിക സ്വപ്‌നങ്ങൾ തകർച്ചയിൽ. സ്ഥലവും കെട്ടിടങ്ങളും കാടുമൂടിയിരിക്കുകയാണ്. ആരും തിരിഞ്ഞുനോക്കാതെ കിടക്കുകയാണ് കോടികൾ പാഴാക്കിയ പദ്ധതികൾ...

To advertise here,

​കുഴൂർ: കാടിനുള്ളിലൊരു കെട്ടിടമെന്ന അവസ്ഥയിലാണ് കേരള പൗൾട്രി ഡിവലപ്മെന്റ് കോർപറേഷൻ കോടികൾ മുടക്കി നിർമിച്ച കുഴൂരിലെ കോഴിത്തീറ്റ ഫാക്ടറി. ഈ കാടിനുള്ളിലെ കെട്ടിടത്തിൽ തുരുമ്പെടുത്ത് നശിച്ച് ആക്രിയായ കുറെ യന്ത്രങ്ങളും മണ്ണടിയുകയാണ്. കെട്ടിടത്തിനുള്ളിൽ പ്രവേശിക്കാൻപോലും കഴിയാത്ത നിലയിൽ ചുറ്റും കാട് വളർന്നിരിക്കുകയാണ്. കെട്ടിടത്തിനകത്തും മരങ്ങൾ വളർന്നുനിൽക്കുന്നുണ്ട്. പണമില്ലാതെയും കോടതി കയറിയും കുരുക്കിലായ കോഴിത്തീറ്റ ഫാക്ടറിക്ക് സർക്കാരിന്റെ അവഗണന കൂടിയായപ്പോൾ എല്ലാം ഇല്ലാതായി.

അറ്റകുറ്റപ്പണികൾക്കും ഉത്‌പാദനം തുടങ്ങാനുമായി 2020-ൽ 18 കോടി രൂപയാണ് ആവശ്യമുള്ളതെന്ന് കോർപറേഷൻ വ്യക്തമാക്കിയിരുന്നെങ്കിലും തുടർനടപടികളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഫാക്ടറിയുടെ പ്രവർത്തനത്തിനായി സ്ഥാപിച്ച ട്രാൻസ്‌ഫോർമറിന്റെ കണക്ഷൻ ഒരു വർഷം മുൻപ് വിച്ഛേദിച്ച് കാടുകയറിക്കിടക്കുകയാണ്. 2016 മാർച്ച് 28-ന് സർക്കാർ ഉത്തരവനുസരിച്ച് 17.974 കോടി രൂപയുടെ ഭരണാനുമതി പുതുക്കി നിശ്ചയിച്ചിരുന്നു. ഫാക്ടറിയുടെ ശേഷിക്കുന്ന നിർമാണം, ട്രയൽ റൺ, വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം എന്നിവയ്ക്കായാണ് സർക്കാരിന്റെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നത്.

2011-12 ൽ രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ പദ്ധതി സമർപ്പിച്ച് ഭരണാനുമതി ലഭിച്ച് കൺസൾട്ടൻസിയായി കിറ്റ്‌കോയെ വീണ്ടും നിയമിച്ച് 22.63 കോടിയുടെ എസ്റ്റിമേറ്റ് വന്നേക്കുമെന്ന് സൂചിപ്പിച്ചിരുന്നു. 2011-ൽ സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി ഉദ്ഘാടനത്തിനുവേണ്ടി മാത്രം ഫാക്ടറി പ്രവർത്തിപ്പിച്ചു. 1994-ലാണ് പദ്ധതി ആവിഷ്കരിച്ചത്. ഇതിനായി കുഴൂരിൽ 5.28 ഏക്കർ സ്ഥലം കോർപറേഷനുവേണ്ടി വാങ്ങി. ഈ സ്ഥലത്ത് 2.17 കോടി രൂപ ചെലവഴിച്ച് കോഴിത്തീറ്റ ഫാക്ടറി നിർമിക്കാനാണ് ലക്ഷ്യമിട്ടത്.

പദ്ധതിയുടെ 65 ശതമാനവും ബാങ്ക് വായ്പയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, വായ്പ നൽകാൻ ബാങ്ക് വിസമ്മതിച്ചതോടെ കിറ്റ്‌കോ കൺസൾട്ടൻസി പ്രവർത്തനം തുടർന്നുപോയില്ല. തുടർന്ന് സർക്കാർ ചുമതലപ്പെടുത്തിയ വിദഗ്ധസമിതി 1998-ൽ റിപ്പോർട്ട് നൽകി. ഫാക്ടറിക്കുവേണ്ടി വാങ്ങിയ യന്ത്രങ്ങൾക്ക് മുൻ‌കൂർ നൽകിയ തുക തിരിച്ചുകിട്ടാൻ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചെങ്കിലും 2011-ൽ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനിച്ചത്. വിപണി സാധ്യതാപഠനംപോലും നടത്താതെയാണ് കോഴിത്തീറ്റ ഫാക്ടറി തുടങ്ങിയതെന്നതാണ് യാഥാർഥ്യം.

മന്ത്രി ഒ.ജെ. ജനീഷിന്റെ നാടുകൂടിയായ കുഴൂരിലെ ഈ സ്ഥാപനം തുറക്കാനോ പകരം മറ്റു പദ്ധതികൾ കൊണ്ടുവരാനോ ഉള്ള സാധ്യത പരിഗണിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.