ആലുവ : മാർത്താണ്ഡവർമ പാലത്തിന്റെ അറ്റകുറ്റപ്പണിയെത്തുടർന്ന് രണ്ടാം ദിവസവും ദേശീയപാതയിൽ ഗതാഗതക്കുരുക്ക്. മന്ദഗതിയിലാണ് വാഹനങ്ങൾ ദേശീയപാതയിലൂടെ സഞ്ചരിച്ചത്. മാർത്താണ്ഡവർമ പുതിയ പാലത്തിലൂടെ ഒരുവരിയിലൂടെ മാത്രമാണ് ഒരുവശത്തേക്കുള്ള വാഹനം കടത്തിവിടുന്നത്.

To advertise here,

എറണാകുളം ഭാഗത്തുനിന്ന് ആലുവ മേൽപ്പാലത്തിലൂടെയും സർവീസ് റോഡിലൂടെയും കടന്നുവരുന്ന വാഹനങ്ങൾ ബൈപ്പാസ് ജങ്ഷനിലെത്തുമ്പോൾ ഒറ്റവരിയിലേക്ക് മാറും. തുടർന്ന് ആലുവ പുതിയപാലം കടന്ന് നൂറു മീറ്റർ മുന്നോട്ട് നീങ്ങി തോട്ടയ്ക്കാട്ടുകര ജങ്ഷനിലെത്തുമ്പോൾ ഇടത്തേക്ക് തിരിഞ്ഞ് ദേശീയപാതയിലേക്ക് കയറുകയാണ് ചെയ്യുന്നത്.

അതേസമയം പാലത്തിലെ അറ്റകുറ്റപ്പണി തുടരുന്നതിനാൽ ആലുവ നഗരംവഴിയുള്ള യാത്രകൾ വാഹനങ്ങൾ ഒഴിവാക്കി. ഇതോടെ നഗരത്തിലെ റോഡുകൾ ഭൂരിഭാഗം സമയവും കാലിയായി കിടന്നു. നഗരത്തിൽ കടക്കാതെ മറ്റ് വഴികളിലൂടെയാണ് വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിച്ചത്. കിഴക്കൻ മേഖലയിൽ നിന്ന് വരുന്ന ഭാരവാഹനങ്ങൾ പലതും പെരുമ്പാവൂരിലെത്തി എം.സി. റോഡ് വഴി അങ്കമാലിയിൽ വെച്ച് ദേശീയപാതയിൽ കയറി.

ദേശസാത്കൃത റോഡിലൂടെ വരുന്ന ചെറുവാഹനങ്ങൾ മഹിളാലയം തുരുത്ത് പാലത്തിലൂടെ കാലടി റോഡിലെത്തി ദേശം കവലയിലൂടെയാണ് ദേശീയപാതയിൽ പ്രവേശിച്ചത്.

ദേശീയപാതയിലൂടെ എറണാകുളത്തേക്ക് സഞ്ചരിക്കേണ്ട വാഹനങ്ങൾ കൊച്ചിൻ ബാങ്ക് കവലയിൽ നിന്ന് എൻ.എ.ഡി. റോഡിലൂടെ കളമശ്ശേരി വഴി ദേശീയപാതയിലെത്തി. ദേശീയപാതയിലൂടെ ദീർഘദൂരം സഞ്ചരിക്കുന്നവരാണ് ആലുവയിൽ കുരുങ്ങിയവരിൽ കൂടുതലും.

പണി ഇവിടെ വരെ

എ വൺ, പി വൺ, എ ടു, പി ടു എന്നിങ്ങനെ ഗർഡറുകൾ തമ്മിൽ നാല് ജോയിന്റുകളാണ് പാലത്തിനുള്ളത്. ജോയിന്റുകൾ കംപ്രസർ ബ്രേക്കർ ഉപയോഗിച്ച് പൊട്ടിച്ചശേഷം എക്സ്‌പാൻഷൻ ജോയിന്റുകൾ സ്ഥാപിച്ച് വെൽഡ് ചെയ്ത് ഉറപ്പിച്ച്‌, കോൺക്രീറ്റിട്ട് ഉറപ്പിക്കൽ തുടങ്ങി. മൈക്രോ കോൺക്രീറ്റിങ് ആണ് ചെയ്യുന്നത്.

എക്സ്‌പാൻഷൻ ജോയിന്റുകൾക്കിടയിൽ റബ്ബർ ബുഷ് സ്ഥാപിച്ച് യോജിപ്പിക്കുന്നതാണ് അടുത്ത ഘട്ടം. വെള്ളിയാഴ്ചയോടെ ജോയിന്റിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

തുടർന്ന് പാലത്തിന്റെ അടിയിലും അറ്റകുറ്റപ്പണികൾ നടത്തും. ഇവ തീരുന്ന മുറയ്ക്കായിരിക്കും ദേശം പാലത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുക.