ഫോർട്ട്‌കൊച്ചി : ഫോർട്ട്‌കൊച്ചി കടപ്പുറം സംരക്ഷിക്കുന്നതിന് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. നിയമസഭയിൽ മുഹമ്മദ് ഷിയാസ് എം.എൽ.എ. ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഫോർട്ട്‌കൊച്ചി തീരസംരക്ഷണം ലോക ബാങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫോർട്ട്‌കൊച്ചി തീരം കേരളത്തിലെ അപകടസാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണെന്ന് ജലസേചന വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സ്ഥലം സംരക്ഷിക്കുന്നതിന് ശാസ്ത്രീയ പഠനങ്ങളും രൂപകല്പന നടപടികളും പുരോഗമിക്കുകയാണ്.
തീരസംരക്ഷണത്തിനുള്ള അനുയോജ്യമായ മാർഗങ്ങൾ കണ്ടെത്തുന്നതിനായി സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ മുഖേന മോഡലിങ്, ഡിസൈൻ പഠനങ്ങൾ എന്നിവ നടത്തിവരുകയാണ്.
തീരദേശ നിയന്ത്രണമേഖല അനുമതിക്കായുള്ള റിപ്പോർട്ട് തയ്യാറാക്കാൻ ചെന്നൈയിലെ നാഷണൽ സെന്റർ ഫോർ സസ്റ്റെയ്‌നബിൾ കോസ്റ്റൽ മാനേജ്‌മെന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ നേതൃത്വത്തിൽ കരട് മാപ്പുകൾ തയ്യാറാക്കിവരുകയാണ്. പദ്ധതിയുടെ പാരിസ്ഥിതികാഘാതം വിലയിരുത്തുന്നതിനുള്ള പഠനവും പുരോഗമിക്കുന്നുമുണ്ട്. ആർട്ടിഫിഷ്യൽ റീഫുകൾ, ജിയോട്യൂബുകൾ, ബീച്ച് നറിഷ്‌മെന്റ് തുടങ്ങിയ പ്രകൃതിസൗഹൃദ ശാസ്ത്രീയ ബദലുകളുടെ സാധ്യതകൾ പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഠനം പൂർത്തിയാക്കി രൂപകല്പന ലഭ്യമാകുന്ന മുറയ്ക്ക് പ്രവൃത്തിക്ക് സാമ്പത്തികാനുമതി തേടി സർക്കാരിന് സമർപ്പിക്കും.
ഫോർട്ട്കൊച്ചിയിലെ തീരശോഷണം അടിയന്തരമായി പരിഹരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ഷിയാസ് എം.എൽ.എ. നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചത്. വല്ലാർപാടം പദ്ധതിയുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങൾ, തുറമുഖത്തെ െഡ്രജ്ജിങ്, കടൽനിരപ്പ് ഉയരൽ തുടങ്ങിയ വിഷയങ്ങളും സബ്മിഷനിൽ ഉന്നയിച്ചു. ഫോർട്ട്കൊച്ചി ബീച്ച് ചുരുങ്ങുന്നതും തീരത്തെ നടപ്പാത തകരുന്നതും വിനോദസഞ്ചാരമേഖലയെയും തീരദേശവാസികളെയും പ്രതികൂലമായി ബാധിക്കുന്നതായി സബ്മിഷനിൽ ചൂണ്ടിക്കാട്ടി.
തുറമുഖത്ത് െഡ്രജ്ജ് ചെയ്തെടുക്കുന്ന മണൽ, തീരം സംരക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന കാര്യവും പരിശോധിക്കണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടിരുന്നു.
Published: 30 Oct 2026, 03:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented