സുരക്ഷാ ക്രമീകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും

To advertise here,

നെടുമ്പാശേരി : നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ച സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ്, പോലീസ്, സിയാൽ ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം വ്യാഴാഴ്ച തുടർപരിശോധന നടത്തി. അത്താണി സിഗ്നൽ മുതൽ വിമാനത്താവളം വരെയുള്ള റോഡിലെ സുരക്ഷാ ക്രമീകരണങ്ങൾ മോട്ടോർ വാഹനവകുപ്പ് എറണാകുളം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ.യുടെ നേതൃത്വത്തിലാണ് പരിശോധിച്ചത്.

അപകടത്തേത്തുടർന്ന് അത്താണി സിഗ്നൽ മുതൽ വിമാനത്താവളം വരെയുള്ള റോഡിലെ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കുന്നതിനാണ് പരിശോധന നടത്തിയത്. വളവുകൾ, യുടേണുകൾ, വേഗനിയന്ത്രണ സംവിധാനങ്ങൾ (ബ്ലിങ്കർ ലൈറ്റുകൾ, റബിൾ സ്ട്രിപ്പ്), എ ഐ നിരീക്ഷണ ക്യാമറകൾ, റോഡ് മാർക്കിങ്ങുകൾ, ദിശാ സൂചികകൾ എന്നിവയുടെ സാധ്യതകൾ സംഘം പരിശോധിച്ചു. വിവിധ ഏജൻസികളുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ അടക്കം വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കും.

ഡൽഹിയിൽ നിന്നുള്ള വിദഗ്ധർ കാർ പരിശോധിച്ചു

നെടുമ്പാശ്ശേരി : നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രക്കാരായ മൂന്നുപേർ മരിച്ച സംഭവത്തിൽ അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം കാർ കമ്പനിയുടെ ഡൽഹിയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ പരിശോധന നടത്തി. അപകടം നടക്കുമ്പോൾ കാറിന്റെ വേഗവും ബ്രേക്ക്‌ ചെയ്തിട്ടുണ്ടോ എന്നറിയാനുമുള്ള പരിശോധനയുമാണ് നടന്നത്.

പരിശോധനയുടെ രേഖാമൂലമുള്ള റിപ്പോർട്ട് ഔദ്യോഗികമായി കമ്പനി അധികൃതർ ഡിവൈ.എസ്.പി. ബൈജു പൗലോസിന് അടുത്തദിവസം കൈമാറും. വിമാനത്താവള റോഡിൽ 11-ന് പുലർച്ചെയാണ് അപകടം നടന്നത്. 19 കാരനായ സുഹൈൽ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ചാണ് മൂന്നുപേർ മരിച്ചത്. സുഹൈലും കാറിൽ കൂടെയുണ്ടായിരുന്ന നിനവ്, ജോയൽ, അമീൻ എന്നിവരും റിമാൻഡിലാണ്.