വടക്കാഞ്ചേരി : നഗരസഭാപരിധിയിലെ അകമല പട്ടാണിക്കാട്ട് മേഖലയിൽ ബുധനാഴ്ച പുലർച്ചെ കാട്ടാനക്കൂട്ടം വീട്ടുമുറ്റത്തെത്തി. റെയിൽവേ പാളത്തിനു തൊട്ടടുത്തും ആനകളെത്തിയത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കുന്നു. നഗരസഭ സ്ഥിരംസമിതി ചെയർമാൻ കെ.പി. മദനന്റെ വീട്ടുമുറ്റത്തെ വാഴകൾ നശിപ്പിച്ച ആനകൾ പറമ്പിലെ തെങ്ങുകളും കുത്തിമറിച്ചിട്ടു.
അകമല പൂക്കുന്നത്ത് സേതുമാധവന്റെ പറമ്പിലെ സൗരവേലി തകർത്താണ് ആനകൾ വാഴക്കൃഷി നശിപ്പിച്ചത്. തൂമ്പിക്കോട്ടിൽ എൽദോസിന്റെ വാഴത്തോട്ടത്തിലും നാശം വിതച്ചു. വനംവകുപ്പിന്റെ സൗരവേലി മരം തള്ളിവീഴ്ത്തി തകർത്താണ് കാട്ടാനക്കൂട്ടം ജനവാസമേഖലയിലെത്തിയത്. ആനകളിറങ്ങുന്ന ഭാഗത്ത് ഒന്നേകാൽ കിലോമീറ്റർ താത്കാലിക സൗരവേലിയൊരുക്കിയിട്ടും അത് മറികടന്നും ആനകളെത്തുകയാണ്. അകമല, പട്ടാണിക്കാട്, ചെപ്പിലക്കോട് സ്ഥിരമായി കാട്ടാനക്കൂട്ടം വിഹരിക്കുന്നത് തടയാൻ അധികൃതരുടെ ഭാഗത്തു നിന്ന് ശാശ്വത നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വാഴാനി വന്യജീവിസങ്കേതത്തിലെത്തിയ ആനകളെ പീച്ചിയിലേക്ക് തിരിച്ച് തുരത്തുമെന്ന വനംമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം പ്രായോഗികമല്ലെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. നൂറുകണക്കിന് ചതുരശ്ര കിലോമീറ്ററിൽ ഉൾപ്പെടുന്ന വനമേഖലയിൽനിന്ന് ആനകളെ തുരത്തുക അസാധ്യമാണ്. നബാർഡിന്റെ സഹായം പ്രയോജനപ്പെടുത്തി, ജനവാസമേഖലയിലേക്ക് ആനകളിറങ്ങുന്നതൊഴിവാക്കാൻ സൗര തൂക്കുവേലിനിർമാണമാണ് പ്രായോഗിക നടപടി.
റെയിൽപാളത്തിലെത്തിയാൽ ആനകളുടെ ജീവഹാനിക്കു മാത്രമല്ല, യാത്രക്കാരുടെ സുരക്ഷയ്ക്കും അത് ഭീഷണിയാണ്. വനമേഖലയോടു ചേർന്ന റെയിൽപ്പാളങ്ങളിൽ കാട്ടാനകളിറങ്ങിയുള്ള അപകടങ്ങൾ ഒഴിവാക്കാനായി ഇവിടെ പഠനം നടന്നതല്ലാതെ തുടർ നടപടിയുണ്ടായില്ല.
അടുക്കള ഭാഗംവരെ ആനകളെത്തി. ആനകളുടെ വരവ് തടയാൻ നിലവിലെ സൗരവേലി പ്രായോഗികമല്ല. സൗര തൂക്കുവേലിയാണ് സ്ഥാപിക്കേണ്ടത്. അകമല കേന്ദ്രീകരിച്ച് സ്ഥിരം ആർ.ആർ.ടി. സ്റ്റേഷൻ ആരംഭിക്കണം.
കെ.പി. മദനൻ,
അകമല ഡിവിഷൻ കൗൺസിലർ
Published: 29 Oct 2026, 02:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented