തീപ്പിടിത്തം തിങ്കളാഴ്ച രാത്രി 12-നു ശേഷം
എടമുട്ടം : പാലപ്പെട്ടിയിൽ ദേശീയപാത 66-നു സമീപം പ്രവർത്തിക്കുന്ന ഏരിയൻ ടൂൾസ് എന്ന എൻജിനീയറിങ്സ്ഥാപനത്തിലുണ്ടായ വൻ തീപ്പിടിത്തത്തിൽ കോടികളുടെ നഷ്ടം. തിങ്കളാഴ്ച രാത്രി 12-നു ശേഷമാണ് സംഭവം. സ്ഥാപനത്തിലെ ചെറുതും വലുതുമായ 40-ഓളം യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. കെട്ടിടത്തിനും തീപ്പിടിത്തത്തിൽ കാര്യമായ നാശമുണ്ടായി. കോടികളുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ഗുരുവായൂർ എന്നിവിടങ്ങളിൽനിന്ന്
നിരവധി അഗ്നി രക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിൽ ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പൂർണമായും തീയണയ്ക്കാൻ കഴിഞ്ഞത് പുലർച്ചെ അഞ്ചോടെയാണ്. തിങ്കളാഴ്ച രാത്രി 10-ഓടെ കമ്പനി പൂട്ടി ജീവനക്കാർ മടങ്ങിയതിനു പിന്നാലെയാണ് തീപ്പിടിത്തമുണ്ടായത്. നാട്ടുകാരാണ് ആദ്യം സ്ഥാപനത്തിൽനിന്ന് തീയുയരുന്നത് കണ്ടത്. ഷോർട്ട് സർകീറ്റാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമികനിഗമനം.
റബ്ബർഷീറ്റുകൾ കൂടുതലുണ്ടായിരുന്നതിനാൽ തീ പടരാൻ കാരണമായി. ഗ്യാസ്‌സിലിൻഡറുകൾ ഉണ്ടായിരുന്നെങ്കിലും അവിടേക്ക് തീ പടരുന്നത് ഒഴിവാക്കാൻ സാധിച്ചു. റബ്ബർ ഇഞ്ചക്ഷൻ മോൾഡിങ് മെഷീൻ, എൻജിനീയറിങ് റബ്ബർറിലേറ്റഡായ യന്ത്രങ്ങൾ എന്നിവ കത്തിനശിച്ചു. അടുക്കള, കാന്റീൻ എന്നിവയും പൂർണമായും കത്തി. സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലവും മൊത്തമായി കത്തിനശിച്ചു. സീലിങ്ങും ഓഫീസ് കെട്ടിടം ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് വലപ്പാട് പോലീസും സ്ഥലത്തെത്തിയിരുന്നു. ജീവനക്കാരാരുമുണ്ടാകാതിരുന്നത് വൻദുരന്തം ഒഴിവാക്കി. ചില ദിവസങ്ങളിൽ 24 മണിക്കൂറും സ്ഥാപനം തുറന്നുപ്രവർത്തിക്കാറുണ്ടായിരുന്നു. പിന്നീട് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയതിനാൽ രാത്രി 10 മണിയോടെ സ്ഥാപനം അടയ്ക്കുമായിരുന്നു.
കത്തിയമർന്നത് 128 പേരുടെ ആശ്രയം
എടമുട്ടം : പാലപ്പെട്ടിയിലെ ഏരിയൻ ടൂൾസ് സ്ഥാപനത്തിലുണ്ടായ തീപ്പിടിത്തത്തിൽ കത്തിനശിച്ചത് കോടിക്കണക്കിനു രൂപയുടെ യന്ത്രങ്ങൾ. ജില്ലയിലെ തീരദേശമേഖലയിലെ ഏക വ്യവസായ സ്ഥാപനമാണിത്. എൻജിനീയറിങ് പ്രോഡക്ട്സ് ആൻഡ് മാനുഫാക്‌ചറിങ് സ്ഥാപനം. ഇവിടെ നിർമിക്കുന്ന ഭൂരിപക്ഷം പ്രോഡക്ടുകളും കയറ്റിയയക്കുകയാണ് പതിവ്.
അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും കയറ്റിയയക്കുന്നു. 128 ജീവനക്കാർ ജോലിചെയ്യുന്നു. 45 പേർ സ്ത്രീകളാണ്. മുഴുവൻ ജീവനക്കാരും മലയാളികൾ. 2003-ലാണ് സ്ഥാപനം ആരംഭിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ കെ.എം. നൂറുദ്ധീൻ പറഞ്ഞു. മെഷിനറികൾ വിദേശനിർമിതവും ഇന്ത്യൻ നിർമിതവുമാണ്. തീപ്പിടിത്തത്തിൽ ഭൂരിഭാഗവും കത്തിനശിച്ചു. മെഷിനറികൾ പുനഃസ്ഥാപിക്കുന്നതിന് 60 കോടിയിലധികം രൂപ ചെലവഴിക്കേണ്ടിവരുമെന്നും മാനേജിങ് ഡയറക്ടർ പറഞ്ഞു.
Published: 09 Sept 2026, 03:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented