ചാവക്കാട് : 10.8 കോടി രൂപ ചെലവിൽ നിർമിക്കുന്ന ചാവക്കാട് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനസജ്ജമാണെന്നും ഈ മാസത്തോടെ എല്ലാ പ്രവൃത്തികളും പൂർത്തീകരിക്കാൻ കഴിയുമെന്നും പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സി. എൻജിനീയർ അറിയിച്ചു. എൻ.കെ. അക്ബർ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന ഗുരുവായൂർ നിയോജകമണ്ഡലം പൊതുമരാമത്ത് മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

To advertise here,

പുതിയ കെട്ടിടത്തിലേക്കുള്ള ഫർണിച്ചർ വാങ്ങാനുള്ള നടപടി സ്വീകരിക്കാൻ എൻജിനീയർക്ക് നിർദേശം നൽകി. ചിങ്ങനാത്തുകടവ് പാലം അപ്രോച്ച് റോഡ് നിർമാണത്തിനുള്ള സ്ഥലമെടുപ്പ് നടപടികൾ ഈ മാസത്തോടെ പൂർത്തീകരിച്ച് പാലം നിർമാണത്തിനായി കെ.ആർ.എഫ്.ബി.ക്ക് സ്ഥലം കൈമാറി നൽകുമെന്ന് സ്‌പെഷ്യൽ തഹസിൽദാർ യോഗത്തെ അറിയിച്ചു.

അണ്ടത്തോട് സ്‌കൂൾ നിർമാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത മാസം ഉദ്ഘാടനം ചെയ്യാമെന്നും കെട്ടിട വിഭാഗം അസി. എൻജിനീയർ യോഗത്തെ അറിയിച്ചു. ഗുരുവായൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോ, ഗുരുവായൂർ യു.പി. സ്‌കൂൾ, ഗുരുവായൂർ ആയുർവേദ ആശുപത്രി, പുന്നയൂർ സ്‌കൂൾ, ചാവക്കാട് വെറ്ററിനറി ആശുപത്രി എന്നിവയുടെ നിർമാണം നടന്നുവരുന്നതായും എൻജിനീയർ അറിയിച്ചു.

പൂക്കോട് ഹെൽത്ത് സെന്റർ,  കടപ്പുറം വി.എച്ച്.എസ്.സി. എന്നിവയിലെ പഴയ കെട്ടിടം പൊളിക്കുന്ന നടപടി ഉടൻ പൂർത്തീകരിക്കാൻ എം.എൽ.എ. നിർദേശം നൽകി. കൊച്ചന്നൂർ-മന്ദലാംകുന്ന് റോഡ് നിർമാണം പൂർത്തീകരിച്ച് വരുന്നതായും അടുത്ത മാസത്തോടെ ബി.എം.ബി.സി. പണികൾ പൂർത്തീകരിക്കുമെന്നും പി.ഡബ്ല്യു.ഡി. റോഡ് എക്‌സി. എൻജിനീയർ പ്രമോദ് യോഗത്തെ അറിയിച്ചു. അഞ്ഞൂർ - ജൂതക്കുളം റോഡിന്റെ ജോലി ഈ മാസത്തോടെ പൂർത്തീകരിക്കാൻ കരാറുകാരന് കർശന നിർദേശം നൽകാനും അല്ലാത്തപക്ഷം കരാറുകാരനെ ടെർമിനേറ്റ് ചെയ്യാനും യോഗത്തിൽ തീരുമാനമായി.