ശാശ്വത പരിഹാരം വേണമെന്ന് ആവശ്യം
വെള്ളാങ്ങല്ലൂർ : തൃശ്ശൂർ–കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലെ വെള്ളാങ്ങല്ലൂർ ജങ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. റോഡിന്റെ നിലവാരം മെച്ചപ്പെടുത്തിയിട്ടും ജങ്ഷനിലെ കുരുക്കിന് പരിഹാരമാകാത്തത് യാത്രക്കാരെയും പ്രദേശവാസികളെയും ദുരിതത്തിലാക്കുന്നു. ചാലക്കുടി–വെള്ളാങ്ങല്ലൂർ റോഡും മതിലകം–വെള്ളാങ്ങല്ലൂർ റോഡും നിലവിൽ ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിച്ച റോഡുകളാണ്. ഇതോടെ ഇരു റോഡുകളിലൂടെയും എത്തുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. ഈ രണ്ട് തിരക്കേറിയ റോഡുകളും തൃശ്ശൂർ–കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ ചേരുന്നത് വെള്ളാങ്ങല്ലൂർ ജങ്ഷനിലാണ്. എന്നാൽ ഇതിനനുസൃതമായ ഗതാഗത നിയന്ത്രണ സംവിധാനം ഇവിടെ ഒരുക്കിയിട്ടില്ല.
സംസ്ഥാനപാത ടാറിൽനിന്ന് കോൺക്രീറ്റ് റോഡായിട്ടും ഗതാഗതക്കുരുക്കിന് കാര്യമായ കുറവുണ്ടായിട്ടില്ല. രാവിലെ 8.30 മുതൽ 9.45 വരെയും വൈകീട്ട് മൂന്ന് മുതൽ ആറുവരെയും ജങ്ഷനിൽ വാഹനങ്ങളുടെ നീണ്ട നിര പതിവാണ്. സ്കൂൾ–ഓഫീസ് സമയങ്ങളിലെ തിരക്കിനൊപ്പം ചാലക്കുടി, മതിലകം ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ ഒരേസമയം ജങ്ഷനിലെത്തുന്നതാണ് വൈകീട്ട് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.
ജങ്ഷനിൽ ചെറിയ അപകടങ്ങളോ വാഹനങ്ങളുടെ നിസ്സാരമായ തകരാറുകളോ സംഭവിച്ചാൽ പോലും ഗതാഗതം പൂർണമായും സ്തംഭിക്കും. പ്രധാന റോഡിലൂടെയുള്ള വാഹനങ്ങൾക്ക് മുൻഗണന നൽകുന്നതിനും വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന വാഹനങ്ങൾ ക്രമീകരിക്കുന്നതിനും സ്ഥിരമായ സംവിധാനം ഇല്ലാത്തതും പ്രശ്നം രൂക്ഷമാക്കുന്നു.
വർഷങ്ങൾക്കു മുൻപുതന്നെ വെള്ളാങ്ങല്ലൂർ, കോണത്തുകുന്ന് സെന്ററുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ട്രാഫിക് സിഗ്നൽ, ഡ്രൈനേജ്, ഫുട്പാത്ത്, പാർക്കിങ് നിയന്ത്രണം, സീബ്രാലൈൻ, ദിശാസൂചനാ ബോർഡുകൾ, നിരീക്ഷണ ക്യാമറകൾ തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഗതാഗതത്തിരക്ക് വർധിച്ചിട്ടും ആവശ്യമായ നടപടികൾ പലതും ഇപ്പോഴും നടപ്പായിട്ടില്ലെന്നാണ് ആക്ഷേപം.
ജങ്ഷനിൽ അടിയന്തരമായി ട്രാഫിക് സിഗ്നൽ സ്ഥാപിക്കുകയും തിരക്കേറിയ സമയങ്ങളിൽ രണ്ട് മണിക്കൂറെങ്കിലും പോലീസിന്റെ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്താൽ നിലവിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
Published: 08 Sept 2026, 03:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented