ഓർമകളുടെ ഉയിർപ്പിന് ഈ വീട്‌

To advertise here,

പൂവത്തൂർ : വെള്ളംകയറി ജീവിക്കാനാകാതെ ഉപേക്ഷിക്കേണ്ടിവന്ന വീട്, 13 വർഷത്തിനു ശേഷം അതേ വീട് ഉയർത്തി വീണ്ടും ജീവിതത്തിലേക്ക്. ജാക്കിയുടെ കരുത്തിൽ മൂന്നടി ഉയർത്തി പഴയ തറവാട് തിരിച്ചുപിടിക്കുകയാണ് പൂവത്തൂർ കസവ ഹാളിനു സമീപം ചുങ്കത്ത് റാഫേൽ ജോഷി.

31 വർഷം മുൻപ്‌ റാഫേലും പിതാവും ചേർന്ന് നിർമിച്ച 1,480 ചതുരശ്രയടി വീടിനാണ് ഇപ്പോൾ അസാധാരണമായ പുനർജന്മം. ചുറ്റും റോഡുകളും പുതിയ വീടുകളും ഉയർന്നതോടെ മഴക്കാലത്ത് വെള്ളം വീട്ടിലേക്കുകയറുന്നത് പതിവായി. ശൗചാലയങ്ങൾപോലും ഉപയോഗിക്കാൻ കഴിയാതായതോടെ 13 വർഷം മുൻപ്‌ കുടുംബം തറവാടുപേക്ഷിച്ച് താമസം മാറ്റി.

കാലം കഴിഞ്ഞപ്പോൾ ആ വീട് വീണ്ടും സ്വന്തമാക്കണമെന്ന ആഗ്രഹം ശക്തമായി. അങ്ങനെയാണ് ഉയർത്താനുള്ള തീരുമാനത്തിലേക്കെത്തിയത്.

തറയുടെ മുകളിൽ 10 സെന്റീമീറ്റർ കട്ടിയുള്ള കോൺക്രീറ്റ് ബെൽറ്റ് സ്ഥാപിച്ചാണ് വീട് ജാക്കിയുടെ സഹായത്തോടെ ഉയർത്തുന്നത്. മൂന്ന് ഘട്ടങ്ങളിലായി ആകെ മൂന്നടി ഉയർത്തും. നാല് കിടപ്പുമുറികളും മൂന്ന് ശൗചാലയങ്ങളും ഹാൾ, അടുക്കള, സിറ്റൗട്ട്, വർക്ക് ഏരിയ എന്നിവയുമുള്ള വീടിനെ പഴയ പ്രൗഢിയോടെ വീണ്ടും താമസയോഗ്യമാക്കുകയാണ് ലക്ഷ്യം.

എറണാകുളം സ്വദേശി അനീഷിന്റെ നേതൃത്വത്തിലാണ് പണി നടക്കുന്നത്. ഉത്തർപ്രദേശ് സ്വദേശികളായ പത്ത് തൊഴിലാളികളാണ് വീടുയർത്തുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. 45 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

വീട് ഉയർത്തുന്നതിനു മാത്രം ഏകദേശം ഏഴുലക്ഷം രൂപ ചെലവാകും. മറ്റ് അറ്റകുറ്റപ്പണികളുൾപ്പെടെ പൂർത്തിയാകുമ്പോൾ 20 ലക്ഷം രൂപയോളം വരുമെന്നാണ് കണക്കുകൂട്ടൽ. പിതാവിന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ചാണ് തറവാട് പുതുക്കി വീണ്ടും താമസയോഗ്യമാക്കുന്നത്.