: ദേശീയപാത 66-ലെ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയപാത അതോറിറ്റി, മോട്ടോർവാഹനം, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്തസംഘം ദേശീയപാത 66-ൽ പരിശോധന നടത്തി. ആറുവരിപ്പാതയിൽ കയ്പമംഗലത്ത് നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ച് എട്ടു വിദ്യാർഥികൾ മരിച്ച സാഹചര്യത്തിൽ കളക്ടറുടെ നിർദേശത്തെത്തുടർന്നാണ് ജില്ലയിലെ ദേശീയപാത 66-ൽ സുരക്ഷാപരിശോധന നടന്നത്. കോട്ടപ്പുറം മുതൽ കാപ്പിരിക്കാട് വരെയുള്ള 62.5 കിലോമീറ്റർ ദൂരത്തിലുള്ള ആറുവരിപ്പാതയിലായിരുന്നു പരിശോധന. നിരവധി നിയമലംഘനങ്ങൾ നേരിട്ട് കണ്ടു. പരിശോധന ബുധനാഴ്ചയും തുടരുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് അടുത്ത ദിവസം ജില്ലാ കളക്ടർക്ക് സമർപ്പിക്കും
പരിശോധനക്കിടയിലും ദിശ തെറ്റിച്ച് വാഹനങ്ങൾ
കൊടുങ്ങല്ലൂർ : ആറുവരിപ്പാതയുടെ സുരക്ഷാപരിശോധന നടത്തിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥസംഘ ത്തിനു മുന്നിലൂടെ ഗതാഗതനിയമങ്ങൾ തെറ്റിച്ചുള്ള വാഹനങ്ങളുടെ മരണപ്പാച്ചിൽ. കഴിഞ്ഞ ദിവസം എട്ട് എൻജിനിയറിങ് വിദ്യാർഥികൾ മരിക്കാനിടയായ കയ്പമംഗലത്തെ അതേ സ്ഥലത്താണ് ഉദ്യോഗസ്ഥസംഘത്തിനു മുന്നിലൂടെ ദിശ തെറ്റിച്ച് വാഹനങ്ങൾ ചീറിപാഞ്ഞത്. മോട്ടോർവാഹനവകുപ്പ് വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിച്ചു.
നിരവധി അപാകങ്ങൾ പരിശോധനയിൽ കണ്ടെത്തിയതായി അറിയുന്നു. ഗതാഗതനിയന്ത്രണത്തിനായി റോഡിന്റെ പല ഭാഗങ്ങളിലും വാട്ടർ ഫില്ലിങ് ബാരിക്കേഡുകൾക്കു പകരം കോൺക്രീറ്റ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുള്ളത് വലിയ അപകടങ്ങൾക്കു കാരണമാകുമെന്നതിനാൽ ഇവ ഉടനെ എടുത്തുമാറ്റാൻ ഉദ്യോഗസ്ഥസംഘം നിർദേശം നൽകി. അപകട മേഖലയിൽ 500, 250, 50 മീറ്റർ അകലങ്ങളിലായി മുന്നറിയിപ്പുബോർഡുകളും ബാരിക്കേഡുകളും ട്രാഫിക് കോണുകളും പല ഭാഗങ്ങളിലും സ്ഥാപിച്ചിട്ടില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. പല ഭാഗങ്ങളിലും ദിശാബോർഡുകൾ കാഴ്ച മറയ്ക്കുന്നനിലയിലാണ്. സർവീസ് റോഡുകളിൽ പുതുതായി സ്ഥാപിച്ചിട്ടുള്ള ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ റോഡിനകത്തേക്കു കയറി നിൽക്കുകയാണ്. ഇവിടെ ബസുകൾ നിർത്തിയാൽ ഗതാഗതം തടസ്സപ്പെടും. മറ്റ് പല ഭാഗങ്ങളിലും അനധികൃത കച്ചവടങ്ങളും കൈയേറ്റങ്ങളും കണ്ടെത്തിയിട്ടുണ്ട്
മണത്തല മുല്ലത്തറയിലും പരിശോധന
ചാവക്കാട് : മണത്തല മുല്ലത്തറയിൽ കോഴിക്കോടു ഭാഗത്തുനിന്ന് സർവീസ്റോഡിലൂടെ വരുന്ന വാഹനങ്ങൾ രാത്രിയിൽ അടിപ്പാതയിലും സമീപത്തും നിർത്തിയിടുന്നത് വാഹനാപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പരാതിയിൽ സംഘം ഇവിടെ പരിശോധന നടത്തി. ദേശീയപാതയിൽ ചാവക്കാട് ബൈപ്പാസിന്റെ നിർമാണം പൂർത്തിയാകാത്തതിനാൽ ഈ ഭാഗത്ത് സർവീസ് റോഡുകളിലൂടെയാണ് നിലവിലെ ഗതാഗതം. മണത്തല ജുമാ മസ്ജിദിനു മുൻപിൽ ദേശീയപാതയിലെ കലുങ്കുനിർമാണം നടക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ ആവശ്യമായ ഡൈവർഷനുകൾ ഇവിടെ വേണമെന്നും സംഘം തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്.
സുരക്ഷ ഉറപ്പാക്കണമെന്ന് ലീഗ്
തൃശ്ശൂർ : ദേശീയപാതനിർമാണമേഖലകളിൽ റോഡുസുരക്ഷ ഉറപ്പാക്കണമെന്ന് മുസ്‌ലിം യൂത്ത്‍ലീഗ് ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു. പലയിടങ്ങളിലും ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നില്ല. മുന്നറിയിപ്പ്-ദിശാസൂചനാ ബോർഡുകളും ബാരിക്കേഡുകളും വേണ്ടത്രയില്ല. ഇത് ആശങ്കാജനകമാണ്.
ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി, നിർമാണമേഖലകളിൽ ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ അടിയന്തരമായി ഒരുക്കണമെന്നും അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.എം. സനൗഫൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, അലി അകലാട്, ടി.എ. ഫഹദ്, അസീസ് മന്ദലാംകുന്ന് എന്നിവർ പ്രസംഗിച്ചു.
പരാതികളുടെ കെട്ടഴിച്ച് നാട്ടുകാർ
കയ്പമംഗലം : പരിശോധനക്കെത്തിയ റോഡുസുരക്ഷാ ടാസ്‌ക്ഫോഴ്‌സിനു മുന്നിൽ പരാതികളുന്നയിച്ച് നാട്ടുകാരും ജനപ്രതിനിധികളും. അപകടമുണ്ടായ പനമ്പിക്കുന്നിൽ സംഘമെത്തുമ്പോഴേക്കും നാട്ടുകാരുൾപ്പെടെയുള്ളവർ തടിച്ചുകൂടിയിരുന്നു. റോഡിൽ വെളിച്ചമില്ലാത്തതുമുതൽ ട്രാഫിക് ഡൈവേർഷൻ മുന്നറിയിപ്പുകൾ മുൻകൂട്ടി സ്ഥാപിക്കാത്തതുൾപ്പെടെയുള്ള പരാതികളാണ് നാട്ടുകാർ സംഘത്തെ ബോധിപ്പിച്ചത്. പണി നടക്കുന്ന സ്ഥലങ്ങളിൽ സ്പീഡ് നിയന്ത്രിക്കണം, സർവീസ് റോഡുകളിൽനിന്നു കയറിവരുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനായി ഹമ്പുകൾ സ്ഥാപിക്കണം, ദേശീയപാതയിൽ പൈപ്പുപൊട്ടി വെള്ളം പോകുന്നത് തടയണം, അനധികൃത പാർക്കിങ്ങ് തടയാൻ കർശന ഇടപെടൽ വേണം തുടങ്ങിയ ആവശ്യങ്ങൾ നാട്ടുകാരും ജനപ്രതിനിധികളും ഉദ്യോസ്ഥസംഘത്തോടുന്നയിച്ചു.
Published: 09 Sept 2026, 03:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented