വിലസി ലഹരിസംഘങ്ങളും മാലിന്യ മാഫിയയും

To advertise here,

അന്തിക്കാട് : നാടിന്റെ കാവലാളാകുമെന്ന് കരുതി ജനങ്ങൾ ലക്ഷങ്ങൾ പിരിച്ചെടുത്തു സ്ഥാപിച്ച ജനകീയ 'കണ്ണുകൾ' ഒന്നൊന്നായി കണ്ണടച്ചു. അന്തിക്കാട് പോലീസ് സ്റ്റേഷനിൽ ഇരുന്ന് നിരീക്ഷിക്കാവുന്ന രീതിയിൽ സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ച നൂറിലേറെ സി.സി.ടി.വി. നിരീക്ഷണ ക്യാമറകളാണ് അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നത്. ഇതുമൂലം പ്രദേശത്ത് ലഹരി-ക്രിമിനൽ സംഘങ്ങളും മാലിന്യ മാഫിയയും വീണ്ടും പിടിമുറുക്കുകയാണ്.

നാടിന്റെ സുരക്ഷ പോലീസിന്റെ വിരൽത്തുമ്പിലാക്കുമെന്ന ആഹ്വാനത്തെത്തുടർന്നാണ് നാട്ടുകാർ കൈകോർത്തത്. പ്രവാസി കൂട്ടായ്മകളും പ്രാദേശിക വ്യാപാരികളും മഹല്ല് കമ്മിറ്റികളും സ്വകാര്യ വ്യക്തികളും ഒത്തുചേർന്ന് ഫണ്ട് സമാഹരിച്ചു.

കിഴുപ്പിള്ളിക്കരയിൽ മാത്രം പ്രവാസികൾ 10 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച 30 ആധുനിക ക്യാമറകളിൽ ഭൂരിഭാഗവും കണ്ണടച്ചു. അഞ്ച് പഞ്ചായത്തുകളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സമാനമായ രീതിയിൽ സ്ഥാപിച്ച ക്യാമറകളും പരിപാലനമില്ലാതെ തകരാറിലായി. ഇരുട്ടിലും ദൃശ്യങ്ങൾ വ്യക്തമായി ഒപ്പിയെടുക്കുന്ന 'നൈറ്റ് വിഷൻ' ക്യാമറകളാണ് ജങ്ഷനുകളിലും കോൾപ്പാടശേഖരങ്ങളിലും പാലങ്ങളിലുമെല്ലാം സ്ഥാപിച്ചിരുന്നത്. എന്നാൽ പദ്ധതിക്ക് മുൻകൈയെടുത്ത പോലീസ് ഉദ്യോഗസ്ഥർ സ്ഥലംമാറിപ്പോയതും തുടർന്നു വന്നവർ പദ്ധതിയോട് മുഖംതിരിച്ചതും തിരിച്ചടിയായി.

ദൃശ്യങ്ങൾക്കായി പോലീസിന് നെട്ടോട്ടം

വിശാലമായ അന്തിക്കാട് സ്റ്റേഷൻ പരിധിയിൽ ആവശ്യത്തിന് പോലീസുകാരോ വാഹനങ്ങളോ ഇല്ലാത്തതിനാൽ ജനകീയ ക്യാമറകളായിരുന്നു വലിയ ആശ്വാസം.

എന്നാൽ ഇപ്പോൾ കുറ്റാന്വേഷണത്തിനായി സ്വകാര്യ വ്യക്തികളുടെ കടകളിലെയും വീടുകളിലെയും ക്യാമറ ദൃശ്യങ്ങൾക്കായി പോലീസ് നെട്ടോട്ടമോടുകയാണ്. ക്യാമറകൾ നിശ്ചലമായതോടെ ലഹരി-ക്രിമിനൽ സംഘങ്ങൾ വീണ്ടും പ്രദേശത്ത് പിടിമുറുക്കി. കോൾപ്പാടശേഖരങ്ങളും ജലസ്രോതസ്സുകളും വീണ്ടും മാലിന്യം ഉപേക്ഷിക്കുന്ന കേന്ദ്രങ്ങളായി. രാത്രിയുടെ മറവിൽ അറവുമാലിന്യവും ശൗചാലയ മാലിന്യവുമെല്ലാം പതിവായി ഇവിടെ തള്ളുന്നു.

ക്യാമറകൾ വീണ്ടും സജീവമാക്കാൻ ശ്രമം

പദ്ധതി സജീവമാക്കാൻ വീണ്ടും നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. കേടുവന്ന ക്യാമറകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനും ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളുടെയും വ്യാപാരികളുടെയും ബാങ്ക് പ്രതിനിധികളുടെയും യോഗം വിളിച്ച് നിരീക്ഷണ സംവിധാനം വിപുലമാക്കാനുമാണ് ശ്രമം.

ടി.വി. ദീപു

കോഡിനേറ്റർ അന്തിക്കാട് പോലീസ് ജനമൈത്രിസമിതി