കുറ്റിപ്പുറം : പകരനെല്ലൂർ ചോലക്കൽ ചോലയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പിറകുവശത്തെ സുരക്ഷാമതിൽ ഇടിഞ്ഞുവീണു. ഇതേത്തുടർന്ന് കെട്ടിടം അപകടഭീഷണിയിൽ.
സുരക്ഷാമതിൽ ഇടിഞ്ഞുവീണതിനെ തുടർന്ന് പരിസരത്തെ മണ്ണും ഇടിഞ്ഞുതാഴ്ന്നതോടെ കെട്ടിടത്തിന്റെ ചുമരുകൾ വിണ്ടുകീറിയിരിക്കുകയാണ്.
കെട്ടിടത്തിന്റെ തറയിലും വലിയ രീതിയിൽ വിള്ളലുണ്ടായിട്ടുണ്ട്.
വ്യാഴാഴ്ച പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിലാണ് ഈ അപകടാവസ്ഥകൾ കണ്ടത്.
പഞ്ചായത്ത് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന വേളയിൽ പിറകുവശത്തെ ക്വാറി കാണാത്തവിധം ഇരുമ്പുഷീറ്റുകൾ കൊണ്ട് മറച്ചിരുന്നതായാണ് അധികൃതർ പറയുന്നത്. ക്വാറി ശ്രദ്ധയിൽപ്പെടാതിരുന്നതിനാലാണ് കെട്ടിടത്തിന് നിർമാണാനുമതി നൽകിയതെന്നാണ് അധികൃതരുടെ വിശദീകരണം.
കെട്ടിട നിർമാണസ്ഥലത്തെ നരിമടയും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടില്ല. എന്നാൽ കെട്ടിടം നിർമിക്കുമ്പോൾ ക്വാറിയുടെയും നരിമടയുടെ ഭാഗത്ത് കെട്ടിടത്തിന് ഉറപ്പ് നൽകാൻ ആവശ്യമായ സുരക്ഷ തീർക്കാതെയാണ് കെട്ടിടം നിർമിച്ചത്. അതിനാലാണ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ സുരക്ഷാമതിലും പരിസരവും ക്വാറിയിലേക്ക് ഇടിഞ്ഞുവീണത്.
സുരക്ഷിതമല്ലാതെ നിർമിച്ച കെട്ടിടം പൊളിച്ചുനീക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കും.
നിലവിൽ അതീവഅപകടാവസ്ഥയിലാണ് കെട്ടിടം നിൽക്കുന്നതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിലയിരുത്തൽ.
അപകടം നടന്ന കെട്ടിടത്തിന്റെ തൊട്ടടുത്തുള്ള കെട്ടിടവും അപകടനിലയിലാണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഇതിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി, എക്സിക്യുട്ടീവ് എൻജിനീയർ സുനിൽ, അസി. സെക്രട്ടറി ശ്രീലത, ജൂനിയർ സൂപ്രണ്ട് പി.സി. സുബ്രഹ്മണ്യൻ, വാർഡംഗങ്ങളായ അഹമ്മദ്കുട്ടി ചെമ്പിക്കൽ, കുഞ്ഞാവ ഹാജി, ആബിദ് വരിക്കപ്പുലാക്കൽ എന്നിവർ അടങ്ങിയ സംഘമാണ് അപകടസ്ഥലം സന്ദർശിച്ചത്.
Published: 11 Sept 2026, 01:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented