നിയമക്കുരുക്കും കടമ്പകളും ഏറെ

To advertise here,

മാള : ഫിറ്റ്നസ് ഇല്ലാതെ അടച്ചുപൂട്ടിയ ആലത്തൂർ സെയ്ന്റ് ആന്റണീസ് എൽ.പി. സ്‌കൂളിന്റെ കെട്ടിടം ഭാഗികമായി പൊളിച്ചു. പുതിയ നിർമാണത്തിന് അനുമതി ലഭിച്ചാൽ കെട്ടിടമൊരുക്കാനാണ് പദ്ധതിയുള്ളത്. അതേസമയം സ്കൂൾ സ്ഥലത്തിന്റെ രേഖകൾ സംബന്ധിച്ച ചില തടസ്സങ്ങൾ മാറ്റിയാൽ മാത്രമേ പുതിയ നിർമാണത്തിന് സാധ്യതയുള്ളൂവെന്നാണ് സൂചന.

സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായി പൊളിച്ചുനീക്കിയിട്ടുണ്ട്. വൈദ്യുതി കണക്ഷൻ ഒഴിവാക്കുന്നതിന് സ്കൂൾ മാനേജർ കെ.എസ്.ഇ.ബി.ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. നിലവിലുള്ള കെട്ടിടം പഞ്ചായത്ത് റോഡിനോടു ചേർന്നാണുള്ളത്. ഇനി പുനർനിർമാണം നടത്തുന്നതിന് കെട്ടിടനിർമാണ ചട്ടങ്ങൾ പാലിക്കേണ്ടിവരും.

സ്കൂളിന്റെ പേരിൽ ഭൂനികുതി അടയ്ക്കുന്നുണ്ടെങ്കിലും പട്ടയം വെണ്ണൂർ-ആലത്തൂർ ദേവസ്വത്തിന്റെ പേരിലാണ്. വില്ലേജ് രേഖകളിൽ ബി.ടി.ആർ. ദേവസ്വത്തിന്റെ പേരിലും. തണ്ടപ്പേരായി ആലത്തൂർ സെയ്ന്റ് ആന്റണീസ് എൽ.പി. സ്കൂൾ ആണുള്ളത്. ആധാരവും സ്കൂളിന്റെ പേരിലില്ലാത്ത അവസ്ഥയിലാണ്.

സ്ഥലത്തിന്റെ ആധാരമില്ലാതെയാണ് വൈന്തല സ്വദേശി വി.ടി. കുഞ്ഞിക്കുരു 1930-ൽ സ്ഥലം ഏറ്റെടുത്ത് വിദ്യാലയം തുടങ്ങിയത്. പിന്നീട് 1965-ലാണ് ഇപ്പോൾ പൊളിക്കുന്ന കെട്ടിടം നിർമിച്ചത്. നാട്ടിലെ അറിയപ്പെട്ടിരുന്ന സാമൂഹികപ്രവർത്തകനായിരുന്ന കുഞ്ഞിക്കുരു സ്ഥാപിച്ച സ്കൂൾ പിന്നീട് പാരമ്പര്യമായി കൈമാറിവന്നിട്ടുള്ളതാണ്. ഫിറ്റ്നസ് ഇല്ലാതെ വിദ്യാലയത്തിന്റെ പ്രവർത്തനം ചക്കാംപറമ്പ് ഡി.പി.എം.യു.പി. സ്‌കൂളിന്റെ കെട്ടിടത്തിലേക്ക് താത്കാലികമായി മാറ്റിയതിന് സർക്കാർ അംഗീകാരം നൽകിയെങ്കിലും പ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാകുന്നില്ല.

യു.പി. മാത്രമുള്ള ഈ വിദ്യാലയത്തിൽ എൽ.പി. കൂടി അനുവദിക്കുന്നതിനുള്ള സങ്കീർണമായ നടപടിക്രമങ്ങൾ പാലിച്ചാൽമാത്രമേ താത്കാലികമാറ്റത്തിന് സ്ഥിരതയുണ്ടാകൂ. ആലത്തൂരിൽ ഇനി പുനർനിർമാണം നടത്തുന്നതിന് നിയമതടസ്സങ്ങൾ നിരവധിയാണ്.