പൂമംഗലം വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് ആറുവർഷം

To advertise here,

നടക്കുന്നത് പ്ലാസ്റ്റിക് തരംതിരിക്കൽ

എടക്കുളം : വനിതാ ശാക്തീകരണം ലക്ഷ്യമാക്കി മികച്ച സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ ഉദ്ഘാടനംചെയ്ത വനിതാ വ്യവസായ കേന്ദ്രം ആറുവർഷമായിട്ടും പ്രവർത്തനമാരംഭിക്കാനായില്ല. കെ.യു. അരുണൻ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ പൂമംഗലം ഗ്രാമപ്പഞ്ചായത്തിലെ വനിതാ വ്യവസായ കേന്ദ്രമാണ് ഉദ്ഘാടനം കഴിഞ്ഞ് ആറുവർഷം പിന്നിട്ടിട്ടും ഒരു സംരംഭം പോലും തുടങ്ങാനാകാതെ കിടക്കുന്നത്.

2020 സെപ്റ്റംബറിലാണ് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്നും 24 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് രണ്ടാം വാർഡിൽ പെരുവല്ലിപ്പാടത്തിനും ഷൺമുഖം കനാലിനും സമീപം വ്യവസായ കേന്ദ്രം നിർമിച്ച് ഉദ്ഘാടനം ചെയ്തത്. 1200 ചതുരശ്ര അടിയിൽ ഏഴ് മുറികളുണ്ട്. എന്നാൽ വാടക നിശ്ചയിച്ചതിലെ അപാകമാണ് സ്ഥാപനങ്ങൾ തുടങ്ങാൻ തടസ്സമായി നിൽക്കുന്നത്. നിലവിൽ മേഖലയിലെ ഹരിതകർമസേനാംഗങ്ങൾ വീടുകളിൽനിന്നും കൊണ്ടുവരുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം തരംതിരിക്കുന്ന സെന്ററായി വ്യവസായ കേന്ദ്രം മാറി. കെട്ടിടത്തിനകത്തും പുറത്തും ചാക്കുകളിലാക്കി പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. അടിയന്തരമായി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി വ്യവസായ കേന്ദ്രം തുറന്നുപ്രവർത്തിപ്പിക്കാൻ പഞ്ചായത്ത് നടപടിയെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

വ്യവസായ കേന്ദ്രത്തിന് എ.ഇ. നിശ്ചയിച്ചുനൽകിയ ഉയർന്ന വാടകയാണ് വ്യവസായ യൂണിറ്റുകൾ തുടങ്ങാൻ തടസ്സമായി നിൽക്കുന്നതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പറഞ്ഞു. വാടക പുനർനിശ്ചയിച്ച് നൽകണമെന്നാവശ്യപ്പെട്ട് എ.ഇ.ക്ക് കത്തുനൽകിയിട്ടുണ്ട്. അതു ലഭിച്ചാൽ കേന്ദ്രം വാടകയ്ക്ക് നൽകാനാകും. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിതകർമസേനയ്ക്ക് എം.സി.എഫ്. നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. രണ്ടു മാസത്തിനകം എം.സി.എഫ്. പൂർത്തിയാക്കി പ്ലാസ്റ്റിക്കുകളും മറ്റും അവിടേക്ക് മാറ്റുമെന്നും പ്രസിഡന്റ് അറിയിച്ചു.

അങ്കണവാടിക്കുസമീപമുള്ള വനിതാ വ്യവസായ പാർക്കിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സൂക്ഷിക്കുന്നത് കൊച്ചുകുട്ടികൾക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും അതിനാൽ അവിടെനിന്ന് മാറ്റണമെന്നും ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വനിതാ വ്യവസായ പാർക്ക് വനിതകൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് വിട്ടുനൽകിയില്ലെങ്കിൽ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് അജീഷ് വലിയപറമ്പിൽ പറഞ്ഞു.