കാക്കനാട് : ആസിഡുമായി വന്ന ടാങ്കർ വഴിയിൽ കിടന്നു; പിന്നാലെ റോഡും കിടന്നു! സീപോർട്ട്-എയർപോർട്ട് റോഡിൽ അപകടത്തിൽപ്പെട്ട ഫോസ്‌ഫോറിക് ആസിഡ് ടാങ്കർ മണിക്കൂറുകളോളം നടുറോഡിൽ കുടുങ്ങിയതോടെ ജില്ലാ ആസ്ഥാനത്തേക്കുള്ള ഗതാഗതം ഉച്ചവരെ താളംതെറ്റി.

To advertise here,

വ്യാഴാഴ്ച പുലർച്ചെ തുടങ്ങിയ തടസ്സം രാവിലെ തിരക്കേറിയതോടെ കിലോമീറ്ററുകളോളം വാഹനനിരയായി. ചെന്നൈയിൽനിന്ന് ഇരുമ്പനത്തേക്ക് ഫോസ്‌ഫോറിക് ആസിഡുമായി വരുകയായിരുന്ന ടാങ്കർ ലോറിയാണ് സീപോർട്ട് റോഡിലെ കളക്ടറേറ്റ് സിഗ്നലിനു സമീപം അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനം പെട്ടെന്ന് വശത്തുനിന്ന് റോഡിലേക്ക് പ്രവേശിച്ചതിനെ തുടർന്ന് തൊട്ടുമുന്നിലുണ്ടായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. ഇതിനു പിന്നാലെ എത്തിയ ആസിഡ് ടാങ്കർ ലോറി മുന്നിലെ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ടാങ്കറിൽ ചോർച്ചയുണ്ടായില്ലെന്നത് വലിയ ദുരന്തം ഒഴിവാക്കി. എന്നാൽ ഇടിയുടെ ആഘാതത്തിൽ ടാങ്കറിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതോടെ വാഹനം മുന്നോട്ടെടുക്കാനാകാത്ത നിലയിലായി. പുലർച്ചെയായതിനാൽ ആദ്യഘട്ടത്തിൽ കാര്യമായ ഗതാഗത തടസ്സം ഉണ്ടായില്ല.

രാവിലെ തിരക്ക് മുറുകി

രാവിലെ എട്ടോടെ വാഹനത്തിരക്ക് വർധിച്ചതോടെയാണ് സ്ഥിതി ഗുരുതരമായത്. ടാങ്കർ നടുറോഡിൽ കുടുങ്ങിയതോടെ സീപോർട്ട്-എയർപോർട്ട് റോഡിൽ വാഹനങ്ങൾ കിലോമീറ്ററുകളോളം നിരന്നു. കുരുക്ക് സിവിൽ ലൈൻ റോഡിലേക്കും തൃക്കാക്കരയിലെ വിവിധ ഇടറോഡുകളിലേക്കും വ്യാപിച്ചു.

എട്ടുമണിയോടെ ടാങ്കർ താത്‌കാലികമായി അറ്റകുറ്റപ്പണി നടത്തി മുന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കിലും സീപോർട്ട് റോഡിലെ ഈച്ചമുക്ക് ജങ്ഷനു സമീപത്തെ ഇടുങ്ങിയ ഭാഗത്ത് എത്തിയതോടെ വീണ്ടും നിശ്ചലമായി. ഇതോടെ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമായി.

വടം പൊട്ടി; രക്ഷാപ്രവർത്തനത്തിനും തടസ്സം

ടാങ്കർ മാറ്റുന്നതിനായി കൊച്ചി മെട്രോ റെയിൽ അധികൃതർ മറ്റൊരു ലോറി എത്തിച്ചു. വടം കെട്ടി ടാങ്കർ വലിച്ചുനീക്കി ചിറ്റേത്തുകര വ്യവസായമേഖലയ്ക്കു മുന്നിലേക്ക് മാറ്റാനായിരുന്നു ശ്രമം.

എന്നാൽ വലിക്കുന്നതിനിടെ വടം പൊട്ടിയത് നീക്കംചെയ്യൽ നടപടികൾ വൈകാൻ കാരണമായി. തുടർന്ന് ടാങ്കർ റോഡിന്റെ ഒരുവശത്തേക്ക് മാറ്റിയെങ്കിലും ഗതാഗതം പൂർണമായി സാധാരണനിലയിലാകാൻ പിന്നെയും സമയമെടുത്തു. സീപോർട്ട് റോഡിൽ വള്ളത്തോൾ ജങ്ഷൻ മുതൽ ചിറ്റേത്തുകര വരെയുള്ള ഭാഗത്താണ് മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിയത്. ഓഫീസ് സമയമായതോടെ ഗതാഗതക്കുരുക്കിൽപ്പെട്ട യാത്രക്കാർക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിലെത്താനായില്ല. സ്വകാര്യ വാഹനങ്ങൾക്കൊപ്പം ജീവനക്കാരുമായി എത്തിയ വാഹനങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കുരുക്കിൽപ്പെട്ടു. ജില്ലാ ആസ്ഥാനത്തേക്കുള്ള പ്രധാന റോഡിലെ തടസ്സം സമീപപ്രദേശങ്ങളിലെ ഗതാഗതത്തെയും സാരമായി ബാധിച്ചു. ഉച്ചയോടെയാണ് ഗതാഗതക്കുരുക്കിന് കാര്യമായ ആശ്വാസമുണ്ടായത്.