അരൂർ : ദേശീയപാതയോരത്തെ ഹോട്ടലിലേക്ക് ശുദ്ധജലവുമായെത്തിയ ടാങ്കർലോറി കയറി ഒരുമാസം മുൻപ് നിർമിച്ച കാനയുടെ മേൽമൂടി തകർന്നു. ലോറിയുടെ ഒരുവശത്തെ പിൻചക്രങ്ങൾ രണ്ടും കാനയിൽ അകപ്പെട്ട് ടയറുകൾ അടക്കം നശിച്ചു. വെള്ളിയാഴ്ച എരമല്ലൂർ ജങ്ഷന് വടക്കുഭാഗത്താണ് സംഭവം. രാവിലെ പത്തോടെ ഇവിടത്തെ മിഥില ഹോട്ടലിലേക്ക് വെള്ളവുമായെത്തിയതാണ് ലോറി.

To advertise here,

കാനയോട് ചേർന്നുള്ള ഹോട്ടലിന്റെ മതിലിലാണ് വെള്ളം അകത്തേക്ക് കൊണ്ടുപോകുന്നതിനുള്ള പൈപ്പ് ഉണ്ടായിരുന്നത്. ഇതിന് സമീപത്തേക്ക് ലോറി കയറ്റവേ പൊടുന്നനെ മേൽമൂടി തകർന്ന് ടയറുകൾ കാനയ്ക്കുള്ളിൽ അകപ്പെടുകയായിരുന്നു. വെള്ളിയാഴ്ച വൈകിയും കാനയിൽ കുരുങ്ങിയ ലോറി ഉയർത്തിയിട്ടില്ല. ദേശീയപാതയുടെ ഇരുവശവും നിർമിക്കുന്ന കാനയുടെ ബലം സംബന്ധിച്ച് നേരത്തേ സംശയം ഉയർന്നിരുന്നു.

മാസങ്ങൾക്കുമുൻപ് എരമല്ലൂർ ജങ്ഷന് തെക്കുഭാഗത്തുള്ള പെട്രോൾ പമ്പിൽ ഇന്ധനം അടിച്ച് പുറത്തേക്കിറങ്ങിയ ടോറസ് ലോറിയും ഇത്തരത്തിൽ മൂടി തകർന്ന് കാനയിൽപ്പെട്ടിരുന്നു. ഇതിനിടെ വെള്ളിയാഴ്ച മേൽമൂടി തകർന്നതിന് തൊട്ടുചേർന്നുതന്നെ വാർത്തിട്ടിരിക്കുന്ന സ്ലാബിലും പൊട്ടൽ വീണിട്ടുണ്ട്. കാനയിൽ കുടുങ്ങിയ ലോറിക്ക് തൊട്ടുമുന്നിൽ തന്നെയുള്ള സ്ലാബിലാണ് ഇത്തരത്തിൽ പൊട്ടൽ കണ്ടത്.