കോടശ്ശേരി : പത്താംവയസ്സിൽ തേനീച്ചകൃഷി തുടങ്ങിയ എന്റെ 1600-ഓളം തേനീച്ച കോളനി(പെട്ടി)കളിലെ തേനീച്ചകളാണ് കഴിഞ്ഞ ഒരു വർഷമായി ഒഴിഞ്ഞുപോയത്. 75 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായി. കോടശ്ശേരി, പരിയാരം, അതിരപ്പിള്ളി പഞ്ചായത്തുകളിലായി 2000-ൽ ഏറെ കോളനികളിൽ തേനീച്ചകൃഷി ചെയ്തുവരുന്ന കുറ്റിച്ചിറ സ്വദേശി കോക്കണ്ടത്തിൽ പൗലോസിന്റെ വാക്കുകളാണിത്.

To advertise here,

സീസണിൽ 15 ടൺ തേനെടുക്കാവുന്ന കോളനികളാണ് പൗലോസിന് നഷ്ടപ്പെട്ടത്. തേനീച്ചകൾ ഒഴിഞ്ഞുപോയ നൂറുകണക്കിന് കോളനികളാണ് വീട്ടിൽ സൂക്ഷിച്ചിരിക്കുന്നത്.

ഒരു വർഷം മുൻപ് അതിരപ്പിള്ളി മലയോരമേഖലയിലെ കൂടുകളിലാണ് ആദ്യം ഇത്തരം പ്രശ്‌നം കണ്ടുതുടങ്ങിയത്. ഓഗസ്റ്റിൽ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലെ അസോ. പ്രൊഫ. ഡോ. എസ്. ഷാനാസ് നടത്തിയ പരിശോധനയിലാണ് 'സ്‌മോൾ ഹൈവ് ബീറ്റിൽസ്' എന്ന വണ്ടാണ് ഇതിന് കാരണമെന്ന് സ്ഥിരീകരിച്ചത്.

 

തേനുത്പാദനം കുറഞ്ഞു

വണ്ടിന്റെ ആക്രണം വർധിച്ചതോടെ തേനീച്ചകൾ കൂട്ടമായി ഒഴിഞ്ഞുപോകുന്നതിനാൽ തേൻ ഉത്പാദനം വലിയതോതിൽ കുറഞ്ഞു. തേനടകളിൽ കയറി റാണി ഈച്ചയിടുന്ന മുട്ടകൾ തിന്നുന്ന വണ്ടുകൾ കോളനികളിൽ മുട്ടയിടും. ആ മുട്ടകൾ വിരിഞ്ഞ് ലാർവ (പുഴു) രൂപത്തിൽ മണ്ണിൽ വീഴുകയും പിന്നീട് പ്രാണിയായി വളരും. തേനുണ്ടാകുന്ന അടകളിലെ അറകളിൽ പുഴു കൂടുകൂട്ടി തേനറകൾ നശിപ്പിക്കുന്നതോടെ തേനീച്ചയുടെ വംശനാശവും റാണി ഈച്ചക്കൊപ്പം മറ്റ് ഈച്ചകളും കൂടൊഴിയുന്നതുമാണ് കണ്ടുവരുന്നത്.

കർഷകർ പ്രതിസന്ധിയിൽ

തേനീച്ചകൃഷി നടത്തുന്ന നൂറോളംപേർ കോടശ്ശേരി പഞ്ചായത്തിലുണ്ട്. മലയോരമേഖലയിൽ തേനീച്ചകൃഷി ചെയ്യുന്ന കർഷകരും അവരുടെ കീഴിൽ ജോലിചെയ്ത് ഉപജീവനം നടത്തുന്നവരും പ്രതിസന്ധിയിലാണ്.

കോടശ്ശേരിയിൽ മാത്രമല്ല വിവിധ ജില്ലകളിൽ ഇത്തരം വണ്ടുകളെ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ മലയോരമേഖലകളിൽ ഇതിനകം വണ്ടിന്റെ ആക്രമണം രൂക്ഷമായെന്ന് കർഷകർ പറയുന്നു. കുരങ്ങ്, മാൻ, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം കൂടാതെ വണ്ടിന്റെ ആക്രമണം കൂടി വന്നതോടെ കർഷകർ നിരാശയിലാണ്.

സർക്കാർ ഇടപെടണം

വായ്പയെടുത്തും മറ്റും തേനീച്ചകൃഷി തൊഴിലാക്കിയവരുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് പരിഹാരം കാണണമെന്നാണ് ആവശ്യം.

തേനീച്ചകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങൾ കാര്യക്ഷമമല്ല. പുതിയ തേനീച്ചകളെ വാങ്ങി കൃഷി തുടങ്ങണമെങ്കിൽ വേറെ പണം കണ്ടെത്തണം. തേനിൽനിന്നുള്ള വരുമാനം നിലച്ചതോടെ സർക്കാരിൽനിന്ന് നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമാണ് കർഷകർക്ക് വീണ്ടും തേനീച്ചകൃഷിയിലേക്ക് തിരിയാനാകുകയുള്ളൂയെന്നും തേനീച്ചകൃഷിക്ക് ഇൻഷുറൻസ് ഏർപ്പെടുത്തണമെന്നും കർഷകർ ആവശ്യപ്പെട്ടു. തേനീച്ചക്കൂട്ടിൽ നിന്ന് പിടികൂടിയ 'സ്‌മോൾ ഹൈവ് ബീറ്റിൽസ്'

വ്യാപനം അതിവേഗം

ഒരു പ്രദേശത്തെ കോളനികളിൽ വന്നുപെട്ടാൽ അവ പരിസരത്തുള്ളവയിലേക്കെല്ലാം വേഗത്തിൽ പടരും. 10 കിലോമീറ്ററിലേറെ ദൂരമുള്ള കൂടുകളിലേക്ക് ഇത്തരം വണ്ടുകൾക്ക് പറന്ന് ചെല്ലാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നത്. ഓരോ കോളനികളിലും നൂറുകണക്കിന് ലാർവകളെയും വണ്ടുകളെയും കണ്ടെത്തുന്നുണ്ട്. അതിവേഗത്തിലാണ് ഇത്തരം വണ്ടിന്റ വ്യാപനം.

പ്രതിവിധി കണ്ടെത്തിയിട്ടില്ല

പുതിയ ഇനം കീടമായതിനാൽ മരുന്നുകളോ പ്രതിവിധികളോ കണ്ടെത്താത്തതിനാൽ കോളനികളിൽ വണ്ടുകൾ വളരുന്ന സാഹചര്യമാണ്. വണ്ട് കയറിപ്പറ്റിയ കോളനികളിലെ തേനടകൾ എടുത്ത് നശിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. മറ്റ് കീട ആക്രമണങ്ങൾക്കെതിരേ ചെയ്തുവരുന്ന പ്രതിവിധികളൊന്നും ഈ വണ്ടിന് ഏൽക്കുന്നില്ല. കണ്ടെത്തുന്നവയെ നശിപ്പിക്കുക മാത്രമാണ് നിലവിലുള്ള മാർഗം. ഈച്ചകൾ ഒഴിഞ്ഞുപോയ കോളനികളിൽ പുതിയവയെ കൊണ്ടുവന്നിട്ടാലും സാഹചര്യങ്ങൾക്ക് മാറ്റമില്ല. അതിനാൽ തേനീച്ച ഒഴിഞ്ഞ കോളനികൾ എടുത്ത് മാറ്റി സൂക്ഷിക്കുന്നു.