മാള : കണ്ടക്ടറെയും ഡ്രൈവറെയും കാത്ത് ബസുകൾ കെ.എസ്.ആർ.ടി.സി. മാള ഡിപ്പോയിൽ കിടക്കുന്നു. ഒൻപതുമാസത്തോളമായി ബസുകൾ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്.

To advertise here,

ബസുകളുടെ എണ്ണം കുറവാണെങ്കിലും നിലവിലുള്ള സർവീസുകൾ കൊണ്ടുപോകാൻ ആളില്ലാതെ വെറുതെ കിടക്കുകയാണ്. നിലവിൽ 16 കണ്ടക്ടർമാരുടെയും എട്ട്‌ ഡ്രൈവർമാരുടെയും കുറവാണുള്ളത്.

മാളയിൽനിന്ന് 30 ഷെഡ്യൂളുകൾ സർവീസ് നടത്താനുള്ള ബസുകളുണ്ടെങ്കിലും ശരാശരി 24 എണ്ണമാണ് സാധ്യമാകുന്നത്. ജീവനക്കാരില്ലാത്തതിനാൽ പലപ്പോഴും ദീർഘദൂര സർവീസുകൾ ഉൾപ്പെടെ റദ്ദാക്കുകയാണ്.

33 ബസുകൾ നിലവിലുള്ളതിൽ 25 വരെ മാത്രമേ ഓരോ ദിവസവും ഉപയോഗിക്കുന്നുള്ളൂ.

ഓരോ ദിവസവും ഏതൊക്കെ സർവീസുകൾ റദ്ദാക്കണമെന്ന കാര്യത്തിൽ ജീവനക്കാരുടെ അവധിയും ലഭ്യതയും കണക്കാക്കി തീരുമാനത്തിലെത്താൻ പലപ്പോഴും വൈകും. കഴിഞ്ഞ ഒൻപതുമാസത്തോളമായി മാള കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ അവസ്ഥ ഇതാണ്.

മാളയിൽനിന്നുള്ള രണ്ടു ഡ്രൈവർ കം കണ്ടക്ടറെ നോർത്ത് പറവൂരിലേക്ക് ഏതാനും ദിവസംമുൻപാണ് മാറ്റിയത്. പറവൂരിൽനിന്ന് പുതിയ സർവീസ് മൈസൂരുവിലേക്കു തുടങ്ങുന്നതിനാണ് താത്കാലിക ജീവനക്കാരായ ഇരുവരെയും മാറ്റിയത്.

കോവിഡ് വരെ 46 ബസുകളാണ് മാള ഡിപ്പോയിൽ ഉണ്ടായിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സർവീസുകൾ വെട്ടിക്കുറച്ചപ്പോൾ മാളയിൽനിന്നുള്ള ബസുകളും പിൻവലിച്ചു. പിന്നീട് ആ ബസുകളൊന്നും തിരിച്ചെത്തിയില്ല.

ഗ്രാമീണമേഖലയിലേക്കുള്ള എല്ലാ സർവീസുകളും കെ.എസ്.ആർ.ടി.സി. നിർത്തി. എന്നാൽ ഇപ്പോഴത്തെ പ്രതിസന്ധി ബസുകൾ സർവീസ് നടത്തുന്നതിന് ജീവനക്കാരില്ലാത്തതാണ്. ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന ആവശ്യവുമായി കെ.എസ്.ആർ.ടി.സി. അധികൃതർ മന്ത്രി ഒ.ജെ. ജനീഷിന്റെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.