ടോളിനെതിരേയുള്ള ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും

To advertise here,

നാട്ടിക : ദേശീയപാത 66-ലെ നാട്ടികയിൽ പുനരാരംഭിച്ച ടോൾപിരിവ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് വിവിധ മുന്നണികൾ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ലാത്തിയടിയിൽ ഒമ്പത് ഇടതുമുന്നണി പ്രവർത്തകർക്കും രണ്ട് യു.ഡി.എഫ്. പ്രവർത്തകർക്കും പരിക്കേറ്റു. 22 യു.ഡി.എഫ്. പ്രവർത്തകരെ അറസ്റ്റുചെയ്തു. സംഘർഷത്തെത്തുടർന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ഗതാഗതം സ്തംഭിച്ചു. കാൽനടയാത്രക്കാർ ബാരിക്കേഡിനു മുകളിലൂടെയാണ് റോഡ് മുറിച്ചുകടന്നത്.

പൊതുമരാമത്തുമന്ത്രിയുടെ നിർദേശപ്രകാരം ടോൾപിരിവിൽ സമവായമുണ്ടാക്കാൻ തിങ്കളാഴ്‌ച കളക്ടറേറ്റിൽ സർവകക്ഷിയോഗം ചേർന്നുകൊണ്ടിരിക്കെയാണ് ടോൾപിരിവ് പുനരാരംഭിച്ചത്. തുടർന്ന് സർവകക്ഷിയോഗം ബഹിഷ്‌കരിച്ച പാർട്ടികൾ സമരത്തിനിറങ്ങുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ഇടതുമുന്നണിപ്രവർത്തകർ പ്രകടനമായെത്തി. സി.പി.എം. ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ ഉദ്ഘാടനംചെയ്തു. മറ്റുള്ളവരുടെ പ്രസംഗം കഴഞ്ഞതോടെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ടു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും പ്രവർത്തകരെ അടിച്ചോടിക്കുകയുമായിരുന്നു.

ഡി.വൈ.എഫ്.ഐ. നാട്ടിക ബ്ലോക്ക് സെക്രട്ടറിയും ജില്ലാപഞ്ചായത്തംഗവുമായ അമൽ ടി. പ്രേമൻ, ബ്ലോക്ക് ജോയിൻറ് സെക്രട്ടറി എ.എൻ. നിസ്സാർ, മേഖലാ സെക്രട്ടറി കെ.എസ്. ലെനിൻ, ജില്ലാപഞ്ചായത്തംഗം പി.ഐ. സജിത, എൻ.എം. നിഖിൽ, സി.ജെ. ദീക്ഷിദ്, ഡി.വൈ.എഫ്.ഐ. മുൻ ബ്ലോക്ക് പ്രസിഡൻറ് ടി.കെ. രാഗേഷ്, ഇ.വി. ഡിജു, എസ്.എഫ്.ഐ. മേഖലാ സെക്രട്ടറി കെ.വൈ. അസീം, കെ.എസ്. നന്ദു, കെ.എ. ഹാഷിം എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വലപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടതുപ്രവർത്തകർ പിരിഞ്ഞുപോയതിനുപിന്നാലെ യു.ഡി.എഫ്. പ്രവർത്തകരെത്തി. ഇവർക്കെതിരേ പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറി. രണ്ടുപേരെ മറുവശത്തേക്ക് വലിച്ചിട്ട പോലീസ് ഇവരെ വലിച്ചിഴച്ചുകൊണ്ടുപോയി. ഡി.സി.സി. ജനറൽ സെക്രട്ടറി ശോഭാ സുബിൻ, കെ.എസ്.യു. സംസ്ഥാനസമിതിയംഗം സി.വി. വിമൽ എന്നിവർക്കാണ് പരിക്കേറ്റത്. കെ.പി.സി.സി. ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും പോലീസ് ബലമായി അറസ്റ്റുചെയ്ത്‌ പോലീസ് വാഹനത്തിൽ സ്റ്റേഷനിലെത്തിച്ചു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

ടോൾപിരിവിനെതിരേ നൽകിയ വിവിധ ഹർജികൾ ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.

ഇടപെടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : നിർത്തിവയ്ക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടും നാട്ടികയിൽ ടോൾ പിരിവു തുടരുന്നതിൽ ഇടപെടുമെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ. ചൊവ്വാഴ്ച സഭാനടപടികൾ അവസാനിക്കുമ്പോൾ കെ.എൻ.ബാലഗോപാലാണ് ഇക്കാര്യം ഉന്നയിച്ചത്. തുടർന്ന് കെ.രാജനും വിഷയമുന്നയിച്ചു. മന്ത്രിയുടെ നിർദേശം അവഗണിച്ച് ടോൾ പിരിവ് തുടരുന്നതായും ചീഫ് സെക്രട്ടറിയാണിതിനു നിർദേശം നൽകിയതെന്നും രാജൻ കുറ്റപ്പെടുത്തി. എല്ലാവരുമായും സംസാരിച്ച് തീരുമാനമെടുക്കണമെന്ന്‌ ജില്ലാ കളക്ടറോടു പറഞ്ഞിരുന്നതായി മുഖ്യമന്ത്രി സഭയെ അറിയിച്ചു. ടോൾ പിരിക്കണമെന്ന നിലപാടാണ് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റേത്. പരാതി പരിശോധിച്ച് തീരുമാനമെടുക്കും -മുഖ്യമന്ത്രി പറഞ്ഞു.