ചാവക്കാട് : തകർന്നുകിടക്കുന്ന ചേറ്റുവ റോഡ് നവീകരണത്തിന് ഒടുവിൽ ടെൻഡറായി. മൂന്നാംതവണ ടെൻഡറിന് ക്ഷണിച്ചപ്പോഴാണ് നടപടിയായത്. ആദ്യത്തെ തവണ ഒരാൾമാത്രം പങ്കെടുത്തതിനാൽ ടെൻഡർ നടന്നില്ല. രണ്ടാമത്തെ തവണ ആരും ടെൻഡറിൽ പങ്കെടുത്തില്ല. മൂന്നാംതവണയും ഒരാൾ മാത്രമേ ടെൻഡറിൽ പങ്കെടുത്തുള്ളൂ. റീ ടെൻഡർ ആയതിനാൽ ഒരാൾ മാത്രമായാലും നടത്താമെന്നതുകൊണ്ടു മാത്രമാണ് ഒടുവിൽ ടെൻഡർ നടപടിയായത്.
എന്നാൽ നാഷണൽ ഹൈവേ അതോറിറ്റി അനുവദിച്ച 1.63 കോടി രൂപയുടെ 14 ശതമാനം അധികതുകയ്ക്കാണ് കരാറുകാരൻ ടെൻഡർ എടുത്തിരിക്കുന്നത്. റോഡിലെ ടാറിടൽ, കാനകളുടെ നിർമാണം എന്നിവ ഉൾപ്പെടെയുള്ള പണികളാണ് ഈ തുകയിൽ നടത്തുക. 10 ശതമാനം അധികതുകയ്ക്കുവരെ മാത്രമേ സൂപ്രണ്ടിങ് എൻജിനീയർക്ക് അനുമതി നൽകാൻ കഴിയൂവെന്നിരിക്കേ ഇത് 14 ശതമാനമായതിനാൽ സർക്കാരിന്റെ പ്രത്യേക അനുമതികൂടി വേണ്ട സാഹചര്യമുണ്ട്. സംസ്ഥാന പൊതുമരാമത്ത് നാഷണൽ ഹൈവേ വിഭാഗത്തിന്റെ കീഴിലാണ് നവീകരിക്കുക. ടാറിന് വില കൂടിയത് ഉൾപ്പെടെയുള്ള നിർമാണച്ചെലവുകാരണം റോഡുപണി കരാറുകാർ ടെൻഡറിന് തയ്യാറാകാത്ത സാഹചര്യമാണ്. കൂടിയ ടാർവില കാരണം റോഡുപണിക്ക് കരാറെടുക്കാൻ ആരും തയ്യാറാകുന്നില്ലെന്നും ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് എൻ.കെ. അക്ബർ എം.എൽ.എ. മന്ത്രി പി.കെ. ബഷീറിന് അടുത്തിടെ നിവേദനം നൽകിയിരുന്നു. ഇനിയെങ്കിലും സാങ്കേതികക്കുരുക്കിൽ കിടന്ന് റോഡുപണി വൈകിക്കരുതെന്നാണ് നാട്ടുകാർക്കും യാത്രക്കാർക്കും പറയാനുള്ളത്.
Published: 14 Oct 2026, 02:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented