തിരുവനന്തപുരം: ആധുനിക സാങ്കേതികവിദ്യയുടെ സഹായമില്ലാതെ കൈകൊണ്ട് തനത് ശൈലിയിൽ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിൽക്കുന്ന ഒരു യുവസംരംഭകയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. തികച്ചും ജൈവരീതിയിൽ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തുന്ന ബാലരാമപുരം സ്വദേശിയായ വിദ്യ സജികുമാർ ആണ് ഈ സംരംഭക.

To advertise here,

ഏകദേശം ഏഴ് വർഷങ്ങൾക്ക് മുൻപ് വെറും അഞ്ഞൂറ് രൂപ മുതൽമുടക്കിൽ ആരംഭിച്ച ചെടികളുടെ തോട്ടമായിരുന്നു ഈ സംരംഭത്തിൻ്റെ ആദ്യ ചുവടുവയ്പ്പ്. അതിൽ നിന്ന് വിറ്റ് കിട്ടിയ പണം സ്വരൂപിച്ച് മൂന്ന് വർഷം മുൻപാണ് സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിൽക്കുന്ന സംരംഭം ആരംഭിച്ചത്. കിയാര കോസ്മെറ്റിക് ഓർഗാനിക് പ്രൊഡക്റ്റ്സ് എന്ന് സംരംഭത്തിന് പേരും നൽകി. ഒരു കൗതുകത്തിന് പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ച കാരറ്റ് സോപ്പിൽ നിന്നായിരുന്നു 'കിയാര'യുടെ തുടക്കം. ഈ ഉൽപ്പന്നങ്ങൾ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നൽകി അവരുടെ അഭിപ്രായം ശേഖരിച്ച ശേഷമാണ് വിപണിയിലേക്കെത്തിച്ചത്.

പലതരം സോപ്പുകൾ, ഷാംപു, ഫേസ് ക്ലെൻസർ, വെളിച്ചെണ്ണ, കൺമഷി, ലിപ് ബാം, ഹെയർ ഹെന്ന, ഫേസ് വാഷ് എന്നിവയാണ് പ്രധാനപ്പെട്ട ഉൽപ്പന്നങ്ങൾ. വിദ്യ ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതും പാക്ക് ചെയ്യുന്നതും ബാലരാമപുരത്തെ വീട്ടിൽ വെച്ചാണ്. പച്ചപ്പ് പൊതിഞ്ഞ ഈ വീട്ടുമുറ്റത്ത് നിറയെ ചെടികളും ഔഷധസസ്യങ്ങളും കാണാം. ചില ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിന് മൈലാഞ്ചി, കറ്റാർവാഴ തുടങ്ങിയ അസംസ്കൃത വസ്തുക്കൾ അവിടെത്തന്നെ നട്ടുവളർത്തിയ ഔഷധ തോട്ടത്തിൽ നിന്നാണ് എടുക്കുന്നത്. പ്രകൃതിയോട് കൂടുതൽ ഇണങ്ങിച്ചേർന്നാണ് വിദ്യ ഈ സംരംഭം മുന്നോട്ടുക്കൊണ്ടുപോകുന്നത്.

ആധുനിക കാലഘട്ടത്തിൽ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. രാസവസ്തുക്കൾ അടങ്ങാത്ത ഇത്തരം ജൈവ സൗന്ദര്യ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ ത്വക്ക് സംബന്ധമായ അലർജി പ്രശ്നങ്ങളും മറ്റും ഇല്ലാതാക്കാൻ സാധിക്കുമെന്ന് വിദ്യ പറയുന്നു.

വലിയ കമ്പനികൾ കയ്യടക്കിവെച്ചിരിക്കുന്ന ആധുനിക വിപണിയിൽ, ജൈവ സ്കിൻ കെയർ ഉൽപ്പന്നങ്ങളുടെ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട് ഇത്തരം ചെറുകിട ഉൽപ്പാദന കേന്ദ്രങ്ങളെ മുന്നോട്ട് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. കോസ്മെറ്റിക് ഉൽപ്പന്നങ്ങളുടെ വിപണിയിൽ മുന്നേറാൻ വാണിജ്യാടിസ്ഥാനത്തിൽ സബ്സിഡി പോലുള്ള ആശയങ്ങൾ നൽകി ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണം. ചില അസംസ്കൃത വസ്തുക്കൾക്ക് വില കൂടുതലായതിനാൽ ഉൽപ്പന്നങ്ങളുടെ വിലയിൽ ക്രമീകരണം നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ വ്യവസായ വകുപ്പ് ഇതിന് പരിഹാരം കാണേണ്ടതുണ്ട്. നേരിട്ട് ഉപഭോക്താവിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കാൻ ശ്രമിക്കുന്ന വിദ്യയെപ്പോലുള്ള സംരംഭകർക്ക് നിലവിലെ വിപണിയിൽ പിടിച്ചുനിൽക്കാൻ കൃഷി, വ്യവസായ വകുപ്പുകളുടെ പിന്തുണ അനിവാര്യമാണ്.