നേമം : മുടവൻമുകൾ പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങളായിട്ടും അപ്രോച്ച് റോഡിന്റെ പണിയും ഓട നിർമാണവും ഇഴയുന്നതുകാരണം യാത്രക്കാർ ബുദ്ധിമുട്ടുന്നു. നേമം നിയോജക മണ്ഡലത്തിൽ മുടവൻമുകൾ-എസ്റ്റേറ്റ് വാർഡുകളെ ബന്ധിപ്പിക്കുന്ന കരമനയാറിനു കുറുകേയുള്ള പാലമാണിത്. മുൻമന്ത്രിയും സ്ഥലം എം.എൽ.എ.യുമായിരുന്ന വി.ശിവൻകുട്ടിയുടെ സമയത്താണ് പാലം ഉദ്ഘാടനം കഴിഞ്ഞത്.

To advertise here,

അപ്രോച്ച് റോഡിന്റെ മുടവൻമുകൾ ഭാഗത്തെ പണികളാണ് ഇഴയുന്നത്. റോഡുപണി പൂർത്തിയാകാത്തതിനാൽ യാത്രികർ ദുരിതത്തിലാണ്. എസ്റ്റേറ്റ് വാർഡിലുൾപ്പെടുന്ന പ്രദേശത്ത് റോഡുപണിയെല്ലാം പൂർത്തിയായെങ്കിലും ടാറിങ് നടന്നിട്ടില്ല. പാലം പണിയുമായി ബന്ധപ്പെട്ട് പൊന്നുംവില കൊടുത്ത് ഏറ്റെടുത്ത സ്ഥലങ്ങൾ ഉപയോഗപ്പെടുത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്. തിരുമല, നേമം വില്ലേജുകളിലെ 23 പേരുടെ ഭൂമിയാണ് പാലം നിർമാണവുമായി ബന്ധപ്പെട്ട് ഏറ്റെടുത്തത്. ഇതിൽ ദേവസ്വം ബോർഡുവക ഭൂമിയും ഉൾപ്പെടും. നടപ്പാതയും റോഡും ഏറ്റെടുത്ത സ്ഥലം പൂർണമായും വിനിയോഗിച്ച് വീതി കൂട്ടണമെന്നാവശ്യവും നാട്ടുകാർ ഉയർത്തുന്നുണ്ട്. കടത്തുതോണിയെ മാത്രം ആശ്രയിച്ചിരുന്ന നാട്ടുകാർക്ക് വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് പാലം ലഭിച്ചത്. കോടികൾ മുടക്കി നിർമിച്ച പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങളായിട്ടും പൊതുജനത്തിനു ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കാൻ അധികൃതർക്ക് ആകുന്നില്ല. റോഡുപണി പൂർത്തിയാകാൻ വൈകുന്നത് കാരണം ഇടയ്ക്കിടെ പാലത്തിലൂടെയുള്ള യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തുകയാണ്. അപ്രോച്ച് റോഡിന്റെ നിർമാണം നീണ്ടുപോകുന്നതായുള്ള പരാതിയിൽ മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടിരുന്നു.

വേഗം പണി പൂർത്തിയാക്കണം

സർക്കാർ നഷ്ടപരിഹാരം നൽകിയ ഭൂമി പൂർണമായും ഏറ്റെടുത്ത് നടപ്പാതയും റോഡും വീതി കൂട്ടണം. യാത്രക്കാരുടെ ദുരിതത്തിനു പരിഹാരം കാണണം.

സിബിമോൻ,സെക്രട്ടറി, മലമേൽക്കുന്ന് റെസിഡെൻസ്‌ അസോസിയേഷൻ