ചെറുപ്രായത്തില്‍ കുട്ടികള്‍ മെയ്ക്കപ്പിനോടും സൗന്ദര്യവര്‍ധക  സൗന്ദര്യവസ്തുക്കളോടും കാണിക്കുന്ന താല്‍പര്യത്തെ പലപ്പോഴും കുട്ടിക്കളിയായിട്ടാണ് കാണുക. ചെറുനഖങ്ങളില്‍ പോളിഷ് ഇടുമ്പോഴും, കവിളില്‍ ബ്ലഷ് ഇടുമ്പോഴും, പെര്‍ഫ്യൂം അടിക്കുമ്പോഴും അവരെ തടയുന്നതിന് പകരം ആസ്വദിക്കുകയാണ് പതിവ്‌. ഇത്തരത്തില്‍ മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള മെയ്ക്കപ്പ് സാധനങ്ങളുടെ ഉപയോഗം കുട്ടികളുടെ ചർമത്തിന് നല്ലതല്ല എന്ന് കണ്ടെത്തിയിരിക്കുകയാണ്‌ കൊളംബിയ യൂണിവേഴിസിറ്റിയിലെ ഗവേഷകര്‍. 

To advertise here,

കണ്ണെഴുതുന്നത് മുതല്‍ കൈകളില്‍ മൈലാഞ്ചി ഇടുന്നതുവരെ കുട്ടികളില്‍ സൗന്ദര്യവസ്തുക്കളുടെ ഉപയോഗം കാണാം. എന്‍വയോണ്‍മെന്റല്‍ റിസേര്‍ച്ച് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് 2023-ലാണ് മെയ്ക്കപ്പ് സാധനങ്ങള്‍ക്ക് കുട്ടികളുടെ ചർമത്തിലുള്ള സ്വാധീനത്തെക്കുറിച്ച് പഠനം നടത്തിയത്. മുതിര്‍ന്ന വ്യക്തിയുമായി  താരതമ്യം ചെയ്യുമ്പോള്‍ കുട്ടികളുടെ ചർമം കനം കുറഞ്ഞതും ഈര്‍പ്പം നിലനിര്‍ത്താനുള്ള കഴിവ് കുറവുമാണ്‌. ഇത് കാരണം മെയ്ക്കപ്പ് ഉപയോഗിക്കുമ്പോള്‍ കുട്ടികളില്‍ അലര്‍ജി, ഹോര്‍മോണ്‍ തകരാറുകള്‍, തുടങ്ങി ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ജനിച്ചയുടനെയുള്ള കുഞ്ഞിന്റെ ചർമത്തിന് മുതിര്‍ന്നവരുടേതിന് തുല്യമായ പാളികള്‍ ഉണ്ടെങ്കിലും അവ മുപ്പത് ശതമാനം കനം കുറഞ്ഞതാണ്. സൗന്ദര്യവര്‍ധക വസ്തുക്കളില്‍ നിന്നുള്ള രാസവസ്തുക്കള്‍ എളുപ്പത്തില്‍ കുഞ്ഞിന്റെ ചർമത്തിലൂടെ രക്തചംക്രമണത്തില്‍ ചേരാന്‍ ഇത് കാരണമാവുന്നു. ലാന്‍കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ അനാട്ടമി വിദഗ്ദനായ ആദം ടെയ്‌ലറിന്റെ അഭിപ്രായത്തില്‍ കുഞ്ഞുങ്ങളുടെ ചർമത്തില്‍ ജലത്തിന്റെ അംശം കൂടുതലാണെങ്കിലും ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്ന ഘടകമായ സെബം കുറവാണ്. 

കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് ചർമത്തിനെ വരണ്ടതാക്കും. കോസ്‌മെറ്റിക് സാധനങ്ങളിലെ സുഗന്ധ സംയുക്തങ്ങള്‍, ലനോലിന്‍, പ്രിസര്‍വേറ്റീവുകള്‍, ഹെയര്‍ ഡൈയിലെ രാസഘടകങ്ങള്‍, എന്നിവ അലര്‍ജിക്ക് കാരണമാവുന്ന ഘടകങ്ങളാണ്. 

അമേരിക്കയിലെ കുട്ടികള്‍ ഉപയോഗിക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കളില്‍ പലതിലും കാര്‍സിനോജന്‍ പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട് എന്ന് പഠനത്തില്‍ പറയുന്നുണ്ട്. ഇവ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും കാരണമാവുകയും തലച്ചോറിന്റെ വികാസത്തെ ബാധിക്കുകയും ചെയ്യും. മെയ്ക്കപ്പ് ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷത്തേക്കാള്‍ കുട്ടികളുടെ ആരോഗ്യത്തിന് രക്ഷിതാക്കള്‍ പ്രാധാന്യം നല്‍കണം എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.