'നിങ്ങളുടെ സ്‌കിൻ എന്റേതുപോലെ തിളങ്ങണോ, അതും വെറും ഏഴുദിവസത്തിനുള്ളിൽ.. എങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ' -മോഹനവാഗ്ദാനവുമായി മൊബൈലിൽ തെളിയുന്നത് സാമൂഹികമാധ്യമത്തിലെ പ്രിയ ഇൻഫ്‌ളുവൻസർ. യുവാക്കൾക്കിടയിൽ ട്രെൻഡായി മാറുന്ന 'കൊറിയൻ ഗ്ലാസ് സ്‌കിൻ' മോഹത്തെ മുതലെടുക്കുകയാണെന്ന് പലരും അറിയുന്നതേയില്ല.

To advertise here,

അമിത ഉപയോഗം പണിതരും

വിദഗ്ധഡോക്ടറുടെ ഉപദേശം കൂടാതെ ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാമെന്ന് ചർമരോഗവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാസവസ്തുക്കൾ അടങ്ങിയവ മുഖചർമത്തിൽ ചുവപ്പ്, അലർജി, ചൊറിച്ചിൽ, വരൾച്ച, പാടുകൾ തുടങ്ങിയവയ്ക്കിടയാക്കിയേക്കാം. സ്റ്റിറോയ്ഡ് അടങ്ങിയ ഉത്പന്നങ്ങളുടെ നിയന്ത്രണമില്ലാത്ത ഉപയോഗം ചർമനാശത്തിനുതന്നെ കാരണമാകും.

എന്താണ് കൊറിയൻ ഗ്ലാസ് സ്‌കിൻ

കൊറിയൻ ബ്യൂട്ടി ട്രെൻഡിൽ നിന്നുയർന്ന സൗന്ദര്യ ആശയമാണ് 'ഗ്ലാസ് സ്‌കിൻ'. മുഖചർമ്മം കണ്ണാടിപോലെ മിനുങ്ങുന്നതും പാടുകളില്ലാത്തതും തിളക്കമുള്ളതുമായിരിക്കണമെന്നാണ് ഈ സങ്കൽപത്തിന് പിന്നിൽ.

മോയിസ്ചറെസുകൾ, സിറം, ഓയിൽ തുടങ്ങി വിറ്റാമിൻ ഗുളികകൾ, സപ്ലിമെന്റുകൾ എന്നിവയെല്ലാം ഇതിനുവേണ്ടി ഉപയോഗിക്കുന്നു. സ്‌കിൻ ഗ്ലോ, ഗ്ലാസ് സ്‌കിൻ, കൊറിയൻ സ്‌കിൻ തുടങ്ങിയ ഹാഷ്ടാഗോടുകളോടെയാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിക്കുന്നത്.

മെർക്കുറി അപകടകരം

'സാമൂഹികമാധ്യമം വഴി വിൽക്കുന്ന ചർമസംരക്ഷണ ഉത്പന്നങ്ങളിൽ മെർക്കുറി പോലെയുള്ള വിഷാംശം അടങ്ങിയതായി പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. മെർക്കുറി ചർമത്തിലെ മെലാനിൻ ഉത്പാദനം താത്കാലികമായി കുറയ്ക്കുന്നതിനാൽ മുഖം വെളുത്തുവെന്ന തോന്നലുണ്ടാക്കുന്നു. എന്നാൽ ഇത് ഗുരുതര ആരോഗ്യപ്രശ്‌നം സൃഷ്ടിക്കും. നാഡീവ്യവസ്ഥ, വൃക്ക എന്നവിയേയും ബാധിക്കും.' -രശ്മി അരവിന്ദ്, ഫാർമക്കോ വിജിലൻസ് ഉദ്യോഗസ്ഥ.