ഒരാൾക്ക് അനുയോജ്യമായ സൗന്ദര്യവർധക ഉത്പന്നം മറ്റൊരാൾക്ക് യോജിക്കണമെന്നില്ല. ട്രെൻഡുകൾ അനുകരിക്കുന്നതിന് പകരം സ്വന്തം ചർമത്തിന്റെ ആവശ്യത്തിനനുസരിച്ച് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ശരിയായ സമീപനം.

To advertise here,

മുൻകാലങ്ങളെ അപേക്ഷിച്ച് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കൗമാരക്കാരിലും യുവതീയുവാക്കളിലും സൗന്ദര്യവർധകവസ്തുക്കളുടെ (കോസ്മെറ്റിക്സ്) ഉപയോഗം വളരെയേറെ വർധിച്ചിട്ടുണ്ട്. ഒരുകാലത്ത് വിവാഹം, ആഘോഷങ്ങൾ തുടങ്ങിയ പ്രത്യേക സന്ദർഭങ്ങളിൽമാത്രം ഉപയോഗിച്ചിരുന്ന മെയ്ക്കപ്പും സ്‌കിൻകെയർ ഉത്പന്നങ്ങളും ഇന്ന് സോഷ്യൽ മീഡിയയുടെയും മറ്റും സ്വാധീനത്താൽ പലരുടെയും ദൈനംദിനജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ചെറിയ കുട്ടികൾവരെ ഇത്തരം സൗന്ദര്യവർധകവസ്തുക്കൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, വിപണിയിലെ ആകർഷകമായ പരസ്യങ്ങൾക്കും സോഷ്യൽ മീഡിയാ ട്രെൻഡുകൾക്കും പിന്നാലെ പോകുമ്പോൾ, സ്വന്തം ചർമത്തിന്റെ ആരോഗ്യത്തെ നമ്മൾ എത്രത്തോളം അപകടത്തിലാക്കുന്നുണ്ടെന്ന് പലരും തിരിച്ചറിയുന്നില്ല. ക്ലിനിക്കൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ കോസ്മെറ്റിക്സിന്റെ ശാസ്ത്രീയവും സുരക്ഷിതവുമായ ഉപയോഗത്തെക്കുറിച്ച് അറിയേണ്ട ചില പ്രധാന കാര്യങ്ങൾ നോക്കാം.

ട്രെൻഡുകളും പ്രായോഗിക സത്യങ്ങളും

ഇന്നത്തെ തലമുറയിൽ സ്‌കിൻകെയർ ട്രെൻഡുകൾ ഉണ്ടാക്കുന്നതിൽ സോഷ്യൽ മീഡിയയിലെ ഇൻഫ്ലുവൻസർമാർക്കും റീലുകൾക്കും വലിയ പങ്കുണ്ട്. ഡെർമറ്റോളജിസ്റ്റിന്റെ നിർദേശത്തെക്കാൾ സോഷ്യൽ മീഡിയാ അഭിപ്രായങ്ങൾ വിശ്വസിച്ച് ഉത്പന്നങ്ങൾ പരീക്ഷിക്കുന്ന പ്രവണത വർധിച്ചുവരുന്നുണ്ട്. എന്നാൽ, ഒരാൾക്ക് അനുയോജ്യമായ ഉത്പന്നം മറ്റൊരാൾക്ക് യോജിക്കണമെന്നില്ല. ട്രെൻഡുകൾ അനുകരിക്കുന്നതിന് പകരം സ്വന്തം ചർമത്തിന്റെ ആവശ്യത്തിനനുസരിച്ച് ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ശരിയായ സമീപനം.

ഉപയോക്താക്കൾക്ക് വരാവുന്നപ്രധാന അബദ്ധങ്ങൾ

  • ആളുകൾ സൗന്ദര്യവർധകവസ്തുക്കൾ തിരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും വരാനിടയുള്ള പ്രധാന തെറ്റുകൾ ഇവയാണ്:
  • സ്വന്തം ചർമത്തിന്റെ സ്വഭാവവും ആവശ്യങ്ങളും മനസ്സിലാക്കാതെ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുക.
  • ഒരേസമയം ഒട്ടേറെ പുതിയ ഉത്പന്നങ്ങൾ ഉപയോഗിച്ച്, എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അതിന്റെ യഥാർഥ കാരണം തിരിച്ചറിയാൻ കഴിയാതെവരുക.
  • പുതിയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനുമുൻപ് പാച്ച് ടെസ്റ്റ് നടത്താതിരിക്കുക.
  • കാലാവധി കഴിഞ്ഞതോ ഗുണനിലവാരം ഉറപ്പില്ലാത്തതോ ആയ ഉത്പന്നങ്ങൾ ഉപയോഗിക്കുക.
  • മറ്റുള്ളവരുമായി മെയ്ക്കപ്പ് ഉത്പന്നങ്ങൾ പങ്കുവയ്ക്കുക (ഇത് അണുബാധ പകരാൻ ഇടയാക്കും).
  • ദിവസാവസാനം മെയ്ക്കപ്പ് പൂർണമായും നീക്കംചെയ്യാതെ ഉറങ്ങുക.

ചർമത്തിന്റെ സ്വഭാവം അറിയേണ്ടതിന്റെ പ്രാധാന്യം

ഓരോരുത്തരുടെയും ചർമത്തിന്റെ സ്വഭാവം വ്യത്യസ്തമാണ്. ചർമത്തിന്റെ സ്വഭാവം മനസ്സിലാക്കാതെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ചർമത്തെ ദോഷകരമായി ബാധിക്കും.

എണ്ണമയമുള്ള ചർമം: കട്ടിയുള്ളതും തെറ്റായതുമായ ഉത്പന്നങ്ങൾ ഉപയോഗിച്ചാൽ മുഖക്കുരു വർധിക്കാം.

വരണ്ട ചർമം: ശക്തമായ ക്ലെൻസറുകൾ ഉപയോഗിച്ചാൽ ചർമം കൂടുതൽ വരണ്ടതായി മാറാം.

സെൻസിറ്റിവ് ചർമം: അലർജി, ചുവപ്പ്, ചൊറിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് സാധ്യത കൂടുതലാണ്.

'നാച്വറൽ' അല്ലെങ്കിൽ 'ഓർഗാനിക്' എന്താണ് വാസ്തവം?

'നാച്വറൽ' അല്ലെങ്കിൽ 'ഓർഗാനിക്' എന്ന് ലേബൽ ചെയ്ത ഉത്പന്നങ്ങൾ പൂർണമായും സുരക്ഷിതമാണെന്നത് എല്ലായിപ്പോഴും ശരിയാവണമെന്നില്ല. എസെൻഷൽ ഓയിലുകൾ, സുഗന്ധദ്രവ്യങ്ങൾ, ചില സസ്യങ്ങളുടെ സത്ത് എന്നിവ ചിലരിൽ അലർജിക് കോൺടാക്ട് ഡെർമറ്റൈറ്റിസ്, ചർമത്തിൽ നീറ്റൽ, ചുവപ്പ് തുടങ്ങിയവ ഉണ്ടാക്കാം. കൂടാതെ 'നാച്വറൽ' എന്ന പദത്തിന് എല്ലാ രാജ്യങ്ങളിലും ഒരേ രീതിയിലുള്ള കർശനമായ ശാസ്ത്രീയ നിർവചനം ഇല്ലാത്തതിനാൽ, ഇത് പലപ്പോഴും ഒരു മാർക്കറ്റിങ് തന്ത്രമായും ഉപയോഗിക്കപ്പെടുന്നു.

ശ്രദ്ധവേണം ദിവസേന ഉപയോഗിക്കുമ്പോൾ

  • നോൺ-കോമഡോജെനിക് (മുഖക്കുരുവിന് കാരണമാകാത്ത) ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുക.
  • മെയ്ക്കപ്പ് ബ്രഷുകളും സ്പോഞ്ചുകളും പതിവായി കഴുകി വൃത്തിയാക്കുക.
  • ഓരോരുത്തരുടെയും ചർമത്തിന് അനുയോജ്യമായ മോയ്സ്ചറൈസറും സൺസ്‌ക്രീനും പതിവായി ശരിയായ രീതിയിൽ ഉപയോഗിക്കുക.
  • മെയ്ക്കപ്പ് ഉത്പന്നങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്, പ്രത്യേകിച്ച് ലിപ്, ഐ കോസ്മെറ്റിക്സ്.
  • അസ്വസ്ഥതകൾ ഉണ്ടായാൽ ഉടൻ ഉപയോഗം നിർത്തി ഡോക്ടറെ കാണുക.
  • കാലാവധി കഴിഞ്ഞതോ ഗുണനിലവാരം ഉറപ്പില്ലാത്തതോ ആയ ഉത്പന്നങ്ങൾ ഉപയോഗിക്കരുത്.

മെയ്ക്കപ്പ് നീക്കാതെ ഉറങ്ങരുത്

മെയ്ക്കപ്പ് നീക്കംചെയ്യാതെ ഉറങ്ങുന്നത് ചർമത്തിലെ സുഷിരങ്ങൾ അടയാനും മുഖക്കുരുവിനും കാരണമാകും.

ചെയ്യേണ്ട രീതി: ശക്തിയായി ഉരയ്ക്കാതെ മൃദുവായി ശുചിയാക്കുക. മൈസെല്ലാർ വാട്ടർ, ക്ലെൻസിങ് ഓയിൽ അല്ലെങ്കിൽ ക്ലെൻസിങ് ബാം ഉപയോഗിച്ച് വിരലുകളുടെ അറ്റംകൊണ്ട് മൃദുവായി മസാജ് ചെയ്ത് കഴുകുക. കോട്ടൺ പാഡുകൾ ഉപയോഗിച്ച് ശക്തമായി ഉരയ്ക്കുന്നത് ചിലരിൽ ചർമപ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കാൻ ഇടയാക്കാം.

ടാറ്റൂ/സ്ഥിര മെയ്ക്കപ്പ്: സ്ഥിരമായ മെയ്ക്കപ്പ് അല്ലെങ്കിൽ കോസ്മെറ്റിക് ടാറ്റൂകൾ നീക്കംചെയ്യാൻ ക്യു-സ്വിച്ച്ഡ് എൻ.ഡി: യാഗ് ലേസർ പോലെയുള്ള ഡെർമറ്റോളജി ചികിത്സ തേടണം.

തിരഞ്ഞെടുക്കാം കരുതലോടെ

സൗന്ദര്യവർധക വസ്തുക്കൾ നമ്മുടെ ബാഹ്യരൂപത്തെ മെച്ചപ്പെടുത്താൻ മാത്രമുള്ളതാണ്, അല്ലാതെ ചർമരോഗങ്ങൾ ചികിത്സിക്കാനുള്ളതല്ല. പ്രത്യേക ആരോഗ്യ സാഹചര്യങ്ങളിലുള്ളവർ, ഉദാഹരണത്തിന് ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ എന്നിവർ കോസ്മെറ്റിക്സ് തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണം. പ്രായത്തിനും ആരോഗ്യസ്ഥിതിക്കും അനുയോജ്യവും സുരക്ഷിതവുമായ ഉത്പന്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. സംശയമുണ്ടെങ്കിൽ ഡെർമറ്റോളജിസ്റ്റിന്റെ ഉപദേശം തേടുന്നതാണ് ഏറ്റവും ഉചിതം.

പുതിയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനുമുൻപ് പാച്ച് ടെസ്റ്റ് നടത്താനും, പാർശ്വഫലങ്ങൾ കണ്ടാൽ ഉടൻതന്നെ ഒരു ഡെർമറ്റോളജിസ്റ്റിന്റെ ഉപദേശം തേടാനും ശ്രദ്ധിക്കുക. ആരോഗ്യമുള്ള ചർമത്തിന് അമിതമായ കോസ്മെറ്റിക് ഉപയോഗത്തേക്കാൾ ലളിതമായ സ്‌കിൻകെയർ, സ്ഥിരമായ സൺ പ്രൊട്ടക്ഷൻ, സമീകൃത ആഹാരം, മതിയായ ഉറക്കം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയാണ് കൂടുതൽ പ്രധാനം.

രാസവസ്തുക്കളും ശ്രദ്ധിക്കേണ്ട ചേരുവകളും

കോസ്മെറ്റിക്സിലെ എല്ലാ രാസവസ്തുക്കളും അപകടകരമല്ലെങ്കിലും, ലേബൽ പരിശോധിക്കുമ്പോൾ താഴേ പറയുന്ന ഘടകങ്ങൾ പ്രത്യേകം

ശ്രദ്ധിക്കണം:

  • മെർക്കുറിയും സ്റ്റിറോയിഡുകളും: അനധികൃത ഫെയർനെസ് ക്രീമുകളിൽ കാണപ്പെടുന്ന ഇവ ഗുരുതരമായ ചർമ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം.
  • ഹൈഡ്രോക്വിനോൺ: ഡോക്ടറുടെ നിർദേശമില്ലാതെ ഉപയോഗിക്കാൻ പാടില്ല.
  • പാരബെൻസ്: ഇവയ്ക്ക് ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനത്തെ അനുകരിക്കുന്ന സ്വഭാവം ഉണ്ടാകാം. അതിനാൽ, ഒരേസമയം പാരബെൻസ് അടങ്ങിയ നിരവധി കോസ്മെറ്റിക് ഉത്പന്നങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. പ്രത്യേകിച്ച് ഒരേദിവസം മോയ്സ്ചറൈസർ, ഫൗണ്ടേഷൻ, സൺസ്‌ക്രീൻ, ഡിയോഡറന്റ്, ബോഡി ലോഷൻ തുടങ്ങിയ ഒന്നിലധികം ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ ആകെ എക്സ്പോഷർ വർധിക്കാനിടയുണ്ട്
  • കോമഡോജെനിക് ഘടകങ്ങൾ: കട്ടിയുള്ളതും ചർമത്തിലെ സുഷിരങ്ങൾ അടയ്ക്കാൻ സാധ്യതയുള്ളതുമായ ലാനോളിൻ, പെട്രോളാറ്റം, ബ്യൂട്ടൈൽ സ്റ്റിയറേറ്റ് തുടങ്ങിയവ രോമകൂപങ്ങളുടെ സുഷിരങ്ങൾ അടച്ച് 'അക്നി കോസ്മെറ്റിക്ക' എന്ന മുഖക്കുരു ഉണ്ടാക്കാം.
  • ഓക്സിബെൻസോൺ: ചില സൺസ്‌ക്രീനുകളിൽ അടങ്ങിയിട്ടുള്ള കെമിക്കൽ യു.വി. ഫിൽട്ടറായ ഇത് ഹോർമോൺ സംവിധാനത്തെ ബാധിക്കാൻ സാധ്യതയുണ്ട്.
  • അക്രിലേറ്റുകളും അസോ ഡൈകളും: നഖവും ചുണ്ടുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്ന ഇവ അലർജിക്ക് കാരണമാകാം. ലേബൽ വ്യക്തമല്ലാത്ത ഉത്പന്നങ്ങൾ വാങ്ങരുത്.

കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ ഡെർമറ്റോളജി & വെനീറിയോളജി, ലെപ്രസി വിഭാഗം അസോസിയേറ്റ് കൺസൽട്ടന്റ് ആണ് ലേഖിക.

മാതൃഭൂമി ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്