നന്ദായ്വനം റോഡിന്റെ നവീകരണം നീളുന്നു
നഗരൂർ : നന്ദായ്വനം റോഡിൽ പൊളിയാൻ ഇനി ഒരിടവും ബാക്കിയില്ല. വെള്ളക്കെട്ടും ചെളിക്കുഴികളുമാണ് എല്ലായിടത്തും. വെള്ളക്കെട്ടില്ലാത്ത ഭാഗത്താകട്ടെ മെറ്റലെല്ലാം ഇളകി കടന്നുപോകാൻ പറ്റാത്ത സ്ഥിതി. റോഡ് നന്നാക്കാൻ ഫണ്ടുകളുണ്ടായിട്ടും അത് വിനിയോഗിക്കുന്നതിൽ വരുത്തുന്ന കാലതാമസമാണ് നന്ദായ്വനത്തുകാരുടെ ദുരിതത്തിനിടയാക്കുന്നത്.
നഗരൂർ-കല്ലമ്പലം റോഡിൽ പൊയ്കവിളയിൽ നിന്നാരംഭിച്ച് ചെമ്മരത്തുമുക്ക് കല്ലമ്പലം റോഡിൽ ശിവൻമുക്കിൽ അവസാനിക്കുന്നതാണ് നന്ദായ്വനം റോഡ്. ആകെ 2.9 കിലോമീറ്ററാണ് ദൈർഘ്യം. റോഡ് പൊളിഞ്ഞിട്ടും നന്നാക്കാൻ നടപടികളുണ്ടാകാത്തതിനെത്തുടർന്ന് 2023 സെപ്റ്റംബർ 22ന് നാട്ടുകാർ പ്രതിഷേധറാലി നടത്തി. പന്തൽകെട്ടി 23 ദിവസം സമരം നടത്തി. ഒടുവിൽ റോഡ് നന്നാക്കാൻ ഫണ്ട് അനുവദിക്കാൻ ഇടപെടുമെന്ന് ഒ.എസ്. അംബിക എം.എൽ.എ. നാട്ടുകാർക്ക് ഉറപ്പു നൽകിയതിനെത്തുടർന്നാണ് സമരം അവസാനിച്ചത്.
2024-’25 സംസ്ഥാനബജറ്റിൽ ഈ റോഡിനായി രണ്ടുകോടി രൂപ വകയിരുത്തുകയും ചെയ്തു. ഉദ്യോഗസ്ഥതലത്തിലെ കെടുകാര്യസ്ഥതയും വകുപ്പുകളുടെ ഏകോപനമില്ലായ്മയും നിമിത്തം ഇതുവരെ റോഡ് നന്നാക്കാൻ കഴിഞ്ഞിട്ടില്ല.
നഗരൂർ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലായിരുന്നു റോഡ്. ബജറ്റ് ഫണ്ട് വന്നപ്പോൾ റോഡ് പൊതുമരാമത്തുവകുപ്പിന് കൈമാറാൻ തീരുമാനമായി. റോഡിൽ ജൽജീവൻ മിഷനുവേണ്ടി പൈപ്പിടാൻ പഞ്ചായത്ത് അനുമതി നൽകിയിരുന്നു. പഞ്ചായത്തിൽ പൈപ്പിടാൻ വെട്ടിപ്പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിനാവശ്യമായ തുക ജല അതോറിറ്റി പഞ്ചായത്തിന് കൈമാറിയിട്ടുണ്ടായിരുന്നു.
പൈപ്പിടാൻ അനുമതി നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും തുടങ്ങിയില്ല. പൊതുമരാമത്തുവകുപ്പ് റോഡ് നവീകരണത്തിന് കരാർ ഉറപ്പിച്ച് പണികൾ ആരംഭിച്ചപ്പോൾ തടസ്സവാദവുമായി ജല അതോറിറ്റി രംഗത്തെത്തി. അതോടെ കരാറുകാരൻ പണി നിർത്തി.
പഞ്ചായത്ത് അധികൃതർ ജൽജീവൻ മിഷന്റെ പണി സംബന്ധിച്ച വിവരങ്ങൾ യഥാസമയം പൊതുമരാമത്തുവകുപ്പിന് കൈമാറാതിരുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
ജല അതോറിറ്റിയാകട്ടെ, ഒരാഴ്ചയ്ക്കുള്ളിൽ തീർക്കാൻ കഴിയുമായിരുന്ന പണികൾ നാലുവർഷമായിട്ടും പൂർത്തിയാക്കിയില്ല. റോഡിന്റെ ഒരു വശം മുഴുവൻ പൈപ്പിടാൻ വെട്ടിപ്പൊളിച്ചതിനാൽ അതുകൂടി നന്നാക്കാൻ കഴിയില്ലെന്ന കാരണത്താൽ കരാറുകാരൻ പിൻവാങ്ങി.
റോഡുപണി നടത്തണമെങ്കിൽ ജല അതോറിറ്റി കൈമാറിയിട്ടുള്ള തുകയിൽനിന്നു 76.5 ലക്ഷം രൂപകൂടി പഞ്ചായത്ത് കൈമാറണമെന്ന് പൊതുമരാമത്തുവകുപ്പ് ആവശ്യപ്പെട്ടു. പഞ്ചായത്തിന് ഫണ്ട് കൈമാറാൻ കഴിയാതെവന്നതോടെ റോഡുപണി അനിശ്ചിതത്വത്തിലായി.
എം.എൽ.എ. ഇടപെട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിന്റെ അടിസ്ഥാനത്തിൽ വെട്ടിപ്പൊളിച്ച റോഡ് പഞ്ചായത്ത് പൂർവസ്ഥിതിയിലാക്കി നൽകിയാൽ ബജറ്റ് ഫണ്ടുപയോഗിച്ച് പണി നടത്താമെന്ന് പൊതുമരാമത്തുവകുപ്പ് അറിയിച്ചു. തുടർന്ന് വെട്ടിപ്പൊളിച്ച ഭാഗം നന്നാക്കാൻ ഈ വർഷം മാർച്ചിൽ പഞ്ചായത്ത് തീരുമാനിച്ചു. എന്നാൽ, ഇതിന്റെ നടപടിക്രമങ്ങൾ നീണ്ടു. മഴക്കാലമെത്തിയതോടെ റോഡിൽ പണിചെയ്യാൻ കഴിയാത്ത സ്ഥിതിയായി.
വെട്ടിപ്പൊളിച്ച ഭാഗങ്ങൾ മാത്രം നന്നാക്കിയാൽ ഇതുവഴി യാത്രക്കാർക്ക് കടന്നുപോകാൻ കഴിയില്ല. റോഡ് പൂർണമായി നന്നാക്കണമെങ്കിൽ ഇനിയും കടമ്പകൾ പലതുണ്ട്. പഞ്ചായത്തുപണി പൂർത്തിയാക്കിയശേഷം പൊതുമരാമത്തുവകുപ്പിന് പണി റീടെൻഡർ ചെയ്യണം. കരാർ ഉറപ്പിച്ച് പണികളിലേക്ക് കടക്കണമെങ്കിൽ പിന്നെയും കാലതാമസമെടുക്കുമെന്നാണ് ഇപ്പോൾ അധികൃതർ നൽകുന്ന സൂചന.
മഴ മാറിയാലുടൻ പണി തുടങ്ങും
പൈപ്പിടാൻ വെട്ടിപ്പൊളിച്ച ഭാഗം പൂർവസ്ഥിതിയിലാക്കാനുള്ള പണിക്ക് 43 ലക്ഷം രൂപയുടെ കരാർ നൽകിയിട്ടുണ്ട്. മഴയാണ് പ്രധാനതടസ്സം. ഉടൻ പണി തുടങ്ങും. ഏതാനും ദിവസങ്ങൾക്കുള്ളിൽ പണികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരാറുകാരൻ അറിയിച്ചിട്ടുള്ളത്.
ബി. ജയചന്ദ്രൻ
പഞ്ചായത്ത് പ്രസിഡന്റ്
Published: 06 Nov 2026, 01:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented