പണി തുടങ്ങി വർഷങ്ങളായിട്ടും റോഡ് പൂർത്തിയായില്ല

To advertise here,

കാട്ടാക്കട : കാട്ടാക്കട നിയമസഭാ മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകളിലെ ജനങ്ങളുടെ വർഷങ്ങളുടെ കാത്തിരിപ്പിനും സമരങ്ങൾക്കും ശേഷം പണിതുടങ്ങിയ കിള്ളി പനയംകോട്-മണലി-മേച്ചിറ-ഇ.എം.എസ്. അക്കാദമി റോഡ് ഇനിയും പൂർത്തിയായില്ല.

കാട്ടാക്കട- തിരുവനന്തപുരം റോഡിൽ കിള്ളി പള്ളിമുക്കിൽനിന്നും തുടങ്ങി മണലി-മേച്ചിറ വഴി നൂറുകണക്കിനു കുടുംബങ്ങൾ പാർക്കുന്ന പ്രദേശത്തെ പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന ഏറെ പ്രാധാന്യമുള്ള റോഡാണിത്.

കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ ജില്ലയിൽ കിഫ്‌ബി ഫണ്ടിൽനിന്നും 6.58 കോടി ചെലവിൽ എഫ്‌.ഡി.ആർ. സാങ്കേതികവിദ്യയിൽ ആദ്യമായി തുടങ്ങിയ 5.5 കിലോമീറ്റർ വരുന്ന റോഡിന്റെ ജോലികളാണ് ഇനിയും ബാക്കിയുള്ളത്.

റോഡ് കടന്നുപോകുന്നതിനിടെയുള്ള ഏഴ് കലുങ്കുകളുടെയും, പാർശ്വഭിത്തികളുടെയും പണിയും ടാറിങ്ങുമാണ് നടക്കാനുള്ളത്. ഇവിടങ്ങളിൽ ചിലയിടത്ത് കലുങ്ക് പണി പൂർത്തിയായെങ്കിലും റോഡ് പൊളിഞ്ഞനിലയിലായതോടെ യാത്രക്കാരുടെ ദുരിതം ഏറുന്നു.

ഹൈദരാബാദ് കേന്ദ്രമായ സ്വകാര്യ കമ്പനിയാണ് 2020-ൽ കരാർ ഏറ്റെടുത്തത്. 2021-ൽ പണി ആരംഭിച്ചതുമുതൽ വിവാദങ്ങളും തുടങ്ങി. ആകെയുള്ള 5.5 കിലോമീറ്റർ റോഡിൽ ഒരുവർഷംകൊണ്ട് രണ്ടുകിലോമീറ്റർ മാത്രമാണ് ആദ്യം പൂർത്തിയാക്കിയത്. ഇതോടെ നാട്ടുകാർ ഇളകി. പ്രതിഷേധം കടുത്തതോടെ കമ്പനി വീണ്ടും ജോലികൾ തുടങ്ങി. ഇതും ഇടയ്ക്ക് മുടങ്ങിയപ്പോൾ വീണ്ടും സമരമായി. തുടർന്നാണ് കഴിഞ്ഞവർഷം റോഡിന്റെ കലുങ്കുകൾ ബാക്കിയിട്ട് റോഡ് ടാറിങ് നടത്തിയത്. സമയത്തിന് പണി പൂർത്തിയാക്കി ടാറിങ് നടത്താത്തതിനാൽ ഈ ഭാഗങ്ങളിൽ റോഡാകെ പൊളിഞ്ഞനിലയിലാണ്. മഴക്കാലത്ത് ഇതുവഴി വെള്ളം കുത്തിയൊലിക്കുന്നതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്ന് പ്രദേശത്തുകാർ പറയുന്നു. ഇതോടൊപ്പം റോഡിൽ അനുബന്ധമായി സ്ഥാപിക്കേണ്ട ദിശാസൂചകങ്ങൾ, മുന്നറിയിപ്പ് ബോർഡുകൾ, റിഫ്ളക്ടീവ്/ മൈൽ സ്റ്റോണുകൾ, ദൂരപരിധി കാണിക്കുന്ന കിലോമീറ്റർ സ്റ്റോണുകൾ, പ്രവൃത്തിവിവര ബോർഡുകൾ എന്നിവയൊന്നും പൂർത്തിയാക്കിയിട്ടില്ല.