തിരുവനന്തപുരം : തലസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്ന മൃഗശാല വനത്തിലേക്കു മാറ്റാനുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. 54 ഏക്കർ വിസ്തൃതിയിലുള്ള മ്യൂസിയത്തിൽ 35 ഏക്കറിലാണ് മൃഗശാല ഒരുക്കിയിട്ടുള്ളത്. 1859-ൽ സ്ഥാപിതമായ മൃഗശാലയിൽ നിലവിൽ 92 വർഗങ്ങളിലായി 997 മൃഗങ്ങളാണുള്ളത്. ഇതിൽ 28 വർഗങ്ങൾ സസ്തനികളാണ്. കഴിഞ്ഞ സാമ്പത്തികവർഷം മൃഗശാലയിലെ പ്രവേശനടിക്കറ്റിൽനിന്നുമാത്രം ലഭിച്ചത് അഞ്ചുകോടി രൂപയാണ്. ആവാസവ്യവസ്ഥയിലെ പ്രശ്‌നങ്ങളും മലിനീകരണവും ചൂണ്ടിക്കാട്ടി വർഷങ്ങൾക്കു മുൻപുതന്നെ മൃഗശാലയെ നഗരത്തിൽ നിന്നു മാറ്റാനുള്ള ചർച്ചകൾ നടന്നിരുന്നു. മൃഗശാലയെ വനാന്തരീക്ഷത്തിലേക്കു മാറ്റി അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തണമെന്ന മുഖ്യമന്ത്രിയുടെ പൊതുപരിപാടിയിലെ പരാമർശമാണ് ചർച്ചകളെ വീണ്ടും ചൂടുപിടിപ്പിച്ചത്.
സഫാരി മാതൃക സ്വാഗതം ചെയ്യുന്നു
വിശാലമായൊരു സഫാരി മാതൃകയിലാണ് മൃഗശാലയെ മാറ്റുന്നതെങ്കിൽ പദ്ധതിയെ സ്വാഗതം ചെയ്യുന്നു. നിലവിൽ സ്വാഭാവികമായി വളർന്ന പച്ചപ്പാണ് മൃഗശാലയിലുള്ളത്. മൃഗങ്ങൾ ഈ പരിതസ്ഥിതിയുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. ഇവിടെയുള്ള അതേ ചുറ്റളവിലുള്ള കാട്ടിലും മൃഗങ്ങൾക്ക് പ്രത്യേകിച്ച് മാറ്റം പ്രതീക്ഷിക്കുന്നില്ല. പുത്തൂർ മാതൃകയാണെങ്കിൽ കൂടുതൽ ഗുണം ചെയ്യും -
നികേഷ് കിരൺ,
വെറ്ററിനറി സർജൻ,
മൃഗശാല.
പച്ചപ്പ് നിലനിർത്തണം
കൊൽക്കത്ത, തിരുവനന്തപുരം മൃഗശാലകളാണ് ഇന്ത്യയിലെ പ്രകൃതിദത്തമായ മൃഗശാലകളായി ഒരുകാലത്ത് കണക്കാക്കിയിരുന്നത്. നഗരത്തിലെ മലിനീകരണവും പാരിസ്ഥിതിക പ്രശ്‌നങ്ങളും വർധിച്ചത് മൃഗങ്ങളുടെ എണ്ണത്തിലും കുറവുവന്നു. മൃഗശാലയെ നഗരാന്തരീക്ഷത്തിനു പുറത്തേക്കു കൊണ്ടുപോകുന്നതിൽ സന്തോഷമുണ്ട്. സർക്കാർ സ്ഥാപനങ്ങളോകെട്ടിടങ്ങളോ നിർമിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നതെങ്കിൽ അതിനോട് വിയോജിപ്പാണ്. നിലവിലെ പച്ചപ്പിനെ സംരക്ഷിത വനമാക്കി നിലനിർത്തണം. മരങ്ങൾക്കിടയിൽക്കൂടി നടപ്പാത നിർമിച്ചാൽ പ്രഭാതസവാരിക്കിറങ്ങുന്നവർക്ക് ഇരുന്ന് ശുദ്ധവായു ശ്വസിക്കാനാകും. 35 ഏക്കറിൽ നഗരത്തിനുള്ളിൽ ഒരു വനം തലസ്ഥാനത്തിന്റെ പരിസ്ഥിതിക്കും മുതൽക്കൂട്ടാകും.
അനിൽകുമാർ പണ്ഡാല
നഗരാസൂത്രണ വിദഗ്ധൻ
ചർച്ചകളുടെ തുടക്കം
:2012-ൽ കെ.ബി.ഗണേഷ്‌കുമാർ വനംമന്ത്രിയായിരുന്ന സമയത്ത് സമാനമായ ചർച്ചകളും നിർദേശങ്ങളും ഉയർന്നുവന്നിരുന്നു. മൃഗശാലയെ മറ്റൊരിടത്തേക്കു മാറ്റണമെന്ന നിർദേശം ആദ്യം അവതരിപ്പിക്കുന്നത് അന്നത്തെ സ്ഥലം എം.എൽ.എ. കെ.മുരളീധരനായിരുന്നു. മൃഗശാല മറ്റൊരിടത്തേക്കു മാറ്റുന്നതിൽ പ്രശ്നമില്ലെന്നും മൃഗങ്ങളുടെ മരണനിരക്ക് കുറയ്ക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അന്ന് നിർദേശങ്ങൾ സ്വീകരിച്ച വകുപ്പുമന്ത്രി പി.കെ.ജയലക്ഷ്മി വനംവകുപ്പിൽ നിന്ന് 250 ഏക്കർ സ്ഥലം ആവശ്യപ്പെട്ടിരുന്നു.
Published: 17 Sept 2026, 01:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented