തണ്ണീർത്തടങ്ങൾ നികത്തുന്നു
നടപടിയെടുക്കാതെ അധികൃതർ
പാറശ്ശാല : കാരോട്-മുക്കോല ബൈപ്പാസിനോടുചേർന്നുള്ള ഭൂമികൾ മണ്ണിട്ടു നികത്തിയിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. രാപകൽ വ്യത്യാസമില്ലാതെയാണു കുന്നുകളിടിച്ചുകൊണ്ടുവരുന്ന മണ്ണുപയോഗിച്ച് ബൈപ്പാസിനോടു ചേർന്നുള്ള ഭൂമി നികത്തുന്നത്. ഇതിനു പിന്നിൽ ഭൂമാഫിയാസംഘങ്ങളുടെ പിന്തുണയുമുള്ളതായി പ്രദേശവാസികൾ പറയുന്നു.അതിർത്തിപ്രദേശത്ത് ബൈപ്പാസ് കടന്നുപോകുന്ന പൊഴിയൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് നിയന്ത്രണങ്ങളില്ലാതെ തണ്ണീർത്തടങ്ങൾ നികത്തുന്നത്. വീടുനിർമാണത്തിനെന്നപേരിൽ മണ്ണുനീക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽനിന്നു നേടുന്ന അനുമതിയുടെ മറവിലാണ് മണ്ണെടുക്കുന്നത്. മാറ്റുന്ന മണ്ണ് അനുമതി നൽകിയയിടത്തുമാത്രമേ കൊണ്ടിടാൻ പാടുള്ളൂയെന്നാണ് നിയമമെങ്കിലും ഇതു പാലിക്കാറില്ല. മണ്ണുകൊണ്ടുപോകുമ്പോൾ പോലീസ് പരിശോധിച്ചാലും പാസുണ്ടെങ്കിൽ വാഹനം കടത്തിവിടും. എന്നാൽ, മണ്ണുകൊണ്ടിടുന്നത് എവിടെയെന്ന് ആരും പരിശോധിക്കാറില്ല. ഈ പരിശോധനയില്ലാത്തതാണു സംഘങ്ങളുടെ പിടിവള്ളി.പാറശ്ശാല, അയിര കേന്ദ്രീകരിച്ചുള്ള മണ്ണുമാഫിയാസംഘങ്ങളാണ് ബൈപ്പാസിനു സമീപം അനധികൃതമായി മണ്ണുകൊണ്ടിടുന്നത്. മണ്ണിടുന്നതോടെ ഏലായിൽനിന്നുള്ള വെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെടും. ഇതോടെ ഇവിടെ കൃഷിചെയ്യാൻ പറ്റാതാകുമെന്നാണ് കർഷകർ ചൂണ്ടിക്കാണിക്കുന്നത്. അനധികൃതമായി മണ്ണെത്തിക്കുന്നതുസംബന്ധിച്ച് പോലീസിൽ വിവരം നൽകിയാലും പൊഴിയൂരിൽനിന്ന് പോലീസ് എത്തുന്നതിനുമുൻപ് മണ്ണുമാഫിയ വാഹനങ്ങൾ സ്ഥലത്തുനിന്നു മാറ്റും.
സർവീസ് റോഡുകൾ ആരംഭിക്കുന്ന ഭാഗത്ത് പോലീസ് എത്തുന്നത് മനസ്സിലാക്കി വിവരം നൽകാൻ പ്രത്യേകം തൊഴിലാളികളെയും നിർത്തിയിട്ടുണ്ട്. ബൈപ്പാസിനോടുചേർന്നുള്ള കൃഷിയിടങ്ങളിൽ വൻതോതിൽ മണ്ണിട്ടുനികത്തുന്നത് അയിര, മുറിയത്തോട്ടം ഏലാകളെ നാശത്തിലേക്കു നയിക്കുമെന്ന ഭീതിയിലാണ് കർഷകർ. ഒരുവർഷംമുൻപ് മണ്ണുമാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പോലീസുകാരെ സ്ഥലംമാറ്റിയിരുന്നു. ഇതോടെ പിൻവലിഞ്ഞ മണ്ണ് മാഫിയയാണു വീണ്ടും സജീവമായത്. പൊഴിയൂർ പോലീസ് സ്‌റ്റേഷനിൽ എസ്.ഐ. ഇല്ലാത്ത സാഹചര്യം മുതലെടുത്താണ് മണ്ണുമാഫിയ വീണ്ടുമെത്തിയത്. കുളത്തൂർ, വിരാലി, മേഖലകൾ കേന്ദ്രീകരിച്ചും കുന്നിടിക്കൽ വീണ്ടും തുടങ്ങിയിട്ടുണ്ട്.
Published: 18 Sept 2026, 01:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented