തിരുവനന്തപുരം : സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പാളയം കണ്ണിമേറ മാർക്കറ്റ് നവീകരണം നീളുന്നു. ഇതിനായി പണിയുന്ന പുതിയ കെട്ടിടനിർമാണം മന്ദഗതിയിലാണ്. പുതിയ കരാർക്കമ്പനി നിർമാണം ഏറ്റെടുത്തശേഷം ഈ വർഷം അവസാനത്തോടെ പണി പൂർത്തിയാക്കുമെന്നായിരുന്നു സ്മാർട് സിറ്റി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ, നിർമാണവുമായി ബന്ധപ്പെട്ട് സാങ്കേതിക തടസ്സങ്ങൾമൂലം പണി നീണ്ടുപോകുകയാണ്.
മാർക്കറ്റിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കെട്ടിടം നിർമാണത്തിന് തടസ്സമാണെന്നും ഇത് പൊളിച്ചുമാറ്റിയാൽമാത്രമേ നിർമാണം സുഗമമായി നടത്താൻ സാധിക്കൂവെന്നും സ്മാർട് സിറ്റി അധികൃതർ അറിയിച്ചു.
നിർമാണം അടുത്ത വർഷം മാർച്ചോടെ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. 2023-ഓടെ പദ്ധതി പൂർത്തിയാക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇത് നീണ്ടുപോയി.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കരാർക്കമ്പനിയായ ആർ.ഡി.എസ്. പ്രോജക്‌ട്സ് ലിമിറ്റഡ് പദ്ധതിയിൽനിന്ന് പിന്മാറിയിരുന്നു. പഴയ ടെൻഡർ പ്രകാരം പദ്ധതി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ പിന്മാറിയത്. 2021-ലാണ് ഈ കമ്പനിയുമായി സ്മാർട് സിറ്റി കരാറുണ്ടാക്കിയത്.
പഴയ കരാർക്കമ്പനിയെ മാറ്റി പുതിയത് കണ്ടെത്തി ഈ വർഷം ജനുവരിയിലാണ് കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്.
പുനരധിവസിപ്പിക്കാനായി നിർമിച്ച താത്കാലിക കെട്ടിടത്തിലാണ് നിലവിൽ വ്യാപാരികൾ കച്ചവടം നടത്തുന്നത്. താത്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്നതിനെതിരേ വ്യാപാരികൾ പ്രതിഷേധിച്ചിരുന്നു.
താത്കാലികമായി നിർമിച്ച കെട്ടിടത്തിൽ മതിയായ സൗകര്യമില്ലെന്നും വായുസഞ്ചാരം ഇല്ലാത്ത കടമുറികളാണ് ഇവിടെയുള്ളതെന്നും പരാതി ഉയർന്നു. ഇത് പരിഹരിച്ചാണ് പുതിയ കെട്ടിടത്തിന്റെ രൂപകല്പനയെന്ന് സ്മാർട് സിറ്റി അധികൃതർ പറയുന്നു.
കച്ചവടക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കിയും മെച്ചപ്പെട്ടരീതിയിൽ വിപണനം നടത്താനും കഴിയുന്നതരത്തിൽ ഡി.പി.ആർ. പരിഷ്‌കരിച്ചു. മുൻപുള്ള കച്ചവടസ്ഥലത്തിന്റെ 10 മുതൽ 15 ശതമാനം വരെ വിസ്തൃതി വർധിപ്പിച്ചാണ് നിർമാണം.
118 കോടി രൂപയാണ് അടങ്കൽ. രണ്ട് നിലകളിലായി നിർമിക്കുന്ന കേന്ദ്രത്തിൽ താഴെ മീനും പച്ചക്കറിയും ഒന്നാംനിലയിൽ തുണി, പാത്രം, പലവ്യഞ്ജന വ്യാപാരവും നടത്താനാകുന്ന തരത്തിലാണ് നിർമാണം. രണ്ടാംനില കമ്യൂണിറ്റി ഹാളായി മാറ്റും. മാർക്കറ്റിലെത്തുന്ന ആളുകൾക്ക് പാർക്ക് ചെയ്യാനായി രണ്ടുനില ഭൂഗർഭ പാർക്കിങ്ങും ഒരുക്കും.
Published: 17 Sept 2026, 01:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented