പാലോട് : അഗ്നിരക്ഷാസേനയ്ക്കായി കോടികൾ മുടക്കി കെട്ടിടം നിർമിച്ചു. എന്നാൽ പ്രവർത്തനം ഇന്നേവരെ ആരംഭിച്ചിട്ടില്ല. നിലവിൽ കെട്ടിടം കാടുകയറി തെരുവുനായകളുടെ താവളമാണ് ഇപ്പോൾ.
ആറുവർഷം മുൻപാണ് പാലോട് പോലീസ് സ്റ്റേഷനു സമീപത്തായി അഗ്നിരക്ഷാസേനാ യൂണിറ്റിന് കെട്ടിടം പണിതത്. ഉടൻ ആരംഭിക്കുമെന്നു പ്രചരിപ്പിച്ച യൂണിറ്റ് ഇപ്പോഴും പ്രവർത്തിച്ചുതുടങ്ങിയിട്ടില്ല.
2015-ജൂൺ 20-നാണ് നിയമസഭയിൽ പദ്ധതി പ്രഖ്യാപനമുണ്ടായത്. പാലോട് ആശുപത്രിക്കും പോലീസ് സ്റ്റേഷനും ഇടയിലായി അരയേക്കർ സ്ഥലം റവന്യൂവകുപ്പ് വിട്ടുനൽകി.
സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടെങ്കിൽ മാത്രമേ അഗ്നിരക്ഷാസേനാ യൂണിറ്റ് തുടങ്ങാൻ കഴിയൂ എന്നായിരുന്നു വകുപ്പിന്റെ നിലപാട്.സംസ്ഥാനത്തെ ഏറ്റവും വലിയ പടക്കനിർമാണ മേഖലയാണ് നന്ദിയോട്.
ദേശീയ സസ്യോദ്യാനവും ദേശീയ എണ്ണപ്പന ഗവേഷണകേന്ദ്രവും സംസ്ഥാന വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും സംസ്ഥാന സ്‌കൗട്ട് പരിശീലനകേന്ദ്രവും വനംവകുപ്പിന്റെ അരിപ്പ ട്രെയിനിങ് സെന്ററും ഉൾപ്പെടുന്ന മേഖലയാണിവിടം.
വേനൽക്കാലത്ത് വനഭൂമി കത്തുന്നതും പതിവാണ്. മഴക്കാലത്ത് നദികളിൽ ജലനിരപ്പുയരുന്നതിനാൽ വാമനപുരം ആറിന്റെ തീരപ്രദേശത്ത് താമസിക്കുന്നവരും വിനോദസഞ്ചാരികളും അപകടത്തിൽപ്പെടുന്ന അവസ്ഥയുമുണ്ട്.
സമീപകാലത്ത് നന്ദിയോട്ടും പേരയത്തും പടക്കനിർമാണശാലയിൽ അപകടമുണ്ടായി തൊഴിലാളികൾ മരിച്ചപ്പോൾ വിതുരയിൽനിന്നാണ് അഗ്നിരക്ഷാസേനാസംഘം എത്തിയത്. മണിക്കൂറുകൾ കാത്തിരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. പാലോട് അഗ്നിരക്ഷാനിലയം ഉണ്ടെങ്കിൽ അപകടസാധ്യതയും കുറയ്ക്കാനാകും. ഡി.കെ.മുരളി എം.എൽ.എ. മുൻകൈയെടുത്താണ് സ്ഥലം ലഭ്യമാക്കിയത്.
അഗ്നിരക്ഷാനിലയം നിർമിക്കുന്നതിനുവേണ്ട പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ കൂടാതെ ട്രോപ്പോ ഗ്രാഫിക്കൽ സർവേ റിപ്പോർട്ട് എന്നിവ ലഭ്യമാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് അഗ്നിരക്ഷാസേനാവകുപ്പ് ആവശ്യപ്പെട്ടുവെങ്കിലും നാളിതുവരെ ലഭിച്ചിട്ടില്ല. ഇതിനാൽത്തന്നെ ധനകാര്യ കമ്മിഷന്റെ ഗ്രാന്റിൽ ഉൾപ്പെടുത്തി നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയില്ല. നിലവിൽ കെട്ടിടം കാടുകയറിയനിലയിലാണ്.
ഇവിടെ രണ്ട് മൊബൈൽ ടാങ്ക് യൂണിറ്റുകൾ, പാർക്കിങ് സ്ഥലം, ഗാരേജ്, ഓഫീസ്, വിശ്രമമുറി, രണ്ട് ടോയ്‌ലറ്റുകൾ, കുടിവെള്ളസംവിധാനം എന്നിവ പൂർത്തിയായിട്ടുണ്ട്.
എന്നാൽ ജീവനക്കാർക്കുള്ള സൗകര്യത്തിലും വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളും അപര്യാപ്തമാണെന്നാണ് വകുപ്പിന്റെ മറുപടി.
Published: 16 Sept 2026, 01:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented