മൈസൂരു : കഴിഞ്ഞദിവസം കൊട്ടാരവളപ്പിലെത്തിയ രണ്ടാം ബാച്ച് ദസറ ആനകളുടെ പരിശീലനം ആരംഭിച്ചു. രണ്ടാമതായി മൂന്ന് ആനകൾ എത്തിയതോടെ ആകെയുള്ള 12 ആനകളുടെ ഒരുമിച്ചുള്ള പരിശീലനമാണ് ചൊവ്വാഴ്ച ആരംഭിച്ചത്. രണ്ടാം ബാച്ചിലെ മൂന്ന് ആനകളുടേയും ഭാര പരിശോധന പൂർത്തിയായശേഷമാണ് പരിശീലനം ആരംഭിച്ചത്.

To advertise here,

രണ്ടാം ബാച്ചിലെ സുഗ്രീവ എന്ന കൊമ്പന് 5,850 കിലോ, ചൈത്രയ്ക്ക് 3,295 കിലോ, രൂപയ്ക്ക് 3,260 കിലോഗ്രാം എന്നിങ്ങനെയാണ് തൂക്കം. ശ്രീകണ്ഠ, ഏകലവ്യ, ധനഞ്ജയ, മഹേന്ദ്ര, പ്രശാന്ത, ഗോപി, ശ്രീരാമ, ലക്ഷ്മി, കാവേരി എന്നീ ഒൻപത് ആനകളുടെ ആദ്യ ബാച്ചിലാണ് ഇവർ പരിശീലനത്തിനായി ചേർന്നത്.

പരിശീലനത്തിന്റെ തുടക്കമെന്നോണം ഒൻപത് ആനകളെയും നഗര പ്രദക്ഷിണം നടത്തി.

ഘോഷയാത്രയുടെ പരിശീലനം കാണാൻ നഗരത്തിൽ പൊതുജനങ്ങളും വിനോദസഞ്ചാരികളും തടിച്ചുകൂടി.

ഇനിയുള്ള ദിവസം വെടിയൊച്ചകളെ പരിചയപ്പെടുത്തുന്ന പ്രധാന പരിശീലനം നടക്കും.

ആനകളെ നിരയായി നിർത്തി തുടർച്ചയായി വെടിപൊട്ടിച്ച് ഇതിന്റെ ശബ്ദം പരിചയപ്പെടുത്തുന്നതാണ് ഈ പരിശീലനം.