ദുബായ് : അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ 33-ാമത് പതിപ്പ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും സന്ദർശിച്ചു.

To advertise here,

ലോകത്തിലെ പ്രമുഖ വിനോദസഞ്ചാര ബോർഡുകൾ, വ്യോമയാന കമ്പനികൾ, ആഗോള ഹോസ്പിറ്റാലിറ്റി ബ്രാൻഡുകൾ, സാങ്കേതിക വികസന സ്ഥാപനങ്ങൾ എന്നിവ ദുബായിൽ ഒന്നിച്ചുചേർന്നതിനെ അദ്ദേഹം പ്രശംസിച്ചു. സന്ദർശനത്തിനിടെ കുവൈറ്റ് എയർവെയ്സ്, ബഹ്റൈൻ, ഖത്തർ എയർവെയ്സ്, ദുബായ് സാമ്പത്തിക ടൂറിസം വകുപ്പ്, ഇത്തിഹാദ് എയർവെയ്സ്, സ്പെയിൻ എന്നിവ ഉൾപ്പടെ ഒട്ടേറെ അന്താരാഷ്ട്ര പവിലിയനുകൾ അദ്ദേഹം നടന്നുകണ്ടു. 80-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഇത്തവണത്തെ മേളയിൽ പങ്കെടുക്കുന്നത്.

സന്ദർശനത്തിനുശേഷം എക്‌സ് പ്ലാറ്റ്ഫോമിലൂടെ സംസാരിക്കവേ, 2026-ലെ ആദ്യ എട്ടുമാസങ്ങളിൽ മാത്രം ദുബായ് 70 ലക്ഷം വിനോദസഞ്ചാരികളെ സ്വീകരിച്ചതായി ശൈഖ് മുഹമ്മദ് വെളിപ്പെടുത്തി.

ഈ കാലയളവിൽ ദുബായിലെ ഹോട്ടലുകളിൽ 2.1 കോടി മുറികളാണ് ബുക്ക് ചെയ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ആതിഥ്യമര്യാദ, വൈവിധ്യം, സാംസ്കാരിക സമ്പന്നത എന്നിവയാൽ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന ദുബായിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള വിനോദസഞ്ചാര മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ദുബായ് വഹിക്കുന്ന പങ്ക് ഈ നേട്ടങ്ങളിലൂടെ വീണ്ടും വ്യക്തമാകുന്നതായി ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.

ദുബായ് രണ്ടാം ഉപഭരണാധികാരി ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. പ്രമുഖസ്ഥാപനങ്ങളും വ്യവസായ വിദഗ്ധരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.