510 ആകാശച്ചാട്ടങ്ങൾ പൂർത്തിയാക്കി

To advertise here,

ദുബായ് : അടുക്കളയിലെ തീച്ചൂടിൽനിന്ന് ആകാശത്തിന്റെ അനന്തതയിലേക്ക്. സുരക്ഷിതമായ ഷെഫ് ജോലി ഉപേക്ഷിച്ച് തന്റെ സ്വപ്നത്തിന് പിന്നാലെ പറക്കുകയാണ് തൃശ്ശൂർ പെരുമ്പിലാവ് സ്വദേശി അജ്മൽ അബ്ദുറഹ്‌മാൻ. 29-കാരനായ ഇദ്ദേഹം ഇതിനകം പൂർത്തിയാക്കിയത് 510 സ്കൈ ഡൈവുകൾ. 13,000 അടി ഉയരത്തിൽനിന്ന് ആകാശച്ചാട്ടം നടത്തിയാണ് ഓരോ തവണയും പുതിയഅനുഭവങ്ങൾ സ്വന്തമാക്കുന്നത്. ഹൈദരാബാദിൽ ഷെഫായി ജോലിചെയ്യുന്നതിനിടെ 2020-ലാണ് ആദ്യമായി സ്കൈ ഡൈവ് ചെയ്തത്.

വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന ആഗ്രഹം സാക്ഷാത്കരിച്ച ആദ്യ ചാട്ടം ഭയത്തേക്കാൾ കൂടുതൽ ആവേശമാണ് സമ്മാനിച്ചത്. അന്ന് നിലംതൊടുന്നതിന് മുൻപുതന്നെ വീണ്ടും ആകാശത്തേക്ക് ചാടണമെന്ന തീരുമാനമെടുക്കുകയുംചെയ്തു. സ്കൈ ഡൈവിനെക്കുറിച്ച് കൂടുതൽ പഠിക്കാനും പരിശീലനംനേടാനും പിന്നീട് ദുബായിലെത്തി. ഈ സാഹസികതയുടെ സാങ്കേതികവശങ്ങളും പരിശീലനരീതികളും ആഴത്തിൽ മനസ്സിലാക്കിയതും ദുബായിൽ വെച്ചാണ്. തുടർന്ന് സ്കൈ ഡൈവിങ് ജീവിതത്തിന്റെ ഭാഗമായി. യു.എ.ഇ., തായ്‌ലാൻഡ്, ഇന്ത്യ എന്നിവിടങ്ങളിലായി 510 ചാട്ടങ്ങൾ പൂർത്തിയാക്കി. പലതവണ ഇൻസ്ട്രക്ടറുടെ സഹായമില്ലാതെ സ്വതന്ത്രമായി ഡൈവ് ചെയ്തു. സ്കൈ ഡൈവ് ഇൻസ്ട്രക്ടറാകണമെന്ന ആഗ്രഹവും ഇതിനിടെ ശക്തമായി.

ഷെഫ് ജോലി തുടർന്നുകൊണ്ടായിരുന്നു സ്കൈ ഡൈവിങ്ങിൽ പരിശീലനംനേടിയത്. പിന്നീട് സ്ഥിരമായ ജോലിയും സുരക്ഷിത വരുമാനവും ഉപേക്ഷിച്ച് ഇഷ്ടപ്പെട്ടമേഖലയിലേക്ക് പൂർണമായി മാറാൻ തീരുമാനിച്ചു. നിലവിൽ സ്കൈഡൈവ് ദുബായിലെ മാനിഫെസ്റ്റിങ് വിഭാഗത്തിലാണ് അജ്മൽ ജോലിചെയ്യുന്നത്. സ്കൈ ഡൈവിങ്ങിലെ ഡി-ലെവൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ വിവിധയോഗ്യതകൾ കഠിനാധ്വാനത്തിലൂടെ സ്വന്തമാക്കി. സ്കൈ ഡൈവ് കോച്ച്, ക്യാമറ ഫ്‌ളയർ, സോഷ്യൽ മീഡിയ ഹാൻഡ്‌ലർ, ഗ്രൗണ്ട് സ്റ്റാഫ് എന്നീ ചുമതലകളും നിർവഹിച്ചു.

വിനോദ സ്കൈ ഡൈവിങ് വിഭാഗത്തിൽ സഞ്ചാരികൾക്കൊപ്പം ചാടാനുള്ള ഇൻസ്ട്രക്ടർ ലൈസൻസ് നേടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ഇതിനായി ആവശ്യമായ പരിശീലനവും പരീക്ഷകളും തുടരുകയാണ്. ഓരോചാട്ടവും പുതിയ പഠനത്തിനുള്ള അവസരമാണെന്നാണ് അജ്മലിന്റെ അഭിപ്രായം.

ഭയവും വെല്ലുവിളികളും മറികടന്ന് പരിശീലനംതുടരുമ്പോൾ ആത്മവിശ്വാസവും കഴിവും വർധിച്ചു. വെറുമൊരു സാഹസിക വിനോദമെന്നതിലുപരി തനിക്ക് ഏറ്റവുംഇഷ്ടപ്പെട്ട കാര്യം ജീവിതത്തിന്റെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അജ്മൽ പറയുന്നു. സ്കൈ ഡൈവ് വിശേഷങ്ങളുമായി ഫ്ളയിങ് ഷെഫ് എന്ന പേരിൽ ഇൻസ്റ്റഗ്രാമിലും സജീവമാണ് ഇദ്ദേഹം. അബ്ദുൾറഹ്‌മാന്റെയും മാജിദയുടെയും മകനാണ്. അമീറ, ആരിഫ് എന്നിവരാണ് സഹോദരങ്ങൾ. ഹിബാ യാസ്മിനാണ് ഭാര്യ.