വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് ജങ്ഷൻ വികസനപദ്ധതിയുടെ ഭാഗമായ റോഡ് നിർമാണപ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി കെ.മുരളീധരൻ നിർവഹിച്ചു. മരുതംകുഴി-കാഞ്ഞിരംപാറ റോഡരികിലെ ഓടയുടെ നിർമാണത്തിനാണ് തിങ്കളാഴ്ച തുടക്കംകുറിച്ചത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വിഭാവനംചെയ്ത വട്ടിയൂർക്കാവ് ജങ്ഷൻ വികസനപദ്ധതിയുടെ ഭാഗമായി റോഡുകൾ 20 മീറ്റർ വീതിക്കൂട്ടാനാണ് തീരുമാനിച്ചതെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു.
എന്നാൽ പിന്നീടുവന്ന സർക്കാർ അത് 18 മീറ്ററാക്കി ചുരുക്കി. വ'ീണ്ടും 20 മീറ്ററാക്കാൻ ശ്രമിച്ചാൽ കാലതാമസം നേരിടും. കലാതാമസമില്ലാതെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
ശാസ്തംഗലം-മണ്ണറക്കോണം, തോപ്പുമുക്ക്-വട്ടിയൂർക്കാവ്, മണ്ണറക്കോണം-പേരൂർക്കട, മണ്ണറക്കോണം-വഴയില തുടങ്ങിയ റോഡുകളുടെ നവീകരണോദ്ഘാടനമാണ് നടന്നത്.
രണ്ട് റീച്ചുകളിലെ സ്ഥലമേറ്റെടുപ്പ് നേരത്തേ പൂർത്തീകരിച്ചിരുന്നു. ഇനി മണ്ണറക്കോണം-വഴയില റോഡിലെ സ്ഥലമേറ്റെടുപ്പാണ് ബാക്കിയുള്ളത്.
റോഡുകൾ നവീകരിക്കുന്നതോടെ വട്ടിയൂർക്കാവ്, മണ്ണറക്കോണം, തോപ്പുമുക്ക് തുടങ്ങിയ ജങ്ഷനുകളും വീതികൂടും. ഗതാഗതക്കുരുക്കിനും പരിഹാരമാകും.
ഏഴുമുതൽ 10 മീറ്റർ വരെമാത്രം വീതിയുള്ള റോഡുകൾ 18.5 മീറ്റർ വീതിയിൽ ഉന്നത നിലവാരത്തിലാണ് നവീകരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് റോഡുനിർമാണകരാർ ഏറ്റെടുത്തത്.
റോഡിന്റെ ഇരുവശവും ഓട, ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തി, കലുങ്ക് എന്നിവയുടെ നിർമാണവും ജല അതോറിറ്റി, കെ.എസ്.ഇ.ബി. എന്നിവയുടെ കണക്ഷൻ മാറ്റിസ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് നടപ്പാക്കുന്നത്.
73.61 കോടി രൂപയാണ് നീക്കിവച്ചത്. ഇതിൽ കെ.എസ്.ഇ.ബി.യുടെ ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് 6.46 കോടി രൂപയും ജല അതോറിറ്റിയുടെ പ്രവർത്തികൾക്ക് 6.93 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
കൗൺസിലർമാരായ സുമിബാലു, നന്ദഭാർഗവ്, കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ എക്സിക്യുട്ടീവ് എൻജിനിയർ വിമൽ പി.എസ്., അസി. എക്സിക്യുട്ടീവ് എൻജിനിയർ ബിനു യു., അസി. എൻജിനിയർ ഐശ്വര്യ വി., ഊരാളുങ്കൽ അധികൃതരും ചടങ്ങിൽ പങ്കെടുത്തു.
പദ്ധതി ഇങ്ങനെ...
: ജങ്ഷനിൽ സർക്കാർ ഏറ്റെടുത്ത സ്ഥലത്ത് ബഹുനില വാണിജ്യക്കെട്ടിടനിർമാണവും വ്യാപാരികളുടെ പുനരധിവാസവും ഒരുക്കും. ഏറ്റെടുത്ത സ്ഥലത്ത്, കടകൾ ആവശ്യപ്പെട്ട 58 വ്യാപാരികളുടെ പുനരധിവാസത്തിനുള്ള കെട്ടിടനിർമാണം ട്രിഡയുടെ നേതൃത്വത്തിൽ തുടങ്ങിയിട്ടുണ്ട്. വ്യാപാരികളുടെ പുനരധിവാസ സ്ഥലമേറ്റെടുക്കാൻമാത്രം 89 കോടി ചെലവഴിച്ചു. ഇതിനായി മൂന്ന് ഏക്കറോളം ഭൂമി ഏറ്റെടുത്തു. ബസ് ടെർമിനൽ, വിനോദത്തിനായി പാർക്ക്, പൊതുയോഗങ്ങൾ നടത്താനുള്ള സ്ഥലം, മിനി തിയേറ്റർ, റോഡിനിരുവശവും നടപ്പാതകൾ, നാലുവരിയായി വീതികൂട്ടുന്ന റോഡിലെ മീഡിയനിൽ തെരുവുവിളക്കുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഗ്നിരക്ഷാനിലയംകൂടി വേണമെന്ന് വിവിധ സംഘടനകളുടെ ആവശ്യവുമുണ്ട്.
ശാസ്തമംഗലം-മണ്ണറക്കോണം, പേരൂർക്കട-മണ്ണറക്കോണം, വഴയില-മണ്ണറക്കോണം തുടങ്ങിയ മൂന്ന് റീച്ചുകളിലെ റോഡുകൾ വികസിപ്പിക്കുന്നതിനും ഇതിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനും ചേർത്തുള്ള സമഗ്രപദ്ധതിയാണിത്. റോഡുകൾ നവീകരിക്കുന്നതോടെ മണ്ണറക്കോണം-തോപ്പുമുക്ക് റോഡിന്റെയും വീതി കൂടും. ഇവിടത്തെ സ്ഥലമേറ്റെടുപ്പും പൂർത്തീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 199 കോടിയാണ് കണക്കാക്കിയത്. ഒടുവിൽ 823 കോടി രൂപയായി പദ്ധതി വിപുലീകരിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനും റോഡുനിർമാണത്തിനുമായി 735 കോടിയും രണ്ട് കോടിയിലധികം രൂപ പുനരധിവാസത്തിനായും വകയിരുത്തി. ജങ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനം പൊതുമരാമത്ത് വകുപ്പും ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം തദ്ദേശസ്വയംഭരണവകുപ്പിന്റെ പദ്ധതിയുമാണ്.
Published: 15 Sept 2026, 01:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented