കൊയ്ത്ത് 21-ന് കൃഷിമന്ത്രി ഉദ്ഘാടനം ചെയ്യും
പാറശ്ശാല : കുളത്തൂരിന്റെ നെല്ലറയായിരുന്ന നെല്ലിക്കോണം ഏലാ രണ്ട് പതിറ്റാണ്ടിനുശേഷം വീണ്ടും കൊയ്ത്തുത്സവത്തിനൊരുങ്ങുന്നു. 21-ന് മന്ത്രി ടി.സിദ്ദിഖ് നെല്ലിക്കോണം ഏലായിലെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യും.
പാഴ്‌ച്ചെടികൾ വളർന്ന് ചതുപ്പായിമാറിയ നെല്ലിക്കോണം ഏലായുടെ വീണ്ടെടുക്കലിലേക്ക് നയിച്ചത് ‘മാതൃഭൂമി’ വാർത്തകളാണ്.കാടുമൂടി പാഴ്‌ച്ചെടികൾ വളർന്ന് വനമായി മാറിയ നെല്ലിക്കോണം ഏലായാണ് കതിരണിഞ്ഞ് കൊയ്ത്തിനായി കാത്തുനിൽക്കുന്നത്.
രണ്ട് പതിറ്റാണ്ടിനുമുൻപ് നൂറുമേനി വിളഞ്ഞ നെല്ലിക്കോണം ഏലായിലെ നിറവ് വീണ്ടും കാണാൻകഴിഞ്ഞ സന്തോഷത്തിലാണ് പ്രദേശത്തെ കർഷകസമൂഹം. ഒരുവർഷം മുൻപ് നെല്ലിക്കോണം ഏലായുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച വാർത്ത കൃഷിയെ ഹൃദയത്തോടു ചേർത്തുനിർത്തിയവരെ വീണ്ടും സജീവമാക്കി.
ഒത്തൊരുമയുടെ വിജയം
ഇവർക്ക് പിന്തുണയുമായി ഒരുവിഭാഗം കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കൈകോർത്തതോടെയാണ് നെല്ലിക്കോണത്ത് വീണ്ടും നെൽച്ചെടികൾ കിളിർത്തത്.
കഴിഞ്ഞ ഫെബ്രുവരിയിൽ കർഷകരും ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം നെല്ലിക്കോണത്ത് സംഘടിച്ച് നെല്ലിക്കോണം ഏലായെ കൃഷിയോഗ്യമാക്കി വീണ്ടും കൃഷിയിറക്കുവാൻ തീരുമാനിക്കുകയായിരുന്നു.
മാർച്ചിൽ ഒറ്റക്കെട്ടായി ഏലായിലെ പാഴ്‌ച്ചെടികളും മരങ്ങളും മുറിച്ചുമാറ്റി കൃഷിഭൂമി വീണ്ടെടുത്തു. തുടർന്ന് പത്താം ഉദയത്തിനു പാടശേഖരസമിതി സെക്രട്ടറി കേശവൻ നായർ കർഷകനായ വിഷ്വക്‌സേനൻ നായർക്ക് നെല്ലിക്കോണം പാടത്ത് വിതയ്ക്കാനുള്ള വിത്ത് കൈമാറുകയും ഞാറ്റടിക്കായി തയ്യാറാക്കിയ ഭൂമിയിൽ വിത്തുവിതയ്ക്കുകയും ചെയ്തു.
‘ജ്യോതിക’ എന്ന ഇനം നെല്ലുവിത്താണ് കൃഷിക്കായി ഉദ്യോഗസ്ഥർ തിരഞ്ഞെടുത്തത്. ആദ്യം, പത്ത് കർഷകർ ഇരുപത് ഏക്കറിൽ കൃഷി ചെയ്യാനായി മുന്നോട്ടുവന്നു. നെല്ലിക്കോണത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കിയാണ് വിത്തുവിതച്ചത്. നടീൽ ഉത്സവവും കർഷകർ നടത്തി.
നടീൽ ഉത്സവം കാണാനെത്തിയ കുടുംബശ്രീ പ്രവർത്തകരും, സ്‌കൂൾ വിദ്യാർഥികളും കർഷകരുടെ ആവേശത്തിൽ അണിചേർന്ന് പത്ത് ഏക്കറിൽക്കൂടി നെൽക്കൃഷി ആരംഭിച്ചു. ഇങ്ങനെയാണ് നെല്ലിക്കോണം ഏലാ പുതിയ ചരിത്രം രചിച്ചത്.
മുന്നേറാൻ ഇവർ
നെല്ലിക്കോണത്തെ വീണ്ടെടുക്കാനുള്ള കർഷകരുടെ ശ്രമത്തിൽ പിന്തുണയുമായി ‘മാതൃഭൂമി’യും ഇവർക്കൊപ്പം ഉണ്ടായിരുന്നു. പാഴ്‌നിലമായി മാറിയ അൻപത് ഏക്കറിൽ മുപ്പത് ഏക്കറോളം ഭൂമി കതിരണിഞ്ഞു.
രണ്ടാം വിളയായി 50 ഏക്കറിലും നെല്ല് വിളയിക്കുമെന്ന നിശ്ചയത്തിലാണ് നെല്ലിക്കോണത്തെ കർഷകസമൂഹവും കുളത്തൂർ കൃഷിഭവൻ ജീവനക്കാരും പഞ്ചായത്ത് അധികൃതരും. 21-ന് മന്ത്രി ടി.സിദ്ദിഖ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യും.
Published: 15 Sept 2026, 01:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented